മലപ്പുറം: കായംകുളം എം.എല്‍.എയും സിപിഎം നേതാവുമായ യു. പ്രതിഭയുടെ മുന്‍ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. മലപ്പുറം ജില്ലയിലെ എടക്കരയില്‍ കെ.എസ്.ഇ.ബി ഓവര്‍സിയറായിരുന്നു കെ.ആര്‍. ഹരി. 2001 ഫെബ്രുവരി നാലിനാണ് യു. പ്രതിഭയും ഹരിയും വിവാഹിതരായത്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. കഴിഞ്ഞവര്‍ഷം ഇരുവരും വിവാഹമോചനം നേടിയിരുന്നു.
ജോലി സ്ഥലത്തെ ക്വാര്‍ട്ടേഴ്സില്‍ ഹരിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഹരിയെ രാവിലെ വീടിന് പുറത്ത് കാണാത്തതിനാല്‍ അയല്‍വാസികള്‍ കെ.എസ്.ഇ.ബി. ഓഫീസിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് വീടിനകത്ത് കടന്ന് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടനാട് തകഴി സ്വദേശിയായ ഹരി സി.പി.എം പ്രവര്‍ത്തകനായിരുന്നു. എസ്.എഫ്.ഐയില്‍ ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നവരാണ് ഇരുവരും.
















