പാലക്കാട്: വിക്ടോറിയ കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിട്ട പ്രിന്‍സിപ്പള്‍ ഡോ.ടി.എന്‍. സരസു ബിജെപിയില്‍ ചേര്‍ന്നു. ബിജെപി ജില്ലാകാര്യാലയത്തില്‍ നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് പി.എം.വേലായുധനില്‍ നിന്ന് അംഗത്വം സ്വീകരിച്ചു. എസ്എഫ്‌ഐ പ്രവര്‍ത്തകരില്‍ നിന്ന് തിക്താനുഭവങ്ങള്‍ നേരിട്ടപ്പോള്‍ താങ്ങും തണലുമായി നിന്നത് ബിജെപിയാണെന്ന് മറുപടി പ്രസംഗത്തില്‍ ടീച്ചര്‍ പറഞ്ഞു.
പാലക്കാട് ഗവ. വിക്ടോറിയ കോളേജ് പ്രിന്‍സിപ്പാളായിരുന്ന ഡോ.ടി.എന്‍. സരസുവിനാണ് യാത്രയയപ്പ് ദിവസം സിപിഎമ്മിന്റെ കുട്ടി സഖാക്കള്‍ പ്രതീകാത്മക ശവക്കല്ലറയൊരുക്കി റീത്ത് വച്ചത്.ഇതിന് പ്രേരിപ്പിച്ചതാകട്ടെ ഇടത് അധ്യാപക സംഘടനയായ എകെജിസിടിഎയും.വിരമിക്കല്‍ ദിവസമായ 2016 മാര്‍ച്ച് 31ന് ഭര്‍ത്താവുമൊത്ത് കാറില്‍ രാവിലെ കോളേജിലെത്തിയ ടീച്ചര്‍ ഗെയ്റ്റിനടത്തു ഒരു ശവകല്ലറയും റീത്തും കണ്ടു. തനിക്കുവേണ്ടി തീര്‍ത്ത കല്ലറയാണെന്ന് അറിഞ്ഞതും തകര്‍ന്നുപോയ മനസ്സുമായാണ് ഓഫീസില്‍ കയറിയത്. സംഭവം പോലീസിനെ അറിയിച്ചെങ്കിലും അവരെത്തുമ്പോഴേക്കും അത് നശിപ്പിച്ചിരുന്നു.
എകെജിസിടിഎയുടെയും എസ്എഫ്ഐയുടെയും ഗുണ്ടായിസവും ആഭാസവും എതിര്‍ത്തതിന് അവര്‍ നല്‍കിയ യാത്രയയപ്പ്, കേരള മനഃസാക്ഷിയെ ഞെട്ടിച്ച സംഭവമായിരുന്നു അത്. അതെന്നും നീറുന്ന ഓര്‍മയാണെന്ന് ടീച്ചര്‍ നേരത്തെ ജന്മഭൂമിയോട് പറഞ്ഞിരുന്നു. വിരമിക്കുന്നതിന്റെ ഒരു വര്‍ഷം മുമ്പാണ് പ്രിന്‍സിപ്പാളായി എത്തിയത്. ചാര്‍ജെടുത്ത ദിവസം തന്നെ എസ്എഫ്ഐയിലെ ചില വിദ്യാര്‍ഥികള്‍ അപമര്യാദയായി പെരുമാറിയിരുന്നു അന്നും പോലീസില്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.
















