കുമ്പള: കാസർകോട്ടെ കുമ്പളയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം ഗുണ്ടാ വിളയാട്ടം. മൂന്ന് ബിജെപി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഗണേഷ് (31), പ്രശാന്ത് (26), ഗോപാല (37) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇതില്‍ ഗണേഷ്, ഗോപാല എന്നിവരുടെ പരിക്ക് സാരമാണ്. പരിക്കേറ്റവര്‍ മംഗലാപുരത്തെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി.
കുമ്പള കുണ്ടനടുക്ക സ്വസ്തി ക്ലബിന് സമീപത്ത് വച്ചായിരുന്നു ആക്രമണം. വെള്ളിയാഴ്ച വൈകീട്ട് 3.30മണിയോടെ സിപിഎം പ്രവര്‍ത്തകനായ നവീനിന്റെ നേതൃത്വത്തില്‍ സംഘടിച്ചെത്തിയ സിപിഎം-ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് അക്രമം നടത്തിയത്. ഇരുപതോളം ബൈക്കുകളിലായി സംഘടിച്ചെത്തിയ സംഘം വടിവാള്‍, ഇരുമ്പ് ദണ്ഡ്, പട്ടിക, സൈക്കിള്‍ ചെയിന്‍ തുടങ്ങിയ മാരകായുധങ്ങളുമായി ആക്രമിക്കുകയായിരുന്നു.
സാധാനാന്തരീക്ഷം നിലനില്‍ക്കുന്ന കുമ്പളയില്‍ മനഃപൂര്‍വ്വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള സിപിഎം ഗൂഢലക്ഷ്യത്തിന്റെ ഭാഗമായാണ് അക്രമം അഴിച്ചുവിട്ടതെന്ന് ബിജെപി കുമ്പള പഞ്ചായത്ത് ജനറല്‍ സെക്രട്ടറി സുധാകര കാമത്ത് പറഞ്ഞു.















