തൃശൂര്‍: ജനസംഖ്യാനുപാതത്തില്‍ കേരളത്തില്‍ ഹൈന്ദവര്‍ കുറഞ്ഞു വരികയാണെന്നും പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരായി ഹിന്ദു സമൂഹം മാറുകയാണെന്നും മുന്‍ ഡിജിപി ടി.പി. സെന്‍കുമാര്‍. ബാലഗോകുലം 44-ാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
2017ലെ കണക്കനുസരിച്ച് വീണ്ടും കുറഞ്ഞിരിക്കുകയാണ് ഹിന്ദുക്കള്‍. ഈ നിലയില്‍ പോയാല്‍ ബാലഗോകുലമടക്കമുള്ള പരിപാടികള്‍ക്ക് മഹാരാഷ്‌ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളില്‍ നിന്ന് ഹിന്ദുക്കളെ കൊണ്ടുവരേണ്ടി വരും. ഹൈന്ദവരുടെ ഓര്‍മ്മയിലേക്കായാണ് ഇക്കാര്യം ഇപ്പോള്‍ പറയുന്നത്. ഹിന്ദുക്കള്‍ കുറയുകയാണെന്ന് നേരത്തെ പ്രസ്താവിച്ചപ്പോള്‍ തനിക്കെതിരെ കേസെടുത്തു. വീണ്ടും എടുക്കുമോയെന്നറിയില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഹൈന്ദവ സമൂഹത്തെ മറ്റു മതസ്ഥര്‍ ആക്രമിക്കുകയാണിപ്പോള്‍. ഹിന്ദുക്കള്‍ സ്വയം കരുത്ത് നേടുകയാണ് വേണ്ടത്. അതിന് തയാറായി ഹിന്ദുക്കള്‍ ഭീരുത്വം വെടിയണം. ഭയരഹിതരായി മറ്റു മതസ്ഥരോട് സംസാരിക്കാന്‍ ശ്രമിക്കണം. സനാതന ധര്‍മ്മസംസ്ഥാപനത്തിനായി ബാലഗോകുലം പ്രവര്‍ത്തിക്കണം. നമ്മുടെ ബുദ്ധിജീവി കവികള്‍ക്ക് കവിത്വമല്ല, കപിത്വമാണുള്ളത്. കുട്ടികളിലെ ഭയം മാറ്റാനാണ് ശ്രീകൃഷ്ണന്‍ ശ്രമിച്ചതെന്നും ഏഴു വയസ്സുള്ള രാധയുടെയും 17 വയസ്സുള്ള കൃഷ്ണന്റെയും ബന്ധം മറ്റു രീതിയിലാണ് കവികള്‍ വ്യാഖ്യാനിച്ചതെന്നും ടി.പി. സെന്‍കുമാര്‍ പറഞ്ഞു.
കെ.പി. ബാബുരാജ് അധ്യക്ഷനായി. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുരേന്ദ്രന്‍, കല്യാണ്‍ സില്‍ക്‌സ് മാനേജിങ് ഡയറക്ടര്‍ ടി.എസ്. പട്ടാഭിരാമന്‍ എന്നിവര്‍ വിശിഷ്ടാതിഥികളായി. സി.കെ. സുരേഷ്, പി.കെ. വിജയരാഘവന്‍, അമൃത ടിവി ശ്രേഷ്ഠ ഭാരതം ജേതാക്കള്‍ കെ. രാഹുല്‍, ഇ.എം. ആദിദേവ് എന്നിവര്‍ പ്രസംഗിച്ചു. ജനം ടിവി മാനേജിങ് ഡയറക്ടര്‍ പി. വിശ്വരൂപന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. സുധാകരന്‍, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ കെ.കെ. നായര്‍ എന്നിവരെ ആദരിച്ചു.
സമ്മേളനത്തിന് മുന്‍പ് ചിന്മയ മിഷനിലെ സ്വാമി അദ്ധ്യാത്മാനന്ദ സരസ്വതിയുടെ പ്രഭാഷണവുമുണ്ടായിരുന്നു. പ്രൊഫ.സി.എന്‍. പുരുഷോത്തമന്‍ അധ്യക്ഷനായി. വി.ജെ. രാജ്‌മോഹന്‍ പ്രസംഗിച്ചു. പ്രതിനിധി സഭയില്‍ ഡി. നാരായണശര്‍മ്മ അധ്യക്ഷനായി. കെ. മോഹന്‍ദാസ്, ആര്‍. പ്രസന്നകുമാര്‍, എ. മുരളീകൃഷ്ണന്‍, ജെ. രാജേന്ദ്രന്‍, എം. സത്യന്‍, കെ.എന്‍. അശോകന്‍ എന്നിവര്‍ പങ്കെടുത്തു.
















