ആലപ്പുഴ : കുട്ടനാട് കുടിവെള്ള വിതരണ പദ്ധതി കമ്മീഷന്‍ ചെയ്യാതെ ജലഅതോറിറ്റിക്ക് കൈമാറാന്‍ നീക്കം. കരാറുകാരെ സംരക്ഷിക്കാനുള്ള ശ്രമമാണ് പിന്നിലെന്ന് ആരോപണം. കുട്ടനാട്ടിലെ വടക്കന്‍ മേഖലയില്‍ ആറു പഞ്ചായത്തുകളില്‍ കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ച 800 എംഎല്‍ഡി വിതരണ പൈപ്പ് ലൈനിന്റെ പണി പൂര്‍ത്തിയാക്കിയ പദ്ധതിയാണ് കമ്മീഷന്‍ ചെയ്യാതെ ജല അതോറിറ്റിക്ക് കൈമാറാന്‍ നീക്കം നടക്കുന്നത്.
കോട്ടയം പ്രോജക്ട് ഓഫീസ് ഏറ്റെടുക്കുന്ന പദ്ധതി പൂര്‍ത്തിയായ ശേഷം പരിശോധിച്ച് ഉറപ്പുവരുത്തിയാണ് ജല അതോറിറ്റിക്ക് കൈമാറാറുള്ളത്. എന്നാല്‍ ഇതിന് വിപരീതമായി കൈമാറുമ്പോള്‍ പൈപ്പ് ലൈന് അറ്റകുറ്റപണി വന്നാലുള്ള ചിലവ് ജല അതോറിറ്റി വഹിക്കേണ്ടി വരും. ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ലൈന്‍ കമ്മീഷന്‍ ചെയ്തശേഷം തകഴി-കരുമാടി ഭാഗങ്ങളില്‍ നിരവധി തവണ പൊട്ടുകയും സംസ്ഥാനപാത ഒലിച്ചുപോകുകയും ചെയ്തിരുന്നു. ഇതേ അവസ്ഥ കുട്ടനാട് കുടിവെള്ള വിതരണ പദ്ധതിക്കും സംഭവിച്ചാല്‍ സര്‍ക്കാരിന്റെ ലക്ഷങ്ങള്‍ നഷ്ടമാകുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍.
പുതിയ പദ്ധതിയുടെ ഗുണഫലത്തില്‍നിന്ന് തലവടി പഞ്ചായത്തിനെ ഒഴിവാക്കിയതായും ആരോപണം ഉയരുന്നു. തലവടി പഞ്ചായത്തിനെ ഒഴിവാക്കിയാണ് പദ്ധതിയുടെ കരട് രേഖ തയാറാക്കിയത്. വെള്ളക്കിണര്‍ ടാങ്കില്‍ ടി കണക്ഷന്‍ സ്ഥാപിച്ച് കുടിവെള്ളം എത്തിക്കാന്‍ തലവടി പഞ്ചായത്ത് പ്രതിനിധികള്‍ ജല അതോറിറ്റിയോട് പലതവണ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇതംഗീകരിച്ചിട്ടില്ല. ഇതേത്തുടര്‍ന്ന് ഉയരാനുള്ള പ്രതിഷേധം കണക്കിലെടുത്താണ് പദ്ധതി കൈമാറാമുള്ള നീക്കം രഹസ്യമായി നടത്തിയതെന്നാണ് തലവടി പഞ്ചായത്ത് പ്രതിനിധി അജിത്ത് കുമാര്‍ പിഷാരത്തിന്റെ ആരോപണം. പതിറ്റാണ്ടുകള്‍ പിന്നിട്ട കുടിവെള്ള ടാങ്കില്‍ ഒരുതുള്ളി വെള്ളം ഇതുവരെ സംഭരിക്കാന്‍ കഴിയാതെ നോക്കുകുത്തിയായി തീര്‍ന്നിരിക്കുകയാണ് വെള്ളക്കിണറുള്ള കുടിവെള്ള ടാങ്ക്.
















