തിരുവനന്തപുരം: ലോഡ്‌ഷെഡ്ഡിങ് പ്രക്യാപനത്തിനു പിന്നാലെ സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി വൈദ്യുതി നിരക്കും വര്‍ധിപ്പിക്കുന്നു. തിങ്കളാഴ്ചയോ ചൊവ്വാഴ്ചയോ ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തും. നിലവിലെ നിരക്കില്‍ നിന്നും എട്ടുമുതല്‍ പത്തു ശതമാനംവരെ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തവണ ജൂണില്‍ വേണ്ടത്ര മഴ ലഭിക്കാത്തതിനാല്‍ ലോഡ്‌ഷെഡ്ഡിങ്ങിലേക്കാണ് സംസ്ഥാനത്തെ സാഹചര്യങ്ങള്‍ നീങ്ങിക്കൊണ്ടിരിക്കുന്നതെന്ന് അടുത്തിടെ വൈദ്യുതി വകുപ്പ് മന്ത്രി എം.എം. മണി അറിയിച്ചിരുന്നു. അതിനു പിന്നാലെയാണ് നിരക്കും കൂടി വര്‍ധിപ്പിച്ചിരിക്കുന്നത്. 7400 കോടിരൂപയാണ് ഇപ്പോള്‍ ബോര്‍ഡിന്റെ ആകെ കടം. ഇത്രയും തുക കമ്മിഷന്‍ അനുവദിക്കാത്തതിനാല്‍ നിരക്ക് വര്‍ധിപ്പിച്ച് ഈ വര്‍ഷം 1100 കോടി നേടാനാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്.
അതേസമയം നിരക്ക് വര്‍ധിപ്പിക്കാന്‍ മാസങ്ങള്‍ക്ക് മുന്നേ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചതാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാരിനെതിരെ ചിന്തിക്കാന്‍ ഇതും കൂടി കാരണം ആയാലോ എന്ന കാരണത്താല്‍ പ്രഖ്യാപനം നീട്ടിവെയ്‌ക്കുകയായിരുന്നു.
കൂടാതെ ഈകാലയളവിനുള്ളില്‍ നേരത്തേ നിശ്ചയിച്ചതില്‍ തിരുത്തലുകള്‍ വരുത്താനും സര്‍ക്കാര്‍ കമ്മിഷന് നിര്‍ദ്ദേശം നല്‍കുകയായിരുന്നു
രണ്ടുവര്‍ഷത്തേക്ക് ഒരുമിച്ച് നിരക്കുകള്‍ പരിഷ്‌കരിക്കാനാണ് കമ്മിഷന്‍ ആദ്യം തീരുമാനിച്ചത്. ഇതനുസരിച്ചാണ് ബോര്‍ഡ് അപേക്ഷ നല്‍കിയത്. എന്നാല്‍, ഒരുവര്‍ഷത്തേക്കു മാത്രമുള്ള നിരക്കുവര്‍ധനയാണ് ഇപ്പോള്‍ പ്രഖ്യാപിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതായത് ഒരു വര്‍ഷത്തിനുശേഷം വൈദ്യുതി നിരക്ക് വീണ്ടും വര്‍ധിപ്പിക്കുമെന്ന് ചുരുക്കം.
വീടുകളിലെ ഉപയോഗത്തിന് യൂണിറ്റിന് 70 പൈസവരെ കൂട്ടാനാണ് ബോര്‍ഡ് കമ്മീഷനെ അറിയിച്ചിരിക്കുന്നത്. താഴെത്തട്ടിലെ സ്ലാബുകളിലാണ് ബോര്‍ഡ് കൂടുതല്‍ വര്‍ധന ആവശ്യപ്പെട്ടിരിക്കുന്നത്. ഇതുസംബന്ധിച്ച് രണ്ടു ദിവസത്തിനകം പ്രഖ്യാപനം പുറത്തിറങ്ങും.
















