ആപ്പിളിന് ഐഫോണ്‍ വില്‍പ്പന ഗണ്യമായി വര്‍ധിപ്പിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നില്‍ ഒരു പ്രധാന കാരണമുണ്ട് – ഫോണുകളുടെ അമിത വിലനിര്‍ണ്ണയം. ആപ്പിളിന്റെ 2018ലെ മുന്‍നിര സ്മാര്‍ട്ട്ഫോണികളില്‍- ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്ആര്‍ എന്നിവ വളരെ മികച്ച സ്മാര്ട്ട്ഫോണുകളാണെങ്കിലും ഉപഭോക്താക്കളിലേയ്ക്ക് വേണ്ടത്ര ശ്രദ്ധ ക്ഷണിക്കാന്‍ ഇതിന് സാധിച്ചിട്ടില്ല. സാംസങ്, വണ്‍പ്ലസ് തുടങ്ങിയ ബ്രാന്‍ഡുകള്‍ തുല്യ ശേഷിയുള്ള ഫോണുകള്‍ വളരെ കുറഞ്ഞ വിലയ്ക്ക് വാഗ്ദാനം ചെയ്യുന്നതിനാല്‍, ഐഫോണ്‍ വില്‍പ്പന ഗണ്യമായി കുറഞ്ഞു. എന്നിരുന്നാലും, ആപ്പിള്‍ ഈ പ്രശ്നപരിഹാരത്തിനായി പ്രവര്‍ത്തിച്ചുവരികയാണ്. അങ്ങനെയെങ്കില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വപ്ന പദ്ധതിയായ മേക്ക് ഇന്‍ ഇന്ത്യയിലൂടെ അടുത്ത മാസം മുതല്‍ ഇന്ത്യ ഇതിന്റെ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ തുടങ്ങും.
ആപ്പിളിന്റെ ഐഫോണ്‍ എക്സ്എസ്, ഐഫോണ്‍ എക്സ്ആര്‍ എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുമെന്നും ഫോണുകള്‍ അടുത്ത മാസം സ്റ്റോറുകളില്‍ എത്തുമെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പ്രീമിയം ഫോണുകളും ഇന്ത്യയില്‍ ഫോക്സ്കോണ്‍ നിര്‍മ്മിക്കും, സ്റ്റോറുകള്‍ക്ക് 2019 ഓഗസ്റ്റ് മുതല്‍ ഹാന്‍ഡ്സെറ്റുകള്‍ ലഭിക്കും. ഇതുവരെ, ആപ്പിളോ ഫോക്സ്കോണോ ഒന്നും സ്ഥിരീകരിച്ചിട്ടില്ല. എന്നിരുന്നാലും, വിസ്ട്രോണ്‍ ഇതിനകം തന്നെ ഐഫോണ്‍ 6 എസ്, ഐഫോണ്‍ 7 എന്നിവ ഇന്ത്യയില്‍ നിര്‍മ്മിക്കുന്നുണ്ട്.
ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സ്മാര്‍ട്ഫോണ്‍ വിപണിയിയെന്ന സ്ഥാനം ചൈനയെ പിന്നിലാക്കി സ്വന്തമാക്കിയതാണ് ഇന്ത്യയ്ക്ക് ഗുണകരമായതെന്ന് ഫോക്സ്കോണ്‍ ഗ്രൂപ് ചെയര്മാന് ടെറി ഗൗ പറഞ്ഞു. ഇന്ത്യന്‍ വിപണിയിലേയ്ക്ക തങ്ങലെ സ്വാഗതം ചെയ്ത മോദിജിയെ നന്ദി അറിയിക്കാനും ടെറി ഗൗ മറന്നില്ല.
നിലവിലെ സാഹചര്യം കണക്കിലെടുത്താല്‍ ആപ്പിള്‍ ഇന്ത്യയില്‍ ഈ ഫോണുകള്‍ നിര്‍മ്മിക്കുന്നതിനുള്ള സാധ്യത വളരെ കൂടുതലാണ്.
ആപ്പിളിനെ സംബന്ധിച്ചിടത്തോളം ഫോണുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നത് വഴി ഇറക്കുമതി തീരുവയില്‍ ലാഭം കൊയ്യാന്‍ സാധിക്കും. അങ്ങനെയെങ്കില്‍ ഫോണുകളുടെ വിലയിലും കുറവ് വരും. ഐഫോണ്‍ എക്സ്എസിന്റെ ഇന്ത്യയിലെ വില തുടങ്ങുന്നത് 99,900 രൂപ മുതലാണ്. എന്നാല്‍ ഐഫോണ്‍ എക്സ്എസ് മാക്സിന്റെ വില ആരംഭിക്കുന്നത് ഒരു ലക്ഷം രൂപ മുതലാണ്. ഐഫോണ്‍ എക്സിന്റെ പിന്‍ഗാമിയായി വിപണിയിലെത്തിയ ഐഫോണ്‍ എക്സ്എസിന്റെ തുടക്ക വില തന്നെ അമിതമായിരുന്നു.
ആപ്പിള്‍ കഴിഞ്ഞ വര്‍ഷം ഐഫോണ്‍ എക്സ്ആര്‍ പുറത്തിറക്കിയിരുന്നു. ഇതിന്റെ പ്രാരംഭ വില 76,900 രൂപയാണ്. സാംസങില്‍ നിന്നും ഗൂഗിളില്‍ നിന്നുമുള്ള പ്രീമിയം ഫ്ളാഗ്ഷിപ്പുകള്ക്ക് തുല്യമായിരുന്നു ഇത്. വില്‍പ്പന വര്‍ധിപ്പിക്കുന്നതിനായി ആപ്പിള്‍ അടുത്തിടെ ഐഫോണ്‍ എക്സ്ആറിന്റെ വില 59,900 രൂപയായി കുറച്ചിരുന്നുവെങ്കിലും ചൈനീസ് എതിരാളികളായ വണ്‍പ്ലസ്, ഓപ്പോ എന്നിവ തങ്ങളുടെ പ്രീമിയം ഉപകരണങ്ങള്‍ കുറഞ്ഞ വിലയ്ക്ക് വിപണിയിലെത്തിക്കുകയായിരുന്നു.
ആപ്പിള്‍ പോലുള്ള വന്‍കിട കമ്പനികള്‍ ഇന്ത്യന്‍ വ്യവസായ രംഗത്തേയ്ക്ക് കടന്നു വരുന്നത് മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ വിജയമായി കണക്കാക്കപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: