ആലപ്പുഴ: വാഹനപരിശോധന നടത്തി പെറ്റിയടിച്ച് ഖജനാവില്‍ പണമെത്തിക്കുന്നതിനിടെ കേസ് അന്വേഷണത്തിനു സമയമില്ലാതെ കേരള പോലീസ്. ലോക്കല്‍ പോലീസ് സ്റ്റേഷനുകള്‍ക്കും, ഹൈവേ പോലീസിനും പ്രത്യേക പ്രതിദിന ടാര്‍ജറ്റ് നല്‍കിയിട്ടുണ്ട്. പൊതുജനത്തെ പിഴിഞ്ഞ് സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി പരിഹരിക്കേണ്ട ബാധ്യത കൂടി പോലീസിനാണ്.
ടാര്‍ജറ്റില്‍ തലപുകയുന്ന പോലീസിന് കുറ്റാന്വേഷണങ്ങള്‍ക്ക് സമയമില്ലാത്ത അവസ്ഥ. വിവിധ ജില്ലകളിലായി അക്രമം, മോഷണം, മോഷണശ്രമങ്ങള്‍ തുടങ്ങി കാലങ്ങളായി യാതൊരു തുമ്പും ലഭിക്കാത്ത കേസുകള്‍ പെരുകുന്നു. സിസി ടിവി ദൃശ്യങ്ങള്‍ ഉള്‍പ്പെടെ തെളിവുകള്‍ക്ക് സാധ്യതയേറെയായിട്ടും കുറ്റവാളികളെ പിടികൂടാന്‍ കഴിയാത്തതിന്റെ പ്രധാന കാരണങ്ങളിലൊന്ന് വാഹന പരിശോധന വ്യാപകമാക്കണമെന്ന കര്‍ശന നിബന്ധനയാണ്.
ഹൈവേ പോലീസിന് ലഭിച്ചിരിക്കുന്ന പ്രതിദിന പെറ്റിക്കേസ് ടാര്‍ജറ്റ് 100. ലോക്കല്‍ സ്റ്റേഷനുകള്‍ 30 കേസുകളെങ്കിലുമെടുക്കണം. ടാര്‍ജറ്റ് തികഞ്ഞില്ലെങ്കില്‍ പിറ്റേന്ന് രാവിലെ ഉന്നത ഉദ്യോഗസ്ഥരുടെ ശകാരം ഉറപ്പ്. ഇത്തരം കേസുകള്‍ എടുക്കാനായില്ലെങ്കില്‍ എസ്ഐമാര്‍ മറുപടി പറയേണ്ടിവരും. പെറ്റിക്കേസുകളിലൂടെ ഓരോ ജില്ലയില്‍ നിന്നും വന്‍ വരുമാനമാണ് സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നത്. കേസുകള്‍ ചുമത്താനായി ദീര്‍ഘനേരം റോഡുകളില്‍ ചെലവഴിക്കേണ്ടി വരുന്നതിനാല്‍ പല സ്റ്റേഷനുകളുടെയും പ്രവര്‍ത്തനം താളംതെറ്റുന്നു.
വാഹനാപകടങ്ങള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പോലീസ് പരിശോധന ഊര്‍ജിതമാക്കണമെന്ന് വിവിധ കോണുകളില്‍ നിന്ന് മുറവിളി ഉയരും. ഇത് അവസരമാക്കിയാണ് അപകടങ്ങള്‍ക്കിടയാക്കുംവിധം വളവിലും തിരിവിലും പാത്തുംപതുങ്ങിയുമുള്ള പോലീസിന്റെ വാഹന പരിശോധന.
ടാര്‍ജറ്റ് തികയ്‌ക്കാനുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായി രോഷം തീര്‍ക്കുന്നതും പോലീസുകാര്‍ സാധാരണക്കാരിലാണ്. ക്രമസമാധനപാലനത്തിലും കേസ് അന്വേഷണത്തിലും കൂടുതല്‍ സമയം ചെലവഴിക്കാനുള്ള അവസരം ഒരുക്കണമെന്നാണ് സേനയില്‍ നിന്ന് തന്നെ ആവശ്യം ഉയരുന്നത്.
















