ബൗദ്ധ സിദ്ധാന്തങ്ങളെ നിരാകരിക്കുന്ന സമുദായാധികരണം തുടരുന്നു.
സൂത്രം – പ്രതിസംഖ്യാപ്രതിസംഖ്യാനിരോധാ പ്രാപ്തിരവിച്ഛേദാത്.
ഭാവപ്രവാഹത്തിന് വിഛേദമില്ലാത്തതിനാല് പ്രതിസംഖ്യാ നിരോധമോ അപ്രതിസംഖ്യാ നിരോധമോ സംഭവിക്കുന്നില്ല.
നിരോധം എന്നാല്‍ പ്രളയം. ബൗദ്ധ ദര്‍ശനമനുസരിച്ച് രണ്ട് തരത്തിലാണ് നാശം. ബോധപൂര്‍വമായ ആത്യന്തിക പ്രളയം. ഇതിനെ പ്രതിസംഖ്യാ നിരോധം എന്ന് പറയുന്നു. ബോധപൂര്‍വമല്ലാത്ത പ്രളയമാണ് അടുത്തത്. അതിനെ അപ്രതിസംഖ്യാ നിരോധം എന്‍ വിളിക്കുന്നു. ഇത് യാദൃച്ഛികമായി സംഭവിക്കുന്നതാണ്.
എല്ലാ വസ്തുക്കളും ക്ഷണത്തില്‍ നശിക്കുന്നതായി ബൗദ്ധര് കരുതുന്നു.
ഭാവപ്രപഞ്ചത്തിന്റെ ഉത്പത്തി മുറിഞ്ഞ് പോകാത്തതിനാല്‍ ഈ പ്രളയങ്ങള്‍ സംഭവിക്കില്ലെന്ന് സൂത്രം വ്യക്തമാക്കുന്നു.
ബൗദ്ധ ദര്‍ശനം ക്ഷണിക വാദമായതിനാല്‍ വസ്തുക്കളുടെ ഉണ്ടാകലും നശിക്കലും തുടര്‍ച്ചയായി നടക്കുന്നു.
ഇത് ഭാവപ്രപഞ്ചത്തിന്റെ ഇടമുറിയാത്ത തുടര്‍ച്ചയെയാണ് കാണിക്കുന്നത്. അങ്ങനെയെങ്കില്‍ പ്രളയത്തിന് സാധ്യതയില്ല.
വസ്തുക്കള്‍ ഏറെ നേരം നിലനില്ക്കുന്നില്ല. എല്ലാതും ഉണ്ടായ ഉടനെ അസത്തായി മാറുന്നു. അസത്തായ ഒന്നിന് സത്തായതിന്റെ കാരണമാകാനാവില്ല. ബൗദ്ധന്മാരുടെ സിദ്ധാന്തമനുസരിച്ച് ഉല്‍പ്പത്തി സ്വീകരിച്ചാല്‍ നാശത്തെ പരിഗണിക്കാനാവില്ല. നാശം സ്വീകരിച്ചാല്‍ ഉദ്ഭവത്തേയും അംഗീകിക്കാന്‍ കഴിയില്ല. വിചിത്ര വാദങ്ങള്‍ കൂടിക്കുഴഞ്ഞ് കിടക്കുന്നതിനാല്‍ ബൗദ്ധ വാദം സ്വീകരിക്കാനാവില്ല.
സൂത്രം – ഉഭയഥാ ച ദോഷാത്
രണ്ട് തരത്തിലായാലും ദോഷമുള്ളതിനാല്‍ ബൗദ്ധ ധര്‍മ്മം സ്വീകരിക്കാന്‍ കഴിയില്ല.
ജഗത്ത് അവിദ്യയില്‍ നിന്ന് ഉണ്ടായതാണ്. ജ്ഞാനം പൂര്‍ണമാകുമ്പോള്‍ അജ്ഞാനം നീങ്ങുന്നതോടെ ജഗത്തും ഇല്ലാതാകുന്നു. പിന്നെ ഒന്നും അവശേഷിക്കില്ല. ഇത് അപ്രതി സംഖ്യാ നിരോധനത്തിന് വിരുദ്ധമാണ്. പൂര്ണജ്ഞാനമുണ്ടാകാതെയാണ് നാശമുണ്ടാകുന്നതെങ്കില്‍ ജ്ഞാനത്തിന്റെയോ അതിന്റെ ഉപദേശം മുതലായ സാധനകളുടേയോ ആവശ്യമില്ലാതാകും. ഈ രണ്ട് തരത്തിലും ദോഷമുള്ളതിനാല്‍ ബൗദ്ധസിദ്ധാന്തം സ്വീകരിക്കാനാവില്ല.
സൂത്രം – ആകാശേ ചാവിശേഷാത്
ആകാശത്തിന്റെ കാര്യത്തിലും ബൗദ്ധ സിദ്ധാന്തം ശരില്ല. എന്തെന്നാല്‍ആ കാശത്തിന് വിശേഷമില്ലാത്തതിനാല്‍.
ഇന്ദ്രിയ വിഷയമല്ലാത്തതിനാല്‍ ആകാശത്തിന്റെ സത്തയെ ബൗദ്ധര് അംഗീകരിക്കുന്നില്ല. ഇതിനെയാണ് ഈ സൂത്രത്തില്‍ നിഷേധിക്കുന്നത്.
മറ്റ് നാല് ഭൂതങ്ങളും ഓരോ വിഷയങ്ങള്‍ക്ക് ആശ്രയമാണ്. വായു സ്പര്‍ശത്തിനും അഗ്നി രൂപത്തിനും ജലം രസത്തിനും പൃഥിവി ഗന്ധത്തിനും ആശ്രയമാണ്. അങ്ങനെ ശബ്ദത്തിന് ആശ്രയമായി ഭൂതമുണ്ടാകണം. ശബ്ദം ആകാശത്തില്‍ സഞ്ചരിക്കുമ്പോഴാണ് നാം കേള്‍ക്കുന്നത്. എല്ലാ വസ്തുക്കള്‍ക്കും മറ്റ് ഭൂതങ്ങള്‍ക്കും നിലനില്‍ക്കാനുള്ള അവകാശത്തെ അഥവാ ഇടത്തെ നല്‍കുന്നത് ആകാശമാണ്. ആകാശത്തിന്റെ അസ്തിത്വത്തെ അനുമാനം കൊണ്ട് അറിയണം. ഖം എന്നാല്‍
ആകാശം. ആകാശത്തില്‍ സഞ്ചരിക്കുന്നതിനാല്‍ പക്ഷികള്‍ക്ക് ഖഗം, വിഹഗം എന്നീ പേരുകള്‍ ഉണ്ടായത്.
ശ്രുതിയില്‍ ആകാശത്തിനെപ്പറ്റിയും അതിന്റെ ഉത്പത്തിയെ പറ്റിയും പറയുന്നുണ്ട്. തൈത്തിരിയത്തില്‍ ‘തസ്മാദ് വാ ആത്മന ആകാശ: സംഭൂത: ‘എന്ന് കാണാം. ഇല്ലാത്ത ഒന്നായിരുന്നുവെങ്കില് ആകാശത്തിന്റെ സത്തയെ ശ്രുതി അംഗീകരിക്കുമായിരുന്നില്ല. ശ്രുതിയും യുക്തിയും അനുഭവവും ആകാശത്തിന്റെ സത്തയെ ഉറപ്പാക്കുന്നുണ്ട്. ആകാശമില്ല എന്ന് സമര്‍ഥിക്കേണ്ട കാര്യമില്ല താനും.
അതിനാല്‍ ആകാശത്തിന് സത്തയില്ല എന്ന ബൗദ്ധരുടെ വാദം യുക്തിക്ക് നിരക്കാത്തതായതിനാല്‍ സ്വീകരിക്കാനാവില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: