മുഖം മനസ്സിന്റെ കണ്ണാടി എന്നതു പ്രപഞ്ച സത്യം. ആഗ്രഹങ്ങള്‍ക്ക് അതിരുകളില്ല എന്നത് പരമസത്യം. അര്‍ശസിന്റെ അസ്‌ക്യത പ്രതിഫലിക്കുന്ന മുഖംപോലും പുഞ്ചിരികൊണ്ട് മനോഹരമാകണമെന്ന് ആഗ്രഹിച്ചു പോകുന്ന മനുഷ്യന്‍. അത്തരം ഒരു അത്യാഗ്രഹമാണ് ഇവിടെ ഉടലെടുത്തത്. സ്വന്തം സര്‍ക്കാരിന്റെ കോടിയ മുഖം, കോടികള്‍ എറിഞ്ഞു മിനുക്കാന്‍ ശ്രമിക്കുകയാണ് കേരള മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാര്‍ പണം നല്‍കിക്കഴിഞ്ഞു. മുഖ്യമന്ത്രിയെ മുഖംമിനുക്കി ജനസേവകനായി ഒരുരൂപ മാറ്റം വരുത്തി അവതരിപ്പിക്കേണ്ട ഉത്തരവാദിത്വം ഒരുകോടി വിലയിട്ടു സി-ഡിറ്റ് എന്ന സ്ഥാപനത്തിന് നല്‍കിയിരിക്കുകയാണ്.
സമൂഹ മാധ്യമങ്ങളില്‍ തന്റെ മുഖം ആര്‍ദ്രവും സൗമ്യവും സ്നേഹ സമ്പന്നവും ആക്കിമാറ്റി, ജനങ്ങള്‍ക്കുവേണ്ടി അവതരിച്ച യുഗപുരുഷനാക്കി അവതരിപ്പിക്കാന്‍. തന്റെ ഭരണ നേട്ടങ്ങളായി കുറെ ജനോപകാരപ്രദമായ പദ്ധതികള്‍ ജനങ്ങള്‍ക്കുമുന്നില്‍ വയ്‌ക്കാന്‍. അതിനാണ് മുഖ്യന്‍ ഒരുകോടി 10 ലക്ഷം ചെലവാക്കുന്നത്. നരേന്ദ്ര മോദി സ്വര്‍ണ ഉടുപ്പിടുന്നു, പബ്ലിക് റിലേഷന് കോടികള്‍ മുടക്കി ഏജന്‍സികളെ വയ്‌ക്കുന്നു എന്നൊക്കെ നിരന്തരം ആരോപണമുയര്‍ത്തുന്ന തൊഴിലാളി പാര്‍ട്ടിയുടെ സര്‍ക്കാര്‍, തങ്ങളുടെ പിആര്‍ പണിക്ക് ഒരു കോടിയിലേറെ മുടക്കുന്നത് പുതിയകാല മാര്‍ക്സിയന്‍ ചിന്താഗതിയാണ്.
ഇങ്ങനെ ഒരു ഉദ്യമത്തിന്റെ ആവശ്യമില്ല എന്നതാണ് സത്യം. കാരണം മുഖ്യമന്ത്രി ഒരു ബിംബമായി ജന മനസ്സുകളില്‍ കുടിയിരുത്തപ്പെട്ടു കഴിഞ്ഞു. മുഖ്യന്റെ മുഖവും ശരീരവും ശരീര ഭാഷയും ശരിയായ ഭാഷയും കേരളത്തിലെ ജനങ്ങളുടെ മനസ്സില്‍ സ്ഥിരപ്രതിഷ്ഠ നേടിക്കഴിഞ്ഞു. അത്രകണ്ട് ആഴത്തില്‍ മനസ്സില്‍ പതിഞ്ഞു പോയി അദ്ദേഹത്തിന്റെ ഭാഷാവൈഭവം. ആംഗലേയ ഭാഷയില്‍ ഷേക്‌സ്പിയറെ പോലെ, മലയാളത്തില്‍ അദ്ദേഹത്തിന്റെ സൃഷ്ടികളായ പല പ്രയോഗങ്ങളും മലയാള ഭാഷയ്‌ക്ക് മുതല്‍ക്കൂട്ടാകും. മാന്യന്മാര്‍ക്ക് എഴുതാനും പറയാനും കൊള്ളാത്ത ഒരു പ്രയോഗം (‘പര…’) അടുത്ത വര്‍ഷം ഓക്സ്ഫഡ് നിഘണ്ടുവില്‍ ഉള്‍പ്പെടുത്താനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ‘കടക്കു പുറത്ത്’ എന്ന പ്രസിദ്ധമായ വായ്മൊഴി ഓരോ മാധ്യമ പ്രവര്‍ത്തകനും ജീവിതകാലം മുഴുവന്‍ ഓര്‍ക്കും. ‘
മാറി നില്‍ക്കങ്ങോട്ട്’ എന്ന പ്രയോഗവും മാധ്യമ പ്രവര്‍ത്തകരുടെ മനസ്സില്‍ പച്ചപിടിച്ചു നില്‍ക്കും. ജനങ്ങളുടെ മനസ്സിലും ഇതൊക്കെയുണ്ടാകും. അത്രയ്‌ക്ക് മനസ്സില്‍ പതിഞ്ഞത് മാറ്റാന്‍ കഴിയില്ലല്ലോ. സഹിഷ്ണുത എന്നാല്‍ എന്താണെന്ന് ഓരോ പ്രകടനങ്ങളിലും തെളിഞ്ഞുകാണാം. കൂവി പുറത്താക്കാന്‍ ശ്രമിയ്‌ക്കുന്ന പാര്‍ട്ടി അണികളോട് എങ്ങനെ പെരുമാറണമെന്ന് സംസ്ഥാന സമ്മേളനത്തില്‍ ‘കള്ളു കുടിച്ചാല്‍ വയറ്റില്‍ കിടക്കണം’ എന്നു തുടങ്ങുന്ന തകര്‍പ്പന്‍ ശകാരം ജനത്തിന്റെ കര്‍ണപുടങ്ങളില്‍ ഇന്നും മുഴങ്ങുന്നു. തന്നെക്കാള്‍ കൂടുതല്‍ കയ്യടി മറ്റൊരു നേതാവിന് ഒരുസമ്മേളനത്തില്‍ കിട്ടുന്നുവെങ്കില്‍ അതെങ്ങനെ കൈകാര്യം ചെയ്യണമെന്ന് പ്രധാനമന്ത്രി പങ്കെടുത്ത ഉദ്ഘാടന സമ്മേളനത്തില്‍ മനസ്സിലാക്കി. അതിന്റെ ലേറ്റസ്റ്റ് വേര്‍ഷനായിരുന്നു പാലക്കാട് മോഹന്‍ലാല്‍ പങ്കെടുത്ത പൊതു സമ്മേളനത്തിലെ അഭ്യാസം.
സി-ഡിറ്റിന് മൂന്നുവര്‍ഷം മുഴുവന്‍ ചെയ്താലും തീരാത്തത്ര കാര്യങ്ങള്‍ കഴിഞ്ഞ മൂന്ന് വര്‍ഷം സര്‍ക്കാരിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ടായി അവതരിപ്പിക്കാനുണ്ട്. പിണറായി സര്‍ക്കാരിന്റെ നേട്ടങ്ങള്‍, വളരെ പ്രധാനമായ കുറച്ചുപോയിന്റുകള്‍ സി-ഡിറ്റിന് പറഞ്ഞുതരാം. ഏറ്റവും പ്രധാനം, അതായത്’ ഹൈലൈറ്റ്’ മുഖ്യമന്ത്രി ഐക്യരാഷ്‌ട്ര സഭയില്‍ നടത്തിയ പ്രസംഗമാണ്. വി.കെ. കൃഷ്ണമേനോന്‍ യുഎന്‍ സെക്യൂരിറ്റി കൗണ്‍സിലില്‍ നടത്തിയ ഐതിഹാസികമായ 8 മണിക്കൂര്‍ പ്രസംഗത്തിനുശേഷം ഉണ്ടായ ചരിത്ര മുഹൂര്‍ത്തമാണ് മുഖ്യന്റെ യുഎന്‍ പ്രസംഗം. അതിന്റെ ലൈവ് വീഡിയോ പ്രചരിപ്പിക്കാം. അടുത്തത്, ലഭിച്ച അന്താരാഷ്‌ട്ര പുരസ്‌കാരം. അമേരിക്ക നല്‍കിയത്. നിപ്പ വൈറസിനെ കേരളത്തില്‍നിന്നു പുറത്താക്കിയതിന് നോബല്‍ പ്രൈസിന് തുല്യമായ പുരസ്‌കാരമാണ് ബാള്‍ട്ടിമോറില്‍നിന്നു കിട്ടിയത്. അതും കാണിക്കാം. ലണ്ടന്‍ സ്റ്റോക്ക് എക്സേഞ്ച് മസാല ബോണ്ട് ഉദ്ഘാടനവും ലോകംമുഴുവന്‍ ഉറ്റുനോക്കിക്കൊണ്ടിരുന്നതാണ്, ലോക ഷെയര്‍ മാര്‍ക്കറ്റുകള്‍ ഇടിയുമോ എന്ന്.
ക്രമസമാധാനപാലന രംഗത്ത് ആഭ്യന്തര വകുപ്പ് ചെയ്യുന്ന സ്തുത്യര്‍ഹമായ സേവനമാണ് മറ്റൊരുനേട്ടം. മകന്റെ കൊലപാതകത്തെ/ആത്മഹത്യയെ കുറിച്ച് പരാതിയുമായി പോലീസ് ആസ്ഥാനത്ത് എത്തിയ ജിഷ്ണു പ്രണോയ് എന്ന വിദ്യാര്‍ത്ഥിയുടെ അമ്മയെ പോലീസ് നിഷ്ഠൂരമായി കൈകാര്യം ചെയ്തത് കേരളം കണ്ടതാണ്. പോലീസ് നടപടിയെ ന്യായീകരിക്കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ജിഷ്ണുവിന്റെ അമ്മ മഹിജയെ കാണാന്‍ വിസമ്മതിക്കുകയും ചെയ്തു. മഹാരാജാസ് കോളേജില്‍ കൊല്ലപ്പെട്ട അഭിമന്യൂ എന്ന എസ്എഫ്ഐ പ്രവര്‍ത്തകന്റെ കുടുംബം സ്വന്തം പാര്‍ട്ടിക്കാരനായ മുഖ്യമന്ത്രിയോട് പറഞ്ഞു, കേസന്വേഷണം ശരിയല്ല എന്ന്. കൊലപാതകങ്ങള്‍ പ്രത്യേക പരാമര്‍ശം അര്‍ഹിക്കുന്നു. 20 രാഷ്‌ട്രീയ കൊലപാതകങ്ങള്‍ ആണ് ഇടതുമുന്നണി അധികാരത്തില്‍ വന്നതിനുശേഷം കേരളത്തില്‍ നടന്നത്. എല്ലാത്തിലും സിപിഎം പ്രതി. ഏറ്റവും അവസാനം നടന്നത് കാസര്‍ഗോഡ് പെരിയയിലെ രണ്ട് യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരുടെ കൊലപാതകം.
കസ്റ്റഡി മരണങ്ങളുടെ കണക്കിലും ഒട്ടും പുറകിലല്ല. അവിടെയും അസൂയാവഹമായ പുരോഗതിയുണ്ട്. നെടുങ്കണ്ടത്തു നടന്ന കസ്റ്റഡി കൊലപാതകത്തിന്റെ വാര്‍ത്തകള്‍ വന്നുകൊണ്ടിരിക്കുകയാണ്. ഒരു സ്റ്റേഷനിലെ മുഴുവന്‍ പോലീസ് 100 മണിക്കൂര്‍ ഒരാളെ മര്‍ദിക്കുന്നു. ബാക്കി മര്‍ദ്ദനം ജയില്‍ അധികാരികളുടെ വക. പുറത്തുവരുന്നത് ആ മനുഷ്യന്റെ ശവശരീരം. മര്‍ദിച്ച് അവശനാക്കി വൈദ്യസഹായം നല്‍കാതെയുള്ള കൊലപാതകം. 4 വര്‍ഷം മുന്‍പുള്ള ഒരു കസ്റ്റഡി മരണത്തിന്റെ അന്വേഷണം ഇപ്പോഴും എങ്ങും എത്തിയിട്ടില്ല. അതാണ് അന്വേഷണത്തിന്റെ രീതി.
യുഎന്‍ എന്‍വയേണ്‍മെന്റ് എന്ന ഐക്യരാഷ്‌ട്രസഭ, പരിസ്ഥിതി സംഘടനയുടെ പ്രത്യേക പ്രശംസ പിടിച്ചുപറ്റിയ പരിപാടികളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പരിസ്ഥിതി സംരക്ഷണത്തിന് എന്നും മുന്‍ഗണന. മൂന്നാര്‍ സംരക്ഷിച്ച് സംരക്ഷിച്ച് ഇപ്പോള്‍ മൂന്നാര്‍തന്നെ ഇല്ലാതായി. മന്ത്രി തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം മറയ്‌ക്കാനും കയ്യേറ്റം സാധൂകരിക്കാനും അവസാന നിമിഷംവരെ ശ്രമിച്ചു. എംഎല്‍എ പിവി അന്‍വറിന്റെ ഭൂമി കയ്യേറ്റത്തിനും വനത്തില്‍ തടയണ കെട്ടിയതിനും പൂര്‍ണ പിന്തുണയായിരുന്നു സര്‍ക്കാര്‍ നല്‍കിയത്.
വ്യവസായ സൗഹൃദം. വിദേശ വ്യവസായികളെ അവിടെ പോയി ആകര്‍ഷിച്ചു കൊണ്ടുവന്ന് അവര്‍ക്കു തൂങ്ങാന്‍ ഒരുമുഴം കയര്‍ നല്‍കുന്ന പരിപാടിയാണ് വ്യവസായ സൗഹൃദം. കഴിഞ്ഞ വര്‍ഷം വ്യവസായം തുടങ്ങാന്‍ അനുമതി നല്‍കാതെ കടംകയറി കയറില്‍ ജീവിതം അവസാനിപ്പിച്ച സുഗതന്‍. സുഗതന്റെ മകനും ദുരിതക്കയത്തിലാണ്. ഒരു കുടുംബത്തെതന്നെ ഉന്മൂലനം ചെയ്യാനുള്ളതാണ് പദ്ധതി. അടുത്തിടെ 15 കോടി മുടക്കി കണ്ണൂരില്‍ കണ്‍വെന്‍ഷന്‍ സെന്റര്‍ കെട്ടി അനുമതി കിട്ടാതെ കയറില്‍ ജീവിതം അവസാനിപ്പിച്ച സാജന്‍ ആണ് ഏറ്റവും അവസാനത്തെ ഇര. കര്‍ഷക ആത്മഹത്യ ആണ് മറ്റൊരു പദ്ധതി. കൃഷി നഷ്ടമായാല്‍ ആത്മഹത്യ ചെയ്യുക. കൃഷി നഷ്ടമായി കടം കയറി പട്ടിണിയായി 13 കര്‍ഷകരാണ്് ഇക്കാലയളവില്‍ ആത്മഹത്യ ചെയ്തത്.
ഉദ്യോഗസ്ഥ സൗഹൃദമാണ് ഭരണം. ഉദ്യോഗസ്ഥരോട് വളരെ ഇഷ്ട്ടമാണ് മുഖ്യ മന്ത്രിക്കും സര്‍ക്കാരിനും. അവര്‍ എന്ത് ചോദിച്ചാലും നല്‍കും. മുട്ടിലിഴയാത്തവരെ അങ്ങേയറ്റം പീഡിപ്പിക്കുകയെന്നതാണ് ഒരു വിനോദം. നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുക. ഡിജിപി ആയ ടി.പി. സെന്‍കുമാറിനെ ജോലിയില്‍നിന്നു മാറ്റാന്‍ ലക്ഷങ്ങള്‍ മുടക്കിയാണ് സുപ്രീം കോടതിയില്‍ പോയത്. സെന്‍കുമാറിന്റെ ഭാഗ്യം കൊണ്ട് അതിനെ അതിജീവിച്ച് ഒരുവര്‍ഷം ഡിജിപി ആയിരിക്കാന്‍ അവസരംകിട്ടി. ഒന്നര വര്‍ഷമായി സസ്‌പെന്‍ഡ് ചെയ്തുകൊണ്ടിരിക്കുന്നു, ഡിജിപി ജേക്കബ് തോമസിനെ. വീണ്ടും 6 മാസത്തേയ്‌ക്കുകൂടി സസ്പെന്‍ഷന്‍ നീട്ടിക്കഴിഞ്ഞു. രണ്ടുവര്‍ഷം സസ്‌പെന്‍ഷന്‍. ഇപ്പോളിതാ രാജു നാരായണ സ്വാമി എന്ന മുതിര്‍ന്ന ഐഎഎസ് കാരനെ പിരിച്ചുവിടാനുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു.
പതിനാലാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ നടന്ന നവോഥാനം കേരളത്തില്‍ പുനരാവിഷ്‌ക്കരിച്ചതാണ് മറ്റൊരുനേട്ടം. 50 കോടി രൂപയില്‍ കേരളത്തിന്റെ തെക്കു- വടക്ക്, പൊട്ടിപ്പൊളിഞ്ഞൊരു വനിതാ മതില്‍ തീര്‍ത്ത് സ്ത്രീ സ്വാതന്ത്ര്യവും നവോദ്ധാനവും ഒന്നിച്ചു കൊണ്ടുവന്നു. നിയമ വ്യവസ്ഥയോടുള്ള ബഹുമാനവും അത് എങ്ങനെയെങ്കിലും നടത്തിയെടുക്കാനുള്ള വ്യഗ്രതയുമാണ് മറ്റൊരുഗുണം. എംബിബിഎസ് അഡ്മിഷന്‍ നിരസിച്ച സുപ്രീം കോടതി വിധിയ്‌ക്കെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി സുപ്രീം കോടതിയുടെ ശകാരം ഏറ്റുവാങ്ങി. ശബരിമല വിധി വന്നയുടനെ യുവതികളെ പോലീസ് വേഷത്തില്‍ സന്നിധാനത്ത് എത്തിച്ചത് നവോഥാനത്തിന്റെ മറ്റൊരു മുഖം.
സുപ്രധാനമായ നേട്ടം അവസാനത്തേയ്‌ക്ക് പറയാന്‍ വച്ചു. സര്‍ക്കാര്‍ ഉണ്ടാക്കിയ പ്രളയം. ഒരു സംസ്ഥാനത്തെയാകെ പിടിച്ചുലച്ച മനുഷ്യ നിര്‍മ്മിത പ്രളയം. 500 മരണം. 17000 വീടുകള്‍ പൂര്‍ണമായും നശിച്ചു. 4 ലക്ഷം കുടുംബങ്ങള്‍ വഴിയാധാരമായി. 31000 കോടിയുടെ നാശനഷ്ട്ടം. ഒരു രാത്രികൊണ്ട് ഇത്രയും ചെയ്യാന്‍ കഴിഞ്ഞത് പ്രത്യേകം എടുത്തുപറയേണ്ടതാണ്. ഇന്നും സംസ്ഥാനം പ്രളയത്തിന്റെ ആഘാതത്തില്‍നിന്നു കര കയറിയിട്ടില്ല, വീട് നഷ്ടപ്പെട്ടവര്‍ക്ക് വീട് കിട്ടിയില്ല, കൃഷി നഷ്ടപ്പെട്ടവര്‍ക്ക് പട്ടിണി, അങ്ങനെ പലതും. ഇതിന്റെ കൂടെത്തന്നെ പറയേണ്ട നേട്ടമാണ് പുനര്‍നിര്‍മ്മാണ പണപ്പിരിവ്. വിദേശ രാജ്യങ്ങളില്‍ ചുറ്റി സഞ്ചരിച്ച് ഒരുപാട് പണം കൊണ്ടുവന്നു .എങ്ങോട്ടുപോയി എന്നറിയില്ല. ഇന്നും പ്രളയ ദുരിതബാധിതര്‍ ഒന്നും കിട്ടാതെ അലയുന്നു. അതു മറ്റൊരു ഭരണനേട്ടം. ഏതായാലും സി-ഡിറ്റിന് വിചാരിച്ചതിലേറെ പണിയുണ്ട്. ഒരു ‘മേക്ക് ഓവര്‍’ നടത്താന്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: