മുംബൈ: ദുബായിലെ ബാര്‍ ഡാന്‍സറെ പീഡിപ്പിച്ച കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ് കോടിയേരിക്ക് ഡിഎന്‍എ പരിശോധന. ബിഹാര്‍ സ്വദേശിയായ യുവതി ഉന്നയിച്ച ലൈംഗിക പീഡന പരാതിയില്‍ ഡിഎന്‍എ പരിശോധന ആവശ്യമാണെന്ന് മുംബൈ പോലീസ് ബിനോയിയെ ഇന്ന് അറിയിച്ചു. അടുത്ത തിങ്കളാഴ്ച പരിശോധനയ്ക്ക് രക്തസാമ്പിള്‍ നല്‍കണമെന്നാണ് പൊലീസ് ആവശ്യപ്പെട്ടിട്ടുള്ളത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേകാലോടെയാണ് ബിനോയ് കോടിയേരി ഓഷിവാര പൊലീസ് സ്റ്റേഷനില്‍ എത്തിയത്. മുന്‍കൂര്‍ ജാമ്യവ്യവസ്ഥയനുസരിച്ചാണ് ബിനോയ് കോടിയേരി അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായത്. ഒരു മാസത്തേക്ക് എല്ലാ തിങ്കളാഴ്ചയും അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരായി കേസ് അന്വേഷണ നടപടികളുമായി സഹകരിക്കണമെന്നായിരുന്നു കോടതി ജാമ്യത്തിലെ വ്യവസ്ഥ.
ബിനോയ് എത്തുന്നതിന് അര മണിക്കൂര്‍ മുന്‍പ് അന്വേഷണ ഉദ്യോഗസ്ഥനും പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. കുട്ടിയുടെ പിതൃത്വം തെളിയിക്കാന്‍ ഡിഎന്‍എ പരിശോധന വേണമെന്നായിരുന്നു ലൈംഗിക പീഡന പരാതി ഉന്നയിച്ച ബിഹാര്‍ സ്വദേശി യുവതിയുടെ പ്രധാന ആവശ്യം. അതനുസരിച്ച് അന്വേഷണ ഉദ്യോഗസ്ഥന് ഉചിതമായ തീരുമാനം എടുക്കാമെന്ന് കോടതിയും വ്യക്തമാക്കിയിരുന്നു. ബിനോയ് കോടിയേരിയെ ഇന്നു വീണ്ടും പൊലീസ് ചോദ്യം ചെയ്തു. ഇതിന് ശേഷമാണ് ഡിഎന്‍എ പരിശോധനയ്ക്ക് സന്നദ്ധനാകണമെന്ന് പോലീസ് ആവശ്യപ്പെട്ടത്. എന്നാല്‍, പരിശോധനയ്ക്ക് തയാറല്ലന്നാണ് ബിനോയ് പറയുന്നത്.
ദുബായ് ഡാന്‍സ് ബാറില്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും മുംബൈ പോലീസിന് നല്കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം 13നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.
















