പരമാണുജഗദകാരണത്വാധികരണം
മൂന്നാമത്തേതായ ഈ അധികരണത്തില്‍ 6 സൂത്രങ്ങളുണ്ട്.
സൂത്രം ഉഭയഥാപി ന കര്‍മ അതസ്തദഭാവ:
രണ്ടു തരത്തിലാണെങ്കിലും പരമാണുക്കളില്‍ കര്‍മവ്യാപാരം സംഭവിക്കുകയില്ല. പരമാണു സംയോഗം ഉണ്ടാകില്ല. അതിനാല്‍ അണുക്കള്‍ ജഗത് കാരണമല്ല.
വൈശേഷികരുടെ മതമനുസരിച്ചുള്ള അണുക്കളില്‍ നിന്നുള്ള സൃഷ്ടി ഉണ്ടാകുന്നുവെന്ന അഭിപ്രായം ശരിയല്ലെന്ന് ഈ സൂത്രത്തില്‍ പറയുന്നു.
അവയവങ്ങളൊന്നുമില്ലാത്തതും നിഷ്ക്രിയങ്ങളുമായ പരമാണുക്കള്‍ക്ക് കൂടിച്ചേരലുണ്ടെങ്കില് അതിനൊരു കാരണം വേണം. പ്രളയകാലത്ത് ഈ പരമാണുക്കളെല്ലാം നിശ്ചലമായിരുന്നു. പിന്നീട് അവ ചലിക്കണമെങ്കില്‍ ഒരു ചൈതന്യത്തിന്റെയോ കര്‍മ്മത്തിന്റെയോ ഇടപെടല്‍ ഉണ്ടാകണം എന്ന് അങ്ങനെയൊന്ന് ഉള്ളതായി വൈശേഷികര്‍ പറയുന്നില്ല.
ജീവന്മാരുടെ കാണാനാവാത്ത തരത്തിലുള്ള കര്‍മ്മ വാസനകളാണ് പരമാണുക്കളെ ചലിപ്പിക്കുന്നതെന്നുള്ളത് വിശ്വാസയോഗ്യമല്ല. എന്തെന്നാല്‍ ജീവന്മാരുടെ കര്‍മ്മവാസനകള്‍ ജീവന്മാരില് ഒതുങ്ങിയിരിക്കുകയാണ്. അവ പരമാണുക്കളെ ചലിപ്പിക്കുന്നില്ല. അങ്ങനെയെങ്കില്‍ സൃഷ്ടിയുടെ തുടക്കത്തില്‍ സ്വയം ചലിച്ചോ മറ്റേതെങ്കിലും ശക്തിയാല്‍ ചലിപ്പിക്കപ്പെട്ടോ അവ ജഗത്തിന്റെ സൃഷ്ടിയ്ക്ക് കാരണമാകുന്നില്ല.
പരമാണുക്കള്‍ കാണാനാകാത്തതും ചേതനയില്ലാത്തവയുമാണ്. ചേതനയില്ലാത്ത വസ്തുവിന് ചേതനയുള്ള ഒന്നിന്റെ ഉല്‍പ്പത്തിയ്ക്ക് കാരണമാകാനാവില്ല. പല വൈവിധ്യങ്ങളാല്‍ നിറഞ്ഞ ഈ ജഗത്തിന്റെ കാരണം ജഡങ്ങളും ചലനമില്ലാത്തവയുമായ പരമാണുക്കളാകാന് തരമില്ല.
സൂത്രം സമവായാഭ്യുപഗമാച്ച സാമ്യാദനവസ്ഥിതേ:
സമവായ സംഗമം സ്വീകരിക്കുന്നതിനാലും സമവായത്തിലും സമവായിയിലും ഭേദത്തിന്റെ സാമ്യം ഉള്ളതിനാലും അസംസ്ഥാ ദോഷുള്ളതിനാലും പരമാണു കാരണവാദം ശരിയല്ല.
വൈശേഷികര്‍ പരമാണു വാദത്തില്‍ സമവായ സംബന്ധത്തെ സ്വീകരിച്ചിട്ടുണ്ട്. എന്നാലും പരമാണു വാദം ശരിയാകില്ല. കാര്യ കാരണത്തിലെ പോലെ സമവായ സമവായി ഭേദത്തിലും സാമ്യത പറഞ്ഞാലും പരമാണു വാദം ശരിയാകില്ല. സമവായ സംബന്ധ കല്‍പ്പന ആവര്‍ത്തിക്കുന്നതിനാല്‍ അനവസ്ഥിത ദോഷമുണ്ടാകും. ഇത് പരമാണു വാദത്തിനെതിരാണ്.
വൈശേഷിക സിദ്ധാന്തമുസരിച്ച് ഒരു സൃഷ്ടിയ്ക്ക് മൂന്ന് കാരണങ്ങള്‍ വേണം. സമവായി, അസമവായി, നിമിത്ത എന്നിവയാണവ.
വസ്ത്രമുണ്ടാക്കാന്‍ നൂല് സമവായി കാരണവും നൂലുകളുടെ കൂടിച്ചേരല്‍ അസമവായി കാരണവും തറി മുതലായവ നിമിത്ത കാരണവുമാണ്.
വൈശേഷിക ദര്‍ശനത്തില്‍ കാര്യം കാരണത്തില്‍ നിന്നും വളരെ വേറിട്ടതായാല് പോലും സമവായി കാരണവും കാര്യത്തിന്റെ പരമ്പരാ ബന്ധവും സമവായം എന്നു പറയുന്നു. ഈ നിയമപ്രകാരം രണ്ട് അണുക്കള്‍ ചേരുന്ന ദ്വ്യണുകം എന്ന കാര്യവസ്തു കാരണമായ അണുക്കളില്‍ നിന്ന് വേറിട്ടതാണ്. സമവായവും. സമവായിയും വേറിട്ടിരിക്കുന്നു.
ഭേദഭാവം രണ്ടിലും തുല്യമാണ്. ദ്വ്യണുകം രണ്ട് അണുക്കളോട് ബന്ധപ്പെട്ടതു പോലെ സമവായവും സമവായിയുമായി സമവായ സംബന്ധവുമായി ബന്ധപ്പെട്ടിരിക്കുകയാണ്. ഇങ്ങനെയെങ്കില്‍ അവസാനമില്ലാത്ത സമവായ സംബന്ധം കല്പ്പിക്കേണ്ടി വരും. അത് അനവസ്ഥാ ദോഷത്തിന് കാരണമാകും. രണ്ട് അണുക്കള്‍ ചേര്‍ന്ന് ദ്വ്യണുകം ഉണ്ടാകും പോലെയല്ല ജഗത്തുണ്ടായത് .അതിനാല്‍ സമവായ സംബന്ധം സ്വീകാര്യമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: