തിരുവനന്തപുരം: കേരള യൂണിവേഴ്സിറ്റി കോളേജിലെ വിദ്യാര്‍ത്ഥികള്‍ വലിയ വെല്ലുവിളി നേരിടുമ്പോള്‍ യുവജന കമ്മീഷന്‍ ചെയര്‍മാന്‍ വേട്ടക്കാര്‍ക്കൊപ്പം നില്‍കുകയാണെന്ന് എ.ബി.വി.പി സംസ്ഥാന സെക്രട്ടറി വി. മനു പ്രസാദ്. ചിന്ത ജെറോം ഒരു നനഞ്ഞ പടക്കംപോലെ ഉപയോഗമില്ലാതായിരിക്കുന്നു. യാതൊരുവിധ ഗുണവുമില്ലാത്ത യുവജന കമ്മിഷന്‍ പിരിച്ച് വിടണമെന്നും അദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ ആവശ്യപ്പെട്ടു.
വി. മനു പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
കേരള യൂണിവേഴ്സിറ്റി കോളേജിലെ പ്രശ്നങ്ങൾ ഇന്ന് കൂടുതൽ രൂക്ഷമാവുകയാണ്.വിദ്യാർത്ഥി വിരുദ്ധതയുടെയും ജനാധിപത്യ ധ്വംസനങ്ങളുടെയും മാത്രമല്ല. പരീക്ഷ ക്രമക്കേടുകളും അഴിമതിയുടെയും കെടുകാര്യസ്തതയുടെയുമൊക്കെ കേന്ദ്രമാണത്.
സാധാരണക്കാരിൽ സാധരണക്കാരായ നിർദ്ധന വിദ്യാർത്ഥികൾ ഗതികേടു കൊണ്ടുമാത്രം പഠിക്കാൻ വിധിക്കപ്പെടുന്ന കലാലയമായി നമ്മുടെ കലാലയ മുത്തശി മാറുന്നു. പൂർവ്വകാല സ്മരണകളിൽ അത്യുന്നത സ്ഥാനം അലങ്കരിച്ചിരുന്ന കലാലയത്തെ വർത്തമാനകാലത്ത് കുഴിവെട്ടി മൂടാൻ ഫാസിസ്റ്റുകൾ തയ്യാറെടുക്കുന്നു. ഒരുതലമുറയെ വഴി തെറ്റിച്ച് തങ്ങളുടെ ഇച്ഛക്കനുസരിച്ച് ആടി കളിക്കുന്ന രാഷ്‌ട്രീയ അടിമകളാക്കി മാറ്റാൻ ഫാസിസ്റ്റ് ശക്തികൾ കലാലയത്തെ
ഉപയോഗിക്കുന്നു.സർഗാത്മകതയുടെ സംഗീതം ഉണ്ടാകേണ്ട കലാലയത്തിൽ ഇടിമുറികളും അനാശാസ്യ കേന്ദ്രങ്ങളും ഉണ്ടാക്കുന്നു.ഫാസിസ്റ്റുകൾ ഇങ്ങനെ തന്നെയാണ് എക്കാലവും.
കേരളത്തിലെ വിദ്യാർത്ഥികളും യുവജനങ്ങളും വെല്ലുവിളികൾ നേരിടുംബോൾ അവർക്ക് വേണ്ടി പ്രവർത്തിക്കേണ്ട യുവജന കമ്മിഷൻ വേട്ടക്കാർക്കൊപ്പം നിൽകുകയാണ്. ചിന്ത ജെറോം ഒരു നനഞ്ഞ പടക്കംപോലെ ഉപയോഗമില്ലാതായിരിക്കുന്നു. യാതൊരുവിധ ഗുണവുമില്ലാത്ത യുവജന കമ്മിഷൻ പിരിച്ച് വിടണം. സ്റ്റുഡന്റ് സെന്റർ വിദ്യാർത്ഥികൾക്കായി തുറന്ന് കൊടുക്കണം.യുണിവേഴ്സിറ്റി കോളേജ് അഴിമതി ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണം.
















