തിരുവനന്തപുരം: കേരളത്തില്‍ എത്തിയശേഷം അപ്രത്യക്ഷയായ ജര്‍മ്മന്‍ യുവതി ലിസ വെയ്സിന് ഈജിപ്തിലെ മുസ്ലിം ഭീകര സംഘടനകളുമായി ബന്ധമുണ്ടായിരുന്നെന്ന് ഇന്റര്‍പോള്‍ റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ച് അഞ്ചിനു ജര്‍മനിയില്‍നിന്നു പുറപ്പെട്ട ലിസ ഏഴിനാണ് തിരുവനന്തപുരത്ത് വിമാനമിറങ്ങിയത്. ദുബായില്‍നിന്നുള്ള 6ഇ-038 വിമാനത്തില്‍ ബ്രിട്ടീഷ് പൗരനായ സുഹൃത്ത് മുഹമ്മദ് അലി(29) ഒപ്പമുണ്ടായിരുന്നു. ഇയാള്‍ 15ന് തിരിച്ചു പോയിട്ടും ലിസയുടെ വിവരങ്ങളൊന്നും ലഭിക്കാതിരുന്നതോടെയാണ് പോലീസില്‍ പരാതി നല്‍കിയത്.
ലിസ നല്‍കിയ യാത്രാരേഖകളില്‍ കൊല്ലം അമൃതപുരി ആശ്രമം എന്ന വിലാസമാണ് ഉണ്ടായിരുന്നത്. കേരളാ പോലീസിന്റെ ആവശ്യപ്രകാരം ഇന്റര്‍പോള്‍ യെല്ലോ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. ലിസയുടെ ചിത്രവും ലഭ്യമായ വിവരങ്ങളും ഇന്റര്‍പോള്‍ മുഖേന വിവിധ രാജ്യങ്ങള്‍ക്കു കൈമാറിക്കഴിഞ്ഞു. ജര്‍മ്മനി, സ്വീഡന്‍, അമേരിക്ക എന്നിവിടങ്ങളിലെ അന്വേഷണ ഏജന്‍സികളും അന്വേഷണത്തില്‍ സഹായിക്കുന്നു. സംസ്ഥാന പോലീസും തീവ്രവാദ വിരുദ്ധ സ്‌ക്വാഡും ചേര്‍ന്നാണ് കേസ് അന്വേഷിക്കുന്നത്.
2011-ല്‍ തീര്‍ത്ഥാടകയായി കേരളത്തിലെത്തിയ ലിസ രണ്ടു മാസം അമൃതപുരിയില്‍ താമസിച്ചിരുന്നു. തുടര്‍ന്ന് ഈജിപ്തിലേക്കു പോയ അവര്‍, അവിടെവെച്ചു പരിചയപ്പെട്ട അബാദ് അല്‍ റഹ്മാന്‍ ഹാഷിമിനെ വിവാഹം കഴിക്കുകയായിരുന്നു. അതിനായി ഇസ്ലാം മതം സ്വീകരിച്ച ലിസ പേര് മാറ്റിയതായും പറയപ്പെടുന്നു. രണ്ടു മക്കളുണ്ടായതിനു ശേഷം വിവാഹമോചിതയായി 2016-ലാണ് ജര്‍മനിയില്‍ തിരികെച്ചെന്നത്. മുന്‍ ഭര്‍ത്താവ് അബാദും പുതിയ സുഹൃത്ത് മുഹമ്മദ് അലിയും ചില മുസ്ലിം ഭീകര ഗ്രൂപ്പുകളുമായി ബന്ധം പുലര്‍ത്തിയിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. ലിസ ഭീകര പ്രവര്‍ത്തനങ്ങള്‍ക്കുള്ള പരിശീലനം നേടിയിരുന്നതായും സൂചനകളുമുണ്ട്. മംഗളമാണ് ഇതുസംബന്ധിച്ചുള്ള വാര്‍ത്ത പുറത്തുവിട്ടത്.
ലിസ മാര്‍ച്ച് ഒന്‍പതിന് വര്‍ക്കല ക്ലിഫിലെത്തിയതായി മൊബൈല്‍ നമ്പര്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കൂടാതെ തിരുവനന്തപുരത്തുനിന്ന് അമൃതപുരിയിലേക്ക് പോകാനായി ബൈക്ക് വാടകയ്‌ക്കെടുക്കാന്‍ ശ്രമം നടത്തിയെങ്കിലും 80 കി.മീ. ദൂരമുണ്ടെന്നും ബൈക്ക് യാത്ര എളുപ്പമല്ലെന്നും പറഞ്ഞ് നിരുത്സാഹപ്പെടുത്തുകയായിരുന്നു.
എന്നാല്‍ ഇവര്‍ ഇരുചക്ര വാഹനം പണം കൊടുത്തു വാങ്ങിയിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്. അതേസമയം അന്വേഷണം നടത്തിയ തെരച്ചിലില്‍ ലിസ വിമാനത്തില്‍ മടങ്ങിയതായി തെളിവൊന്നും കണ്ടെത്താനായിട്ടില്ല. അതുകൊണ്ടു തന്നെ ഇനി നേപ്പാളിലേക്ക് കടന്നിട്ടുണ്ടോ എന്നും സംശയിക്കുന്നുണ്ട്.
അതിനിടെ വര്‍ക്കലയില്‍ പര്‍ദ്ദയണിഞ്ഞു കാണപ്പെട്ട വിദേശവനിത ജര്‍മനിയില്‍നിന്നെത്തിയ ലിസ ആയിരുന്നെന്നു സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ മാര്‍ച്ച് പത്തിനു ശേഷം ലിസയുടെ മൊബൈല്‍ ഫോണും ജി മെയില്‍ അക്കൗണ്ടും ഡീആക്ടിവേറ്റാക്കിയിരിക്കുകയാണ്. ജര്‍മ്മനിയില്‍ നിന്ന് പുറപ്പെടുന്നതിനു മുമ്പ് തന്നോടും സഹോദരിയോടും ഫോണില്‍ സംസാരിച്ചിരുന്നെന്ന് മകളെ കാണാനില്ലെന്ന് ഇന്ത്യയിലെ ജര്‍മന്‍ കോണ്‍സുലേറ്റില്‍ ലിസയുടെ അമ്മ നല്‍കിയ പരാതിയില്‍ പറയുന്നുണ്ട്.
















