തിരുവനന്തപുരം: ചിലങ്ക കെട്ടിയാടി നൃത്തവേദികളെ ത്രസിപ്പിച്ച, അന്‍പതോളം പ്രൊഫഷണല്‍ നാടകങ്ങളില്‍ മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച നടി. ആയിരങ്ങളെ സാക്ഷിയാക്കി നൃത്തത്തില്‍ അരങ്ങേറ്റം കുറിച്ച കല്‍മണ്ഡപത്തിലാണ് ഇന്ന് ആനന്ദവല്ലി എന്ന ആ വലിയ കലാകാരിയുടെ അന്തിയുറക്കം.
തക്കല കുമാരകോവിലിനു മുന്നിലെ വാകമരച്ചുവട്ടിലിരുന്ന് പൂമാല വില്‍ക്കുന്ന ആനന്ദവല്ലി വലിയൊരു നടിയായിരുന്നുവെന്ന് അധികമാര്‍ക്കും അറിയില്ല. ജീവിത നാടകത്തില്‍ തോറ്റുപോയ അവശകലാകാരി സമീപത്തെ കല്‍മണ്ഡപത്തില്‍ കിടന്നാണ് ഉറങ്ങുന്നത്. കണ്ണുനനയ്‌ക്കുന്ന സങ്കടക്കാഴ്ച. തലസ്ഥാനത്തു നിന്ന് മൈലാടിയിലേക്ക് കുടിയേറി പാര്‍ത്തതാണ് ആനന്ദവല്ലി. ഭര്‍ത്താവും മൂത്ത മകനും മരിച്ചതോടെ ഇളയ മകനെ വളര്‍ത്താന്‍ നെഞ്ചില്‍ താലോലിച്ച നൃത്തത്തെ ഉപേക്ഷിച്ച് നാടകക്കാരിയായി. ചങ്ങനാശേരി ഗീഥ, കേരളാ തീയേറ്റേഴ്‌സ്, കൊല്ലം യൂണിവേഴ്‌സല്‍… അങ്ങനെ നിരവധി സമിതികളില്‍ പ്രവര്‍ത്തിച്ചു ആനന്ദവല്ലി. ഒടുവില്‍ വാര്‍ധക്യം സമ്മാനിച്ച അസുഖങ്ങളും മാഞ്ഞുപോയ മുഖകാന്തിയുമായി ആനന്ദവല്ലി അഭിനയലോകത്തു നിന്ന് പടിയിറക്കപ്പെട്ടു.
നാടകത്തില്‍ നിന്നുള്ള വരുമാനം നിലച്ചതോടെ മകന് ഈ അമ്മയൊരു ഭാരമായി. പോറ്റിവളര്‍ത്തിയ അമ്മയെ അയാള്‍ പെരുവഴിയില്‍ തള്ളി. ആനന്ദവല്ലി ആരോടും പരിഭവിക്കാതെ അലഞ്ഞു നടന്നു. വഴിയരികിലെ പൈപ്പുവെള്ളം വിശപ്പകറ്റി. ഒടുവില്‍ കുമാരകോവിലിനു മുന്നില്‍ താന്‍ ആദ്യമായി ചിലങ്ക കെട്ടി അരങ്ങേറ്റം കുറിച്ച കല്‍മണ്ഡപത്തില്‍ അഭയം തേടി. അഷ്ടിക്കു വകതേടി ആര്‍ക്കു മുന്നിലും കൈനീട്ടാന്‍ അഭിമാനം അനുവദിച്ചില്ല. പിന്നെ ഭഗവാന് ചാര്‍ത്താനുള്ള പൂമാല കെട്ടി വില്‍ക്കാന്‍ തുടങ്ങി. കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ഇതു തന്നെയാണ് ഉപജീവനം.
അവശകലാകാരിക്കുള്ള പെന്‍ഷനോ ഫെലോഷിപ്പോ ഒന്നും ആനന്ദവല്ലിയെ തേടിയെത്തിയില്ല. സ്വന്തമായി വിലാസം പോലുമില്ലാത്ത തനിക്ക് ആര് പെന്‍ഷന്‍ തരാനെന്ന പരിഹാസ ചോദ്യമുയര്‍ത്തുന്നു ആനന്ദവല്ലി. ”ഇതും ഒരു നാടകമാണ്, ജീവിത നാടകം.
ജീവിച്ചു തീര്‍ക്കുക തന്നെ വേണം. പിന്നെ ഇപ്പോള്‍ കരയാന്‍ ഗ്ലിസറിന്‍ വേണ്ട, അനുഭവങ്ങള്‍ ധാരാളം.” കണ്ണില്‍ നിന്നുതിര്‍ന്ന നീര്‍മുത്തുകള്‍ സാരിയുടെ കോന്തല കൊണ്ടു തുടച്ച് അകലങ്ങളിലേക്ക് അവര്‍ കണ്ണുകള്‍ പായിച്ചു. പൂമാലയ്‌ക്ക് ആരെങ്കിലും വരുന്നുണ്ടോ എന്ന പരതല്‍.
















