കല്‍പ്പറ്റ: സംസ്ഥാനത്ത് ആദിവാസി വിഭാഗങ്ങളിലെ കുട്ടികളെ വ്യാപകമായി നിര്‍ബന്ധിച്ചു മതംമാറ്റുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ ശരിവച്ച് പരാതികള്‍. കല്‍പ്പറ്റയില്‍ ദേശീയ-സംസ്ഥാന ബാലാവകാശ കമ്മിഷനുകള്‍ സംയുക്തമായി സംഘടിപ്പിച്ച സിറ്റിങ്ങിലാണ് പരാതികള്‍ ഉയര്‍ന്നത്. ദേശീയ ബാലാവകാശ കമ്മിഷനംഗം ഡോ. ജി. ആനന്ദ് മുന്‍പാകെ ആണു ആറു പരാതികള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം സംബന്ധിച്ച് സമര്‍പ്പിക്കപ്പെട്ടത്. വയനാട് അടക്കം ആദിവാസി മേഖലകളില്‍ പണം നല്‍കിയും നിര്‍ബന്ധിച്ചും മതംമാറ്റം നടക്കുന്നെന്നു നേരത്തേ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കേരളത്തിലെ ആദിവാസി വിഭാഗത്തിലെ കുട്ടികളെ നിര്‍ബന്ധമായി മതം മാറ്റുന്നുവെന്ന പരാതി ഗൗരവമായി കാണുന്നുവെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ പ്രതികരിച്ചു. സംസ്ഥാന കമ്മിഷന്‍ എന്തു കൊണ്ടു ഇത്തരം വിഷയങ്ങള്‍ ഗൗരവമായി എടുക്കില്ലെന്ന ചോദ്യത്തിന് അത്തരം പരാതികളൊന്നും ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും ലഭിച്ച പരാതികള്‍ കെട്ടിച്ചമച്ചതാണെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പി.സുരേഷ് മറുപടി നല്‍കി.
എന്നാല്‍ സിറ്റിങ് അവസാനിക്കാനിരിക്കെ ഒരു സംഘം ആളുകള്‍ എത്തി നല്‍കിയ പരാതി കെട്ടിച്ചമച്ചതാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ സുരേഷ് തിരുത്തി. കേരളത്തിലെ സാഹചര്യത്തില്‍ പരാതി വിശ്വാസനീയമല്ലെന്നും പി. സുരേഷ് പറഞ്ഞു. ഇത്തരം പരാതികള്‍ ഇതുവരെ സംസ്ഥാന ബാലാവകാശ കമ്മീഷന് ലഭിച്ചിട്ടില്ലെന്നും പരാതിക്കാര്‍ ഇതുവരെ സംസ്ഥാനത്ത് ഇങ്ങനെ പരാതി ഉന്നയിച്ചിട്ടില്ലെന്നും സുരേഷ് കൂട്ടിച്ചേര്‍ത്തു. കമ്മീഷന്‍ സിറ്റിങ് ഉദ്ദേശത്തെ തന്നെ അട്ടിമറിക്കാനുള്ള നീക്കമാണിതെന്നും സംസ്ഥാന ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ പറഞ്ഞു. എന്നാല്‍, കേരളത്തില്‍ ആദിവാസി കട്ടികളെ നിര്‍ബന്ധിച്ച് മതം മാറ്റുന്നതായുള്ള പരാതികളുണ്ടെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ അംഗം ആര്‍.ജി ആനന്ദ് വീണ്ടും വ്യക്തമാക്കി. കമ്മീഷന്‍ സിറ്റിങില്‍ മതപരിവര്‍ത്തനത്തെ സംബന്ധിച്ച ആറ് പരാതികള്‍ ലഭിച്ചെന്നും അദ്ദേഹം പറഞ്ഞു.
ജില്ലാ ആസൂത്രണ കമ്മീഷന്‍ ഹാളില്‍ നടന്ന സിറ്റിങ്ങില്‍ ആകെ 162 പരാതികളാണ് ലഭിച്ചത്. ഇതില്‍ 109 എണ്ണം തീര്‍പ്പാക്കി. രാജ്യത്തെ കുട്ടികളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിന്റെ ഭാഗമായി ദേശീയ ബാലാവകാശ കമ്മീഷന്‍ നടത്തിയ ആറാമത്തെ സിറ്റിങ്ങാണ് വയനാട്ടില്‍ നടന്നത്.
















