കണ്ണൂര്‍: പയ്യന്നൂര്‍ പെരുമ്പയിലെ സ്വാഗത് ഹോട്ടല്‍ തകര്‍ത്ത സംഭവത്തില്‍ രണ്ട് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍കൂടി അറസ്റ്റിലായി. ഇതോടെ ഈ സംഭവത്തില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. പയ്യന്നൂര്‍ പൊള്ളക്കോട് നിതിന്‍കമല്‍ (23), മാവിച്ചേരി മൈത്രാണിമ്മേല്‍ എം.രാജേഷ് (36) എന്നിവരെയാണ് ബുധനാഴ്ച വൈകീട്ട് നാലുമണിയോടെ ജോലിസ്ഥലത്തുനിന്ന് അറസ്റ്റ് ചെയ്തത്. ഇവരെ കോടതി റിമാന്റ് ചെയ്തു.
കഴിഞ്ഞദിവസം അറസ്റ്റിലായ പയ്യന്നൂര്‍ പടിഞ്ഞാറേക്കണ്ടി ഹൗസില്‍ സുധീഷി(23)നെ ചോദ്യംചെയ്തതോടെയാണ് സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരെ പോലീസ് അറസ്റ്റ് ചെയ്തത്. സുധീഷിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ അക്രമംനടത്തിയ മറ്റ് പത്തുപേരെയും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഞായറാഴ്ച ഉച്ചയ്‌ക്കാണ് ഒരുസംഘം പെരുമ്പയിലെ ‘സ്വാഗത്’ ഹോട്ടല്‍ അടിച്ചുതകര്‍ത്തത്. സംഭവത്തില്‍ പതിനേഴുപേര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു.
















