തിരുവനന്തപുരം: നാട്ടുവൈദ്യത്തിലൂടെ ലോക പ്രസിദ്ധയായ തിരുവനന്തപുരം കല്ലാറിലെ ലക്ഷ്മിക്കുട്ടിയമ്മ ബിജെപി അംഗത്വം സ്വീകരിച്ചു. ഇന്ന് തിരുവനന്തപുരത്ത് നടന്ന ബിജെപി മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ ചടങ്ങിലാണു അംഗത്വം സ്വീകരിച്ചത്. ആഗസ്റ്റ് 11 വരെയാണ് പ്രാഥമിക അംഗങ്ങളെ ചേര്‍ക്കുന്ന പ്രക്രിയ നടക്കുന്നത്. ഓണ്‍ലൈന്‍ വഴിയും മൊബൈല്‍ മിസ്ഡ് കോളിലൂടെയും അപേക്ഷാഫോറത്തിലൂടെയും അംഗത്വം നേടാവുന്നതാണ്.
മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ സംസ്ഥാനതല ഉദ്ഘാടനം സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നിര്‍വഹിച്ചു. അടുത്ത ദിവസങ്ങളില്‍ രാഷ്‌ട്രീയ സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ബിജെപിയില്‍ അംഗത്വം സ്വീകരിക്കും. സംസ്ഥാനത്തെ മെമ്പര്‍ഷിപ്പ് 30 ലക്ഷമാക്കി ഉയര്‍ത്തുക എന്നതാണ് പാര്‍ട്ടിയുടെ ലക്ഷ്യം. ന്യൂനപക്ഷ സമുദായഅംഗങ്ങള്‍ക്കിടയില്‍ കൂടുതല്‍ പാര്‍ട്ടി അംഗങ്ങളെ സൃഷ്ടിക്കുന്നതിന് പ്രത്യേക ഊന്നല്‍ നല്‍കും.വിപുലമായ തയ്യാറെടുപ്പുകള്‍ മെമ്പര്‍ഷിപ്പ് ക്യാമ്പയിന്‍ വിജയിപ്പിക്കാനായി സംഘടനാതലത്തില്‍ നടത്തിക്കഴിഞ്ഞു. പതിനാലു ജില്ലകളിലും ശില്‍പ്പശാലകള്‍ ഇതിനകം സംഘടിപ്പിച്ചു . മണ്ഡലം-പഞ്ചായത്ത് തലത്തില്‍ ശില്പശാലകള്‍ പൂര്‍ത്തിയായി. ജില്ലാ-മണ്ഡലം-ശക്തികേന്ദ്ര-ബൂത്ത് തലത്തില്‍ ക്യാമ്പയിന്റെ പ്രത്യേക ചുമതലക്കാരെ നിശ്ചയിച്ചു.
വിവിധ സെല്ലുകളുടെ നേതൃത്വത്തിലും അംഗത്വ ക്യാമ്പയിന്‍ നടക്കും. ജൂലൈ 24 മുതല്‍ 30 വരെ ഒരു ശക്തികേന്ദ്രയില്‍ (5 ബൂത്തുകള്‍) ഒരു മുഴുവന്‍സമയ പ്രവര്‍ത്തകന്റെ നേതൃത്വത്തിലായിരിക്കും മെമ്പര്‍ഷിപ്പ് പ്രവര്‍ത്തനം. പഞ്ചായത്ത് തലം മുതല്‍ സംസ്ഥാന തലം വരെയുള്ള എല്ലാ നേതാക്കളും മെമ്പര്‍ഷിപ്പ് ക്യാമ്പയിനില്‍ മുഴുവന്‍ സമയ പ്രവര്‍ത്തകരായി പ്രവര്‍ത്തിക്കും. ന്യൂനപക്ഷ, പട്ടികജാതി, ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ അംഗങ്ങളെ ചേര്‍ക്കുന്നതിനു പ്രത്യേക കര്‍മ്മ പരിപാടി തയ്യാറാക്കും. റെയില്‍വേ സ്റ്റേഷന്‍, ബസ്സ് സ്റ്റാന്‍ഡ്, കോളനികള്‍, പ്രധാന നഗരകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ മെമ്പര്‍ഷിപ്പ് ബൂത്തുകളും ഹെല്‍പ് ഡസ്‌ക്കുകളും സ്ഥാപിക്കും.
















