ന്യൂദല്‍ഹി: ബാലാകോട്ട് വ്യോമാക്രമണത്തിന് ശേഷം കശ്മീരില്‍ ആഭ്യന്തര വകുപ്പിന്റെ നടപടികളില്‍ ഭയന്ന് ഭീകരര്‍. കാശ്മീരില്‍ അശാന്തി പടര്‍ത്തണമെന്ന സന്ദേശവുമായി ആഗോള ഭീകരസംഘടന അല്‍-ഖ്വായ്ദയുടെ തലവന്‍ അയ്‌മാന്‍ അല്‍ സവാഹിരി രംഗത്തെത്തി. പുതിയ വിഡിയോ സന്ദേശത്തില്‍ കാശ്മീരിനെ പ്രധാന കേന്ദ്രമാക്കി മാറ്റി ആക്രമണം നടത്താനുള്ള ആഹ്വാനവുമായാണ് കൊടുംഭീകരന്‍ രംഗത്തെത്തി കാശ്മീരിലെ പ്രദേശിക ഭീകരസംഘടനകള്‍ ഒന്നിക്കണമെന്നും ഇന്ത്യന്‍ സൈന്യത്തിനും സന്നാഹങ്ങള്‍ക്കും നേരേ തുടര്‍ച്ചയായ ആക്രമണം നടത്താനുമാണ് സഹാവിരിയുടെ ആഹ്വാനം. കശ്മീര്‍ വിഷയത്തില്‍ പാക്കിസ്ഥാനെ വിശ്വസിക്കരുതെന്നും ഭീകരാക്രമണങ്ങള്‍ വഴി ഇന്ത്യന്‍ സര്‍ക്കാരിനെ അസ്വസ്ഥരാക്കണം. ഇന്ത്യക്കുണ്ടാകുന്ന ആള്‍നാശവും സന്നാഹ നഷ്ടവുമായിരിക്കണം ഭീകരരുടെ ലക്ഷ്യമെന്നും സവാഹിരി വീഡിയേയില്‍ പറയുന്നു.
അതേസമയം, ബാലക്കോട്ടിലെ തിരിച്ചടിക്ക് ശേഷം അതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തില്‍ കുറവ് വന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. ജമ്മു ക്മീരിലെ സുരക്ഷാസംവിധാനങ്ങള്‍ വര്‍ധിപ്പിച്ചത് കാരണം കടന്നുകയറ്റം 43% ത്തോളം കുറഞ്ഞതായി ആഭ്യന്തരസഹമന്ത്രി നിത്യാനന്ദ് റായി ലോക്സഭയില്‍ അറിയിച്ചു.
രാജ്യാതിര്‍ത്തിയിലൂടെയുള്ള നുഴഞ്ഞുകയറ്റത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 2018 ല്‍ ഈ കാലയളവില്‍ നടന്ന നുഴഞ്ഞുകയറ്റം ഇതിനിരട്ടിയായിരുന്നുവെന്ന് നിത്യാനന്ദ് റായി പറഞ്ഞു. ഫെബ്രുവരിയില്‍ ഇന്ത്യ നടത്തിയ ബാലാകോട്ട് ആക്രമണത്തിന് ശേഷം ജമ്മു കശ്മീരില്‍ സുരക്ഷാക്രമീകരണങ്ങള്‍ വര്‍ധിപ്പിച്ചിരുന്നു.സംസ്ഥാനഭരണകൂടവുമായി സഹകരിച്ച് കേന്ദ്രം വിവിധവും ശക്തവുമായ സുരക്ഷാക്രമീകരണങ്ങള്‍ നടപ്പിലാക്കിയിരുന്നു. നുഴഞ്ഞുകയറ്റക്കാരോട് ഒരു ദാക്ഷിണ്യവും വേണ്ടെന്ന കടുത്ത നിലപാടാണ് സര്‍ക്കാരിനുള്ളത്.
നുഴഞ്ഞുകയറ്റം നിയന്ത്രിക്കാന്‍ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പ്രത്യേക പദ്ധതിനടപ്പാക്കുന്നുണ്ട്. നിയന്ത്രണരേഖയില്‍ സൈന്യത്തെ വിന്യസിക്കുക, അതിര്‍ത്തിയില്‍ വേലി കെട്ടുക, രഹസ്യാന്വേഷണം ശക്തമാക്കുക, തുടങ്ങിയവയാണ് അനുവര്‍ത്തിക്കുന്നത്. നുഴഞ്ഞുകയറ്റം തടയാനുള്ള ശക്തമായ ആയുധമാണ് വൈദ്യുത വേലിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
















