പത്തനംതിട്ട : ഉദ്യോഗസ്ഥരുടെ ഒത്താശയില്‍ ഏക്കര്‍ കണക്കിനുള്ള ശബരിമല തിരുവാഭരണപാത സ്വകാര്യ വ്യക്തികള്‍ കൈയേറി. റാന്നി വില്ലേജിലെ അളന്നുതിരിക്കാത്ത ഭൂമിയാണ് സ്വകാര്യ വ്യക്തികള്‍ ഇത്തരത്തില്‍ കൈയേറിയത്. പന്തളത്തുനിന്നും ശബരിമലയിലേക്ക് തിരുവാഭരണവുമായി പോകുന്നത് ശബരിമല വില്ലേജ് റോഡ് എന്നറിയപ്പെടുന്ന ഈ വഴിയിലൂടെയാണ്.
തിരുവാഭരണപാതയുടെ ഭാഗമായുള്ള റാന്നി ബ്ലോക്ക് ഓഫീസിനു സമീപത്തായാണ് ഏക്കര്‍ കണക്കിനു സര്‍ക്കാര്‍ ഭൂമി സ്വകാര്യ വ്യക്തികള്‍ കൈയേറിയത്. ചെറുതും വലുതുമായ 495 കൈയേറ്റങ്ങളാണ് ഇതുവരെ കണ്ടെത്തിത്. ഇവര്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ, വില്ലേജ് ഓഫീസില്‍ നിന്ന് കൈയേറ്റ ഭൂമിക്ക് കരം അടയ്ക്കുകയും, ലക്ഷക്കണക്കിന് രൂപ വിലയുള്ള ഭൂമി സ്വന്തം പേരിലാക്കുകയും ചെയ്തിട്ടുണ്ട്. അതേസമയം കൈയേറ്റങ്ങള്‍ കണ്ടെത്തിയെങ്കിലും ഇതു ഒഴിപ്പിക്കാനുള്ള ഒരു നടപടിയും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല.
പുറമ്പോക്കായി കിടക്കുന്ന ഭൂമിയുടെ സമീപത്തു കരമടയ്ക്കുന്ന വസ്തുവിന്റെ മറവിലാണ് സ്വകാര്യ വ്യക്തികള്‍ ഭൂമി കൈയേറിയത്. റീസര്‍വേ കൂടി നടന്നതോടെ മിക്ക കൈയേറ്റങ്ങളും സാധൂകരിക്കുന്ന സ്ഥിതിയായി. റീസര്‍വേ പ്രാബല്യത്തിലായതോടെ കൈയേറ്റക്കാര്‍ പലരും റവന്യൂ ഉദ്യോഗസ്ഥരുടെ സഹായത്തോടെ കൈയേറ്റ ഭൂമി കരം അടച്ചു.
റീസര്‍വേയിലെ അപാകതകള്‍ മുതലെടുത്ത് പുതിയ തണ്ടപ്പേരു സ്വന്തമാക്കിയാണ് കൈയേറ്റക്കാര്‍ കരമടച്ചത്. ഇതിനായി വില്ലേജ് ഓഫീസുകളില്‍ ഹാജരാക്കിയ മുമ്പത്തെ കരമടച്ച രസീതുകളെല്ലാം ഉടമസ്ഥാവകാശ തര്‍ക്കവുമായി ബന്ധപ്പെട്ട് കോടതിയുടെ പരിഗണനയ്ക്കിരിക്കുന്നവയാണ്.
ഇതിനുമുമ്പ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ രാമപുരം ക്ഷേത്രത്തിന്റെ ഭാഗമായുണ്ടായിരുന്ന രണ്ടേക്കര്‍ ഭൂമിയും സ്വകാര്യ വ്യക്തികള്‍ കൈയേറിയിരുന്നു. ഇത് പ്രത്യേക തഹസീല്‍ദാരെ ഉപയോഗിച്ച് ദേവസ്വം ബോര്‍ഡ് അളന്നുതിരിച്ചാണ് വീണ്ടെടുത്തത്.
















