തിരുവനന്തപുരം: ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്തിയ സി.പി.എം. ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്ക് സസ്പെന്‍ഷന്‍. വെള്ളറട ലോക്കല്‍ കമ്മിറ്റി സെക്രട്ടറി പി.കെ.ബേബിയെയാണ് ആറുമാസത്തേക്ക് പാര്‍ട്ടിഅംഗത്വത്തില്‍നിന്ന് ഏരിയാ കമ്മിറ്റി സസ്പെന്‍ഡ് ചെയ്തത്. ബേബിയുടെ നേതൃത്വത്തില്‍ പത്തിലധികം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ കൊല്ലൂര്‍ മൂകാംബിക ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു. ഇതിന്റെ ചിത്രങ്ങള്‍ ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ തന്നെ ഫെയ്‌സ്ബുക്കില്‍ പോസ്റ്റു ചെയ്യുകയും ചെയ്തിരുന്നു. ഇതാണ് സിപിഎമ്മിനെ വിളറി പിടിപ്പിച്ചത്.

ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുമായി മൂകാംബിക ക്ഷേത്രദര്‍ശനം നടത്തിയത് പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനവും അച്ചടക്കലംഘനവുമാണെന്നാണ് ഏരിയാ കമ്മിറ്റി വിശദീകരിക്കുന്നത്. ഇതാണ് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഷനു കാരണമെന്നും സിപിഎം പറയുന്നു.
ഒരാഴ്ച മുമ്പാണ് ബേബിയുടെ നേതൃത്വത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ മൂകാംബികയില്‍ ക്ഷേത്രദര്‍ശനം നടത്തിയത്. അറിയിക്കാതെ പോയതിന് പാര്‍ട്ടിനേതാക്കളില്‍ ചിലര്‍ വിമര്‍ശിച്ചിരുന്നതായും യാതൊരു വിശദീകരണവും ചോദിക്കാതെയാണ് സസ്പെന്‍ഷന്‍ നടപടികള്‍ ഉണ്ടായതെന്നും പി.കെ.ബേബി പറഞ്ഞു. സസ്പെന്‍ഷന്‍ നടപടികള്‍ വാര്‍ത്തയായതോടെ സിപിഎം വെട്ടിലായിട്ടുണ്ട്.
















