തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥി അഖിലിനെ കുത്തിയ പ്രധാന പ്രതികളായ എസ്എഫ്‌ഐ യൂണിറ്റ് പ്രസിഡന്റ് ശിവരഞ്ജിത്, യൂണിറ്റ് സെക്രട്ടറി നസീം എന്നിവര്‍ 2018ല്‍ നടന്ന പോലീസ് കോണ്‍സ്റ്റബിള്‍ പരീക്ഷയിലെ ഉന്നത റാങ്കുകാര്‍. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്നാണ് പരീക്ഷയെഴുതയത്. 22-07-2018ല്‍ നടന്ന എഴുത്തു പരീക്ഷയുടേയും 9-04-19 മുതല്‍ 4-05-19 വരെ നടന്ന ശാരീരിക ക്ഷമത പരീക്ഷയുടേയും ഫലങ്ങള്‍ കോര്‍ത്തിണക്കിയാണ് അന്തിമ പട്ടിക പ്രസിദ്ധീകരിച്ചത്. ഇതില്‍ രജി.നമ്പര്‍-555683 ശിരവരഞ്ജിത്. ആര്‍ ആണ് ഒന്നാം റാങ്കുകാരന്‍. പരീക്ഷയില്‍ 78.33 മാര്‍ക്കും ദേശീയ ആര്‍ച്ചറി ചാംപ്യന്‍ഷിപ്പില്‍ കേരള സര്‍വകലാശാലയ്‌ക്കു വേണ്ടി മത്സരിച്ചതിന് 13.58 അധിക മാര്‍ക്കുമായി ആകെ 91.91 മാര്‍ക്ക് നേടിയാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. രണ്ടാം സ്ഥാനക്കാരന് പരീക്ഷയില്‍ ലഭിച്ചത് 78 മാര്‍ക്ക് മാത്രം. 14 മാര്‍ക്കിന്റെ വ്യത്യാസത്തിലാണ് ശിവരഞ്ജിത് ഒന്നാം റാങ്കുകാരനായത്. അഖിലിനെ കുത്തിയ കേസിലെ രണ്ടാം പ്രതിയും നടുറോഡില്‍ പൊലീസുകാരെ മര്‍ദിച്ച കേസിലെ പ്രതിയുമായ നസീം എന്‍.എന്‍, രജി. നമ്പര്‍- 529103 ന് ലഭിച്ചത് 65.33 മാര്‍ക്കോടെ 28ാം റാങ്ക്. ട്രാഫിക് പോലിസുകാരെ മര്‍ദിച്ച കേസിലെ പ്രധാനപ്രതിയായിരുന്ന നസീമിന് കോണ്‍സ്റ്റബിള്‍ നിയമനം നല്‍കാന്‍ പൊലീസ് വേരിഫിക്കേഷന്‍ അനിവാര്യമാണ്. ക്രിമിനല്‍ കേസിലെ പ്രതിയായ നസീമിനു വേണ്ടി പക്ഷേ ഉന്നത സിപിഎം സമ്മര്‍ദം ഉറപ്പാക്കിയിരുന്നു എന്നാണു റിപ്പോര്‍ട്ട്.
അതേസമയം, ക്ലാസില്‍ കയറാത്ത പുസ്തകം പോലും മറിച്ചു നോക്കാത്ത വിദ്യാര്‍ഥികളാണ് ശിവരഞ്ജിത്തും നസീമും എന്നാണ് സഹപാഠികള്‍ നല്‍കുന്ന സൂചന. തിരുവനന്തപുരത്തുകാരായ ഇരുവരും കാസര്‍ഗോഡ് ജില്ലയില്‍ നിന്ന് പരീക്ഷ എഴുതിയതും ദുരൂഹമാണ്. പിഎസ് സി പരീക്ഷയില്‍ മികച്ച പരീശലനം നേടുന്ന ചില വിദ്യാര്‍ഥികള്‍ ഉദ്യോഗാര്‍ഥികള്‍ കുറവുള്ള ജില്ലകള്‍ പരീക്ഷയ്‌ക്കായി പരിഗണിക്കാറുണ്ടെങ്കിലും എസ്എഫ്‌ഐ നേതാക്കള്‍ ആ ഗണത്തില്‍ പെടുന്നില്ല. ബിഎസ് സി കെമിസ്ട്രി ബിരുദത്തിനു ശേഷം എംഎ ഫിലോസഫി കോഴ്‌സിനാണ് ശിവരഞ്ജിത് യൂണിവേഴ്‌സിറ്റി കോളേജില്‍ പഠിക്കുന്നത്. നസീമും ഇതേ കോഴ്‌സിനാണ്. ഇരുവരും പാഠ്യ വിഷയങ്ങളില്‍ അത്ര മികവു പുലര്‍ത്തുന്നവരല്ലെന്നാണ് സഹപാഠികള്‍ വ്യക്തമാക്കുന്നത്. മികച്ച പരീശിലനം ലഭിക്കുന്ന വിദ്യാര്‍ഥികള്‍ക്കു പോലും വര്‍ഷങ്ങളുടെ പ്രയത്‌നം മൂലമാണ് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കാനാകുന്നത്. അത്തരം സാഹചര്യത്തിലാണ് പഠനം പോലും പൂര്‍ത്തിയാക്കും മുന്‍പ് ഉന്നത റാങ്കില്‍ ഈ എസ്എഫ്‌ഐ നേതാക്കള്‍ പൊലീസ് പട്ടികയില്‍ സ്ഥാനം പിടിച്ചത്. ഇതു സംബന്ധിച്ചു ദുരൂഹതയുണ്ടെന്നു വിദ്യാര്‍ഥികള്‍ പോലും സംശയിക്കുന്നുണ്ട്.
















