കൊച്ചി: കാലവര്‍ഷം നന്നായി ലഭിച്ചില്ലെങ്കില്‍ നമ്മുടെ കാര്യം കട്ടപ്പൊകയാണെന്നു വൈദ്യുതി മന്ത്രി എം.എം. മണി. മഴ ലഭിക്കാന്‍ എല്ലാവരും ദൈവത്തോട് പ്രാര്‍ത്ഥിക്കണം. മഴ കുറഞ്ഞതിനാല്‍ ഗുരുതര പ്രതിസന്ധിയാണു മുന്നിലെന്നും അതൊഴിവാക്കാന്‍ പ്രാര്‍ത്ഥിക്കണമെന്നുമാണ് മുതിര്‍ന്ന സിപിഎം നേതാവ് കൂടിയായ എം.എം. മണിയുടെ പ്രസംഗം. നിരീശ്വരവാദിയായതിനാല്‍ ഞാന്‍ പ്രാര്‍ത്ഥിക്കില്ല. പക്ഷേ നിങ്ങള്‍ എല്ലാവരും ഒത്തൊരുമിച്ച് പ്രാര്‍ത്ഥിക്കണം. മഴ പെയ്തില്ലെങ്കില്‍ ഞങ്ങള്‍ ആപത്തിലാണെന്ന് പറഞ്ഞ് പ്രാര്‍ത്ഥിക്കണം. ഇല്ലെങ്കില്‍ കട്ടപ്പൊകയാണ്. സര്‍വമത പ്രാര്‍ത്ഥനയായായാലും കുഴപ്പമില്ലെന്നാണ് മന്ത്രി മണിയുടെ പരാമര്‍ശം. മുന്‍പും പല വിവാദ പ്രസംഗങ്ങളിലും കുടുങ്ങിയിട്ടുള്ള നേതാവാണ് എം.എം. മണി.
മഴ ലഭ്യതയിലെ കുറവ് മൂലം വൈദ്യുതി നിയന്ത്രണം അനിവാര്യമാകുമെന്ന ആശങ്കയ്‌ക്കിടയിലാണ് വൈദ്യുതി മന്ത്രി മണിയുടെ പ്രസ്താവന. അതേസമയം, സ്ഥിതി ഗതികള്‍ വിലയിരുത്താന്‍ ഓഗസ്റ്റ് ഒന്നിന് കെഎസ്ഇബി യോഗം ചേര്‍ന്നുണ്ട്. എറണാകുളം ജില്ലയിലെ പാലക്കുഴ പഞ്ചായത്തില്‍ വിതരണ പദ്ധതികള്‍ ഉദ്ഘാടനം ചെയ്യവെയായിരുന്നു പരാമര്‍ശം. അണക്കെട്ടുകളിലെ ജനനിരപ്പടക്കം വിലയിരുത്തി തുടര്‍ നടപടികള്‍ സ്വീകരിക്കും. കനത്ത മഴ ലഭിച്ചില്ലെങ്കില്‍ വൈദ്യുതി നിയന്ത്രണമാണു മുന്നിലുള്ള പോംവഴി. നേരത്തേ ഇത്തരമൊരു നിലപാടിലേക്ക് എത്തിയിരുന്നെങ്കിലും മഴ ശക്തമാകുമെന്ന കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ പ്രവചനത്തിന് പിന്നാലെ നിയന്ത്രണം വേണ്ടെന്ന് കെഎസ്ഇബി തീരുമാനിക്കുകയായിരുന്നു. പുതിയ സാഹചര്യം വിലയിരുത്തിയായിരിക്കും ഇതിലെ തുടര്‍ നടപടി.
















