കൊല്ലം:ജോലിയില്‍ നിന്നുള്ള സമ്മര്‍ദ്ദം മൂലം പോലീസുകാരിയെ വീട്ടുവളപ്പില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. കുണ്ടറ പുനക്കൊന്നൂര്‍ അശ്വതിയില്‍ സന്തോഷിന്റെ ഭാര്യ വസന്ത കുമാരിയാണ് (44) മരിച്ചത്. കൊട്ടിയം സ്റ്റേഷനിലെ സിവില്‍ പോലീസ് ഓഫീസറാണ് ഇവര്‍.
രാവിലെ പാറാവ് ഡ്യൂട്ടിക്ക് കയറേണ്ടിയിരുന്ന ഇവരെ വീട്ടുവളപ്പിലെ പേരമരക്കൊമ്പില്‍ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പാചക ജോലി കരാറടിസ്ഥാനത്തില്‍ ഏറ്റെടുക്കുന്ന സന്തോഷ് വെള്ളിയാഴ്ച രാത്രി തൊഴില്‍ സംബന്ധമായി കൊട്ടാരക്കരയിലായിരുന്നു. ജോലിയുടെ സമ്മര്‍ദ്ദമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു.
കൊല്ലം വനിതാ പോലീസ് സ്റ്റേഷനില്‍ നിന്ന് ഒരാഴ്ച മുമ്പാണ് വസന്ത കുമാരിയെ കൊട്ടിയത്തേക്ക് മാറ്റിയത്. കഴിഞ്ഞ തിങ്കളാഴ്ച രാവിലെ കൊട്ടിയത്ത് ചുമതല എടുത്ത ദിവസം തന്നെ നെറ്റ് ഡ്യൂട്ടിയായിരുന്നു. തുടര്‍ന്ന് രണ്ട് ദിവസത്തെ വിശ്രമത്തിനും രണ്ട് ദിവസത്തെ ലീവിനും ശേഷം ഇന്ന് രാവിലെ ഡ്യൂട്ടിയില്‍ കയറാനിരിക്കുകയായിരുന്നു. പൊതുവെ ശാന്ത പ്രകൃതക്കാരിയായിരുന്ന വസന്ത കുമാരി വിഷാദരോഗത്തിന് ചികിത്സിലായിരുന്നു.
ഇതറിയാവുന്ന സഹപ്രവര്‍ത്തകരും മേലുദ്യോഗസ്ഥരും യുവതിയെ വനിതാ പോലീസ് സ്റ്റേഷനിലായിരുന്നു വിന്യസിച്ചത്. മറ്റ് സ്റ്റേഷനുകളെ അപേക്ഷിച്ച് നൈറ്റ് ഡ്യൂട്ടിയും പാറാവും കഠിനമല്ലാത്തത് കൊണ്ടാണ് ഇവരെ വനിതാ സ്റ്റേഷനില്‍ നിയമിച്ചിരുന്നത്.
എന്നാല്‍ കൊട്ടിയം പോലുള്ള ജോലിഭാരമുള്ള സ്റ്റേഷനിലേക്കുള്ള മാറ്റം പോലീസുകാരിയെ അസ്വസ്ഥയാക്കിയിരുന്നതായി വിവരം ലഭിച്ചു. മാത്രമല്ല മുമ്പ് കൊട്ടിയത്ത് ജോലി ചെയ്യവെ വകുപ്പ് തല നടപടികള്‍ക്ക് വിധേയയാക്കാന്‍ നീക്കമുണ്ടായതുമാണ് വിഷാദ രോഗത്തിലേക്ക് വസന്ത കുമാരിയെ നയിച്ചതെന്നും റിപ്പോര്‍ട്ടുണ്ട്. കുണ്ടറ പോലീസെത്തി ഇന്‍ക്വസ്റ്റ് തയ്യാറാക്കിയ ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. ഇവര്‍ക്ക് രണ്ട് പെണ്‍മക്കളാണ്.
















