തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജില്‍ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥി അഖിലിനെ കുത്തിയത് എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറിയും ജില്ലാക്കമ്മിറ്റി അംഗവുമായിരുന്ന നസീമിന്റെ നേതൃത്വത്തില്‍. അഖിലടക്കം വിദ്യാര്‍ഥികളെ ആക്രമിച്ചത് നസീമിന്റെ നേതൃത്വത്തിലുള്ള സംഘമാണെന്നും പൊലീസും സ്ഥിരീകരിച്ചിട്ടുണ്ട്. നസീം ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരേ പോലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എസ്എഫ്‌ഐ നേതാവ് നസീം സ്ഥിരം ക്രിമിനല്‍ കേസുകളില്‍ പ്രതിയണെന്നും വ്യക്തമായി. പാളയത്ത് പട്ടാപ്പകല്‍ ട്രാഫിക് പൊലീസുകാരനെ തല്ലിച്ചതച്ചതും നസീമും കൂട്ടാളികളുമാണ്. ആക്രമണം നടത്തിയിട്ടും മാസങ്ങളോളം നസീമിനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയാറായിരുന്നില്ല. സിപിഎമ്മിന്റെ നിര്‍ദേശപ്രകാരമായിരുന്നു ഇത്. നസീം ഒളിവിലാണെന്ന വിചിത്ര വാദമാണ് പൊലീസ് സ്വീകരിച്ചത്.
എസ്എപി ക്യാംപിലെ പൊലീസുകാരായ വിനയചന്ദ്രന്‍, ശരത്, ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ എന്നിവരെയാണ് എസ്എഫ്‌ഐ നേതാവ് നസീമും പ്രവര്‍ത്തകരും ക്രൂരമായി മര്‍ദിച്ചത്. 12ന് വൈകിട്ട് ആറിനു പാളയം യുദ്ധസ്മാരകത്തിനു മുന്നിലായിരുന്നു സംഭവം. ബൈക്കില്‍ വന്ന എസ്എഫ്‌ഐ പ്രവര്‍ത്തകന്‍ സിഗ്‌നല്‍ തെറ്റിച്ച് യു ടേണിനു ശ്രമിച്ചപ്പോള്‍ ട്രാഫിക് പൊലീസുകാരന്‍ അമല്‍ കൃഷ്ണ തടഞ്ഞു. ഇതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥി അമല്‍ കൃഷ്ണയുടെ യൂണിഫോമില്‍ പിടിക്കുകയും മര്‍ദിക്കുകയും ചെയ്തു. റോഡില്‍ ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വിനയചന്ദ്രനും ശരത്തും തടയാന്‍ ശ്രമിച്ചപ്പോള്‍ അവരെയും വിദ്യാര്‍ഥി ആക്രമിച്ചു.
മൂന്നുപൊലീസുകാരും ചേര്‍ന്നു പ്രതിയെ പിടികൂടാന്‍ ശ്രമിച്ചപ്പോള്‍ ഓടിമാറി. ഉടന്‍ എസ്എഫ്‌ഐ നേതാക്കളെ ഫോണില്‍ വിളിച്ച് വിവരം അറിയിച്ചു. ഉടന്‍ തന്നെ ഇരുപതോളം എസ്എഫ്‌ഐക്കാരാണു സ്ഥലത്തെത്തിയത്. അവരുമായി സംസാരിക്കാന്‍ പൊലീസ് തയാറായെങ്കിലും അനുവദിച്ചില്ല. അക്രമിസംഘം മൂന്ന് പൊലീസുകാരെയും വളഞ്ഞിട്ട് ആക്രമിക്കുകയായിരുന്നു. വഴിയാത്രക്കാരായ സ്ത്രീകള്‍ നിലവിളിച്ചു. അവരെ അസഭ്യം പറഞ്ഞ അക്രമികള്‍ ഓടിക്കൂടിയ മറ്റുള്ളവരെ ഭീഷണിപ്പെടുത്തി വിരട്ടിയോടിക്കുകയും ചെയ്തിരുന്നു.
മര്‍ദനത്തിനു തൊട്ടുപിന്നാലെ പൊലീസ് തിരിച്ചറിഞ്ഞ പ്രതികളിലൊരാളാണ് എസ്എഫ്‌ഐ ജില്ലാ കമ്മിറ്റിയംഗവും യൂണിവേഴ്‌സിറ്റി കോളജ് യൂണിറ്റ് പ്രസിഡന്റുമായ നസീം. അതേ നസീമിന്റെ നേതൃത്വത്തില്‍ യൂണിവേഴ്‌സിറ്റി കോളേജ് കേന്ദ്രീകരിച്ച് ഗൂണ്ടാപ്രവര്‍ത്തനം ശക്തമായിരുന്നെന്നാണു വിദ്യാര്‍ഥികള്‍ തന്നെ വ്യക്തമാക്കുന്നത്. എസ്എഫ്‌ഐ നേതാക്കള്‍ പറയുന്ന പോലെ കോളേജില്‍ പ്രവര്‍ത്തിച്ചില്ലെങ്കില്‍ മര്‍ദനം ഉറപ്പാണ്. കല, സാഹിത്യം, സ്‌പോര്‍ട്‌സ് എന്നിവയുടെ ഒന്നിന്റെ പേരില്‍ വിദ്യാര്‍ഥികള്‍ കൂട്ടുകൂടുന്നതോ ഒത്തുകൂടുന്നതോ എസ്എഫ്‌ഐക്കാര്‍ അനുവദിക്കാറില്ല. മറ്റു സംഘടന പ്രവര്‍ത്തനം അനുവദിക്കില്ലെന്ന പേരില്‍ മുന്‍പു നിരവധി വിദ്യാര്‍ഥികള്‍ക്കു എസ്എഫ്‌ഐക്കാരുടെ മര്‍ദനമേറ്റിട്ടുണ്ട്.
















