തിരുവനന്തപുരം : യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ശബരിമലയിലെ വരുമാനം ഇടിഞ്ഞപ്പോള്‍ സര്‍ക്കാര്‍ ഭക്തരെ വെല്ലുവിളിച്ച് ദേവസ്വം ബോര്‍ഡിന് 100 കോടി സാമ്പത്തിക സഹായം നല്‍കുമെന്ന പ്രഖ്യാപനം വെറും പാഴ്‌വാക്ക്. നടവരുമാനം കുറഞ്ഞതോടെ തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ വരുമനം കുത്തനെ ഇടിഞ്ഞതോടെയാണ് സര്‍ക്കാര്‍ പ്രഖ്യാപനം നടത്തിയത്.
എന്നാല്‍ സഹായം വെറും പ്രഖ്യാപനത്തില്‍ മാത്രം ഒതുങ്ങിയതോടെ തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ് ജീവനക്കാര്‍ക്ക് ശമ്പളം, പെന്‍ഷന്‍ എന്നിവ നല്‍കുന്ന കാര്യത്തില്‍ പ്രതിസന്ധി വരുമെന്നാണ് വിലയിരുത്തല്‍. കാണിക്ക ബഹിഷ്‌കരണം അടക്കമുള്ള കാര്യങ്ങളാല്‍ നടവരവ് കുറഞ്ഞതാണ് ഈ പ്രതിസന്ധിക്ക് കാരണം.
ബജറ്റിലാണ് ധനമന്ത്രി ഈ സഹായം പ്രഖ്യാപിച്ചത്. സര്‍ക്കാര്‍ സഹായം ലഭിക്കുന്നതിനായി ബോര്‍ഡിന്റെ സാമ്പത്തികസ്ഥിതിവിവരം സമര്‍പ്പിക്കാന്‍ വൈകിയതാണ് വിനയായത്. ഈ മാസമാണ് ധനസ്ഥിതിവിവരം സമര്‍പ്പിച്ചത്.
ശബരിമല നടവരവ് ചെറിയ കാലത്തേക്ക് സ്ഥിരനിക്ഷേപം നടത്തിയാണ് ബോര്‍ഡ് തീര്‍ത്ഥാടനകാലം കഴിഞ്ഞുള്ള മാസങ്ങളിലെ ചെലവ് നടത്തുന്നത്. 2018-19 തീര്‍ത്ഥാടനകാലത്ത് നടവരവ് കാര്യമായി ഇടിഞ്ഞതോടെ നിക്ഷേപവും കുറഞ്ഞു. 2017-18 തീര്‍ത്ഥാടനകാലത്തിന് ശേഷം 194 കോടിയായിരുന്നു നിക്ഷേപം. എന്നാല്‍ 2018-19 തീര്‍ഥാടനകാലത്തിന് ശേഷം നിക്ഷേപം 116 കോടി മാത്രമായിരുന്നു. പിന്നീട് 20 കോടി രൂപകൂടി ഇതിലേക്ക് അടച്ചു.
ശരാശരി 35 കോടിയാണ് ഒരു മാസം ശമ്പളത്തിനും പെന്‍ഷനും വേണ്ടത്. ഓണക്കാലത്ത് ഉത്സവകാല ആനുകൂല്യങ്ങളും നല്‍കേണ്ടതിനാല്‍ ചെലവ് കൂടും. 5000 ജീവനക്കാരും 10,000 പെന്‍ഷന്‍കാരുമാണുള്ളത്. സ്ഥിരനിക്ഷേപത്തില്‍നിന്ന് ശരാശരി 20 കോടി വീതം ഇപ്പോള്‍ പിന്‍വലിക്കുന്നു. ബോര്‍ഡിന്റെ ജോലികള്‍ ചെയ്ത കരാറുകാര്‍ക്ക് 100 കോടിയോളം രൂപ കൊടുക്കാനുണ്ട്. ക്ഷേത്രത്തിലെ നിത്യചെലവുകള്‍ക്കുള്ള തുകയും കണ്ടെത്തണം.
പുതിയ സാമ്പത്തികവര്‍ഷം ശബരിമല ഒഴികെയുള്ള ക്ഷേത്രങ്ങളില്‍ വഴിപാട് ലേലം നടത്തുന്നതിന് തടസ്സം വന്നതും തിരിച്ചടിയായി. വഴിപാട് സാധനങ്ങള്‍ ലേലം വിളിച്ച് എടുക്കുന്നതിന് പകരം ബോര്‍ഡ് നേരിട്ട് നല്‍കാന്‍ ഹൈക്കോടതി നിര്‍ദ്ദേശിച്ചതോടെ ലേലം മുടങ്ങി. ഈ ഹൈക്കോടതി വിധി സുപ്രീംകോടതി സ്റ്റേ ചെയ്തിരിക്കുകയാണ്. പക്ഷേ, ഏപ്രിലില്‍ ലേലം നടന്നില്ല. ഇതോടെ വലിയ വരുമാനമാര്‍ഗമാണ് അടഞ്ഞത്.
















