തിരുവനന്തപുരം: ഏറെ കോളിളക്കം സൃഷ്ടിച്ച കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ നടക്കുക എറണാകുളത്തു പുതിയതായി സ്ഥാപിക്കുന്ന പോക്‌സോ പ്രത്യേക കോടതിയില്‍. ഇന്നു ചേര്‍ന്ന മന്ത്രിസഭാ യോഗത്തിന്റെതാണ് തീരുമാനം. കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഇരയായ നടിയുടെ ആവശ്യം നേരത്തേ ഹൈക്കോടതി അംഗീകരിച്ചിരുന്നു. സിബിഐ കോടതി ജഡ്ജി ഹണി വര്‍ഗീസാണ് കേസ് വിസ്തരിക്കുക. കേസിലെ വിചാരണ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്നു ഹൈക്കോടതി ഉത്തരവിട്ടിരുന്നു. പോക്‌സോ കേസുകള്‍ക്ക് മാത്രമായി എറണാകുളത്ത് പ്രത്യേക കോടതി സ്ഥാപിക്കാനാണ് ഇന്നു മന്ത്രിസഭ അനുമതി നല്‍കിയത്. ഇതിനായി ഒരു ജില്ലാ ജഡ്ജ്, കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ്, ബെഞ്ച് ക്ലാര്‍ക്ക് ഉള്‍പ്പെടെ 13 തസ്തികകള്‍ സൃഷ്ടിക്കും. എറണാകുളത്ത് നടി ആക്രമിക്കപ്പെട്ട കേസ് ഇതേ കോടതിയില്‍ പ്രത്യേകമായി വിചാരണ ചെയ്യുന്നതിന് അനുമതി നല്‍കാനുമാണു തീരുമാനം.
















