തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷത്തില്‍ വിദ്യാര്‍ത്ഥിയായ അഖിലിനെ കുത്തിപ്പരിക്കേല്‍പിച്ച കേസിലെ ഒന്നാം പ്രതി ശിവരഞ്ജിത്തും രണ്ടാം പ്രതി നസീമും പിഎസ്സി റാങ്ക് ലിസ്റ്റില്‍ ഇടം പിടിച്ചത് എങ്ങിനെയെന്ന് പോലീസ് അന്വേഷിക്കുന്നു. പരീക്ഷയില്‍ ക്രമക്കേട് നടന്നിട്ടുണ്ടോയെന്ന് കണ്ടെത്തുന്നതിനായാണ് അന്വേഷണം നടത്തുന്നത്.
സ്‌പെഷ്യല്‍ ബ്രാഞ്ചിനാണ് അന്വേഷണച്ചുമതല. യൂണിവേഴ്‌സിറ്റി കോളേജില്‍ത്തന്നെയുള്ള പരീക്ഷാ കേന്ദ്രത്തിലാണ് ഇരുവരും പരീക്ഷയെഴുതിയതെന്നാണ് സൂചന. കൂടാതെ പരീക്ഷയില്‍ പാസ്സായവരിലും നിയമനത്തിന് യോഗ്യത നേടിയവരിലും എത്ര എസ്എഫ്‌ഐക്കാരുണ്ടായിരുന്നെന്നും പരിശോധിക്കും.
ശിവരഞ്ജിത്തിന് സിവില്‍ പോലീസ് ഓഫീസര്‍ പരീക്ഷയില്‍ ഒന്നാം റാങ്കാണ്. സിവില്‍ പോലീസ് ഓഫീസര്‍ കെഎപി നാലാം ബറ്റാലിയന്‍ (കാസര്‍ഗോഡ്) റാങ്ക് ലിസ്റ്റിലാണ് കോളേജ് യൂണിയന്‍ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്തിന് ഒന്നാം റാങ്കുള്ളത്.
78.33 മാര്‍ക്കാണ് ശിവരഞ്ജിത്തിന് കിട്ടിയത്. സ്‌പോര്‍ട്‌സ് ക്വോട്ടയിലെ മാര്‍ക്ക് കൂടി കണക്കിലെടുത്തപ്പോള്‍ മാര്‍ക്ക് തൊണ്ണൂറിന് മുകളിലായി. ഒന്നാം റാങ്കും കിട്ടി. സ്‌പോര്‍ട്‌സ് വെയിറ്റേജായി 13.58 മാര്‍ക്കാണ് കിട്ടിയത്. ഇത് കൂടി ചേര്‍ത്തപ്പോള്‍ 91.9 മാര്‍ക്ക് ലഭിച്ചു. രണ്ടാം പ്രതിയായ നസീം പോലീസ് റാങ്ക് ലിസ്റ്റില്‍ 28-ാം റാങ്കുകാരനാണ്. 65.33 മാര്‍ക്കാണ് നസീമിന് ലഭിച്ചത്. ജൂലൈ ഒന്നിനാണ് റാങ്ക് ലിസ്റ്റ് പുറത്തുവന്നത്.
യൂണിവേഴ്‌സിറ്റി കോളേജിലെ സംഘര്‍ഷങ്ങളുടെ സാഹചര്യത്തില്‍ ഇരുവരും പിഎസ്‌സി റാങ്ക് പട്ടികയില്‍ വന്നതില്‍ വ്യാപക ക്രമക്കേട് നടന്നെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. രാഷ്‌ട്രീയ സ്വാധീനത്തിലാണ് ഇവര്‍ക്ക് യൂണിവേഴ്‌സിറ്റി കോളജില്‍ പരീക്ഷ എഴുതാന്‍ അവസരം കിട്ടിയതെന്നും കോപ്പിയടിച്ചാണ് പതിനായിരങ്ങള്‍ പങ്കെടുത്ത പരീക്ഷയില്‍ ഏറ്റവും ഉയര്‍ന്ന മാര്‍ക്ക് നേടിതെന്നുമാണ് ആക്ഷേപം. ഈ സാഹചര്യത്തിലാണ് പിഎസ്‌സിയെ സമീപിച്ച് ഇവരുടെ ഹാള്‍ടിക്കറ്റുകളടക്കം പരിശോധിക്കാന്‍ പ്രത്യേക സംഘം തീരുമാനിച്ചത്.
കൂടാതെ പിഎസ്‌സി ലിസ്റ്റിലെ രണ്ടാം റാങ്കുകാരന്‍ പി.പി. പ്രണവും എസ്എഫ്‌ഐ യൂണിറ്റ് കമ്മിറ്റി അംഗമാണ്. എന്തായാലും ലിസ്റ്റില്‍ പേരുള്‍പ്പെട്ടവരുടെ നിയമന ശുപാര്‍ശ ഒരു മാസത്തിനകം അയയ്‌ക്കാനുള്ള നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.
















