തിരുവനന്തപുരം : മുന്നാക്ക വിഭാഗങ്ങളിലെ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍കളുടെ പഠനത്തിനായി കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാന മുന്നാക്ക ക്ഷേമ കോര്‍പറേഷനു നല്‍കിയ പണം സംസ്ഥാനസര്‍ക്കാര്‍ മുക്കി. കേന്ദ്ര സാമൂഹിക നീതി സ്ത്രീ ശാക്തീകരണ വകുപ്പ് ഡോ. ബി.ആര്‍. അംബേദ്കര്‍ പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പ് പദ്ധതി വഴി 2016-17 ല്‍ നല്‍കിയ 2.84 കോടി രൂപയാണ് പിണറായി സര്‍ക്കാര്‍ മുക്കിയത്. നിലവില്‍ ഈ പണം സംസ്ഥാന സര്‍ക്കാര്‍ വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയതായോ, അല്ലെങ്കില്‍ വിനിയോഗിച്ചതിന്റേയോ രേഖകള്‍ ഇല്ല.
10,000 വിദ്യാര്‍ത്ഥികള്‍ക്ക് ഈ തുക കൊണ്ട് സ്‌കോളര്‍ഷിപ് നല്‍കാമായിരുന്നു. ഈ പണം ഇതുവരെ ധനകാര്യവകുപ്പ് മുന്നാക്ക ക്ഷേമ കോര്‍പറേഷനു നല്‍കിയില്ലെന്ന് മാത്രമല്ല, ഇത്തരത്തില്‍ പണം വന്നതായി പൊതുഭരണ വകുപ്പിനെപോലും അറിയിച്ചില്ല. പൊതുഭരണ വകുപ്പ് വഴിയാണ് കോര്‍പറേഷനുകളിലേക്കു പണം കൈമാറുന്നത്. പിന്നീട് ഈ തുക എന്തു ചെയ്തു എന്ന കാര്യം ഇപ്പോഴും അവ്യക്തമാണ്.
2018-19ല്‍ 50 കോടി രൂപയുടെ സഹായം ആവശ്യപ്പെട്ട് മുന്നാക്ക ക്ഷേമ കോര്‍പ്പറേഷന്‍ കേന്ദ്രസര്‍ക്കാരിന് അപേക്ഷ സമര്‍പ്പിച്ചതോടെയാണ് ധനസഹായം സംസ്ഥാനം മുക്കിയ വിവരങ്ങള്‍ പുറത്തുവന്നത്. 2016-17 കൈമാറിയ 2.84 കോടി വിനിയോഗിച്ചതിന്റെ രേഖ അവര്‍ ആവശ്യപ്പെട്ടു. ഇത് നല്‍കിയാല്‍ എത്ര കോടിവേണമെങ്കിലും അനുവദിക്കാമെന്നാണു കേന്ദ്രം മറുപടി നല്‍കിയത്.
അതേസമയം നേരത്തേ കേന്ദ്രം അനുവദിച്ച പണം ലഭ്യമാക്കാനും പുതുതായി തരാമെന്നു പറയുന്ന പണം വാങ്ങിയെടുക്കാനും നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുന്നാക്ക വികസന കോര്‍പറേഷന്‍ എംഡി ഡോ. കെ. അമ്പാടി നിലവില്‍ പൊതുഭരണ സെക്രട്ടറിക്കു കത്തു നല്‍കിയിരിക്കുകയാണ്.
മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കു സ്‌കൂള്‍തലം മുതല്‍ ഉന്നതവിദ്യാഭ്യാസതലം വരെ സ്‌കോളര്‍ഷിപ്പിനു 50 കോടി സംസ്ഥാന ബജറ്റില്‍ പതിവായി പ്രഖ്യാപിക്കുമെങ്കിലും 17 കോടിയാണ് അനുവദിക്കുക. ഇതുകൊണ്ട് 35,000 വിദ്യാര്‍ത്ഥികള്‍ക്കാണു സഹായം നല്‍കുന്നത്. ഒരു ലക്ഷം അപേക്ഷകരാണു കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത്. ഇവര്‍ക്കെല്ലാം സഹായം നല്‍കുന്നതിനായാണ് കോര്‍പ്പറേഷന്‍ കേന്ദ്ര ധനസഹായം തേടിയത്.
















