കൊച്ചി : അങ്കമാലി വിവാദ ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് സീറോ മലബാര്‍ സഭാ വൈദികര്‍ക്കിടയിലെ ഭിന്നിപ്പ് രൂക്ഷമാകുന്നു. കര്‍ദ്ദിനാള്‍ മാര്‍ ഭൂമി ഇടപാട് കേസിനെ കുറിച്ചുള്ള ജോര്‍ജ്ജ് ആലഞ്ചേരിയുടെ സര്‍ക്കുലര്‍ ഇന്ന് എറണാകുളം- അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ വായിച്ചു. എന്നാല്‍ വിമത വൈദികരുടെ പള്ളികളെ ഒഴിവാക്കിക്കൊണ്ടാണ് സര്‍ക്കുലര്‍ വായിച്ചത്.
ഇതോടെ സഭയിലെ വൈദികര്‍ തമ്മിലുള്ള ഭിന്നിപ്പ് വീണ്ടും രൂക്ഷമായിക്കൊണ്ടിരിക്കുകയാണ് എന്ന് വെളിവാക്കുന്നതാണ് ഇത്. ഭൂമി വിറ്റതിനെക്കുറിച്ചും, സഹായമെത്രാന്മാരെ പുറത്താക്കിയ നടപടിയെക്കുറിച്ചുമാണ് വിശ്വാസികള്‍ക്കായി സര്‍ക്കുലറില്‍ വിശദീകരിക്കുന്നത്.
അതിരൂപതയുടെ പൊതുനന്മയെക്കരുതിയാണ് സഭാ സ്വത്തുക്കള്‍ വില്ക്കാന് തീരുമാനിച്ചത്. സഹായമെത്രാന്മാരായ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്തിനെയും മാര്‍ ജോസ് പുത്തന്‍വീട്ടിലിനെയും ചുമതലകളില്‍ നിന്ന് പുറത്താക്കിയത് വത്തിക്കാന്‍ തീരുമാന പ്രകാരമാണ്. മാര്‍പാപ്പയില്‍ നിന്നും വിവിധ ഇടങ്ങളില്‍ നിന്നും ലഭിച്ച റിപ്പോര്‍ട്ടിന്റേയും വിവരങ്ങളുടെയും അടിസ്ഥാനത്തിലാണ് നടപടിയെടുത്തത്. പിരിച്ചുവിട്ടവര്‍ക്കു പകരം പുതിയ മെത്രാന്മാരെ ഉടന്‍ നിയമിക്കും.
ഭൂമിവില്പനയിലൂടെ അതിരൂപതയ്ക്ക് നഷ്ടമുണ്ടാക്കുന്ന ഒരു നടപടിയും തന്റെ ഭാഗത്ത് നിന്ന് ഉണ്ടായിട്ടില്ല. സഭയില്‍ വിഭാഗീയ പ്രവര്‍ത്തനം നടത്തുന്നവരെ വിശ്വാസികള്‍ തിരിച്ചറിയണം. അവരോട് യാതൊരു കാരണവശാലും സഹകരിക്കരുത്. ഇനി നടക്കാനിരിക്കുന്ന സിനഡോടെ പ്രശ്നങ്ങളെല്ലാം അവസാനിക്കും. പ്രശ്നങ്ങള്‍ അടുത്ത സിനഡില്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കുമെന്നും സര്‍ക്കുലറിലൂടെ കര്‍ദ്ദിനാള്‍ ആവശ്യപ്പെടുന്നുണ്ട്.
















