തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിശ്വാസികള്‍ക്കെതിരേ നിലപാട് സ്വീകരിച്ച പിണറായി സര്‍ക്കാരിന്റെ വാശിയും വിരോധവും അവസാനിക്കുന്നില്ല. എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച നാമജപ ഘോഷത്രയില്‍ പങ്കെടുത്ത അധ്യാപികയെ മുഖ്യമന്ത്രി പിണറായി വിജയനെതിരേ മുദ്രാവാക്യം വിളിച്ചെന്ന കള്ളപ്പരാതിയില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതിനെതിരേ കേരള അഡ്മിനിട്രേറ്റീവ് ട്രൈബ്യൂണലില്‍ നിന്ന് അധ്യാപിക അനുകൂല വിധി നേടി ജോലിയില്‍ തിരികെ പ്രവേശിപ്പിച്ചു. എന്നിട്ടും വാശി തീരാതെ മൂന്നു മാസത്തിനു ശേഷം അധ്യാപിക നേടിയ വിധിക്കെതിരേ അപ്പീല്‍ പോകുകയാണ് വിദ്യാഭ്യാസ വകുപ്പ്.
കോട്ടയം വള്ളിക്കോട് മായാലില്‍ ഗവ. എല്‍പിഎസ് അധ്യാപിക പി.കെ. ഗായത്രീ ദേവിയെ ആണ് നാമജപ ഘോഷയാത്രയില്‍ പങ്കെടുത്തതിന്റെ പേരില്‍ പിണറായി സര്‍ക്കാര്‍ വേട്ടയാടുന്നത്. ജനുവരി മൂന്നിന് കോട്ടയം മാളിപ്പുറം ഭഗവതി ക്ഷേത്രപരിസരത്ത് എന്‍എസ്എസ് കരയോഗം സംഘടിപ്പിച്ച നാമജപഘോഷയാത്രയില്‍ അധ്യാപിക പങ്കെടുത്തത്. എന്നാല്‍ പിണറായിക്കെതിരേ മുദ്രാവാക്യം മുഴക്കിയെന്ന് ആരോപിച്ചാണ് ഫെബ്രുവരി 16 നു അധ്യാപികയെ സസ്‌പെന്‍ഡ് ചെയ്തത്. വ്യാജപ്പേരില്‍ ആരോ നല്‍കിയ പരാതിക്കെതിരേ ഗായത്രി ദേവി കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിച്ചു. ട്രിബ്യൂണല്‍ വിധി അനുസരിച്ച് സസ്‌പെന്‍ഷന്‍ റദ്ദാക്കി മാര്‍ച്ച് 29 ന് ഗായത്രീ ദേവി തിരികെ അതേ സ്‌കൂളില്‍ തന്നെ സര്‍വീസില്‍ പ്രവേശിച്ചു. 5 വര്‍ഷമായി സിപിഎം സംഘടനയായ കെഎസ്ടിഎയുടെ സജീവ പ്രവര്‍ത്തകയായിരുന്നു ഗായത്രി. എന്നാല്‍ കള്ളപരാതിയില്‍ അധ്യാപികയ്‌ക്കെതിരേ നടപടി വന്നതോടെ സംഘടന കൈവിട്ടു. ഇപ്പോള്‍ തെരഞ്ഞെടുപ്പിനു ശേഷം വീണ്ടും അധ്യാപകയ്‌ക്ക് അനുകൂലമായി വിധിക്കെതിരേ അപ്പീല്‍ പോകുകയാണ് വിദ്യാഭ്യാസ വകുപ്പ്. വിധി വന്നു മൂന്നു മാസത്തിനു ശേഷമാണ് സര്‍ക്കാരിന്റെ പകപ്പോക്കല്‍. നാമജപഘോഷയാത്രയില്‍ പങ്കെടുത്തെന്നു ഗായത്രി സമ്മതിക്കുന്നുണ്ട്. എന്നാല്‍, സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരേ മുദ്രാവാക്യം തുടങ്ങിയതോടെ പിന്മാറി. 2004 ല്‍ താന്‍ സര്‍വീസില്‍ കയറിയപ്പോള്‍ മുതല്‍ കെഎസ്ടിഎയില്‍ സജീവ അംഗമാണ്. കുടുംബപരമായി ഒരു രാഷ്‌ട്രീയ പാര്‍ട്ടിയോടും കൂറില്ല. കുടുംബത്തില്‍ ഓരോരുത്തരും അവരവര്‍ക്ക് ഇഷ്ടമുള്ള പാര്‍ട്ടിയില്‍ വിശ്വസിക്കുന്നു. താന്‍ പാര്‍ട്ടി നോക്കിയല്ല, സംഘടനയില്‍ ചേര്‍ന്നതെന്നും ഗായത്രി പറഞ്ഞു. തനിക്കെതിരേ പരാതി നല്‍കിയ ആളുടെ വിലാസം വ്യാജമാണെന്നും ഗായത്രി പറഞ്ഞു.
















