തിരുവനന്തപുരം : റിമാന്‍ഡിലിരിക്കേ പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ആരോപണ വിധേയനായ ഇടുക്കി എസ്പി കെ.ബി. വേണുഗോപാലിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയില്‍ നിന്നാണ് എസ്പിയെ നീക്കിയിരിക്കുന്നത്. പുതിയ ചുമതല തല്‍ക്കാലം നല്‍കേണ്ടതില്ലെന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തീരുമാനിച്ചിരിക്കുന്നത്.
അതേസമയം വേണുഗോപാലിനെതിരെ കടുത്ത നടപടിയെടുക്കുമെന്നും സൂചനയുണ്ട്. കേസില്‍ അന്വേഷണം നടത്തുന്ന ക്രൈംബ്രാഞ്ച് അന്വേഷണ ഉദ്യോഗസ്ഥര്‍ ഇന്ന് തിരുവനന്തപുരത്ത് എത്തി എഡിജിപിയുമായി കൂടിക്കാഴ്ച നടത്തും. ക്രൈംബ്രാഞ്ച് നല്‍കുന്ന ഇടക്കാല റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാകും തുടര്‍നടപടികള്‍ സ്വീകരിക്കുക.
രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്തതും മര്‍ദ്ദിച്ചതും ഇടുക്കി എസ്പി കെ. ബി. വേണുഗോപാലിന്റെ അറിവോടെയെന്ന സൂചനകള്‍ നേരത്തേ പുറത്തു വന്നിരുന്നതാണ്. അപ്പോഴും ഉന്നത ഉദ്യോഗസ്ഥനെ തള്ളിപ്പറയാന്‍ ഇടുക്കിയില്‍ നിന്നുള്ള മന്ത്രി എം. എം. മണി തയ്യാറായിരുന്നില്ല. പ്രതിപക്ഷത്തിന് ഇഷ്ടമില്ലാത്തവരെയെല്ലാം പ്രതിയാക്കാനാകില്ലെന്നായിരുന്നു മന്ത്രി അറിയിച്ചത്.
അതിനിടെ ലോക്കപ്പ് മര്‍ദ്ദനം പുറത്തറിയാതിരിക്കാന്‍ രാജ്കുമാറിന്റെ മുറിവില്‍ എണ്ണ ചൂടാക്കി തിരുമ്മിയെന്ന് അറസ്റ്റിലായ പോലീസുദ്യോഗസ്ഥന്‍ മൊഴി നല്‍കി. സ്റ്റേഷന് മുന്നിലെ വിശ്രമ മുറിയില്‍ വച്ചായിരുന്നു രാജ്കുമാറിനെ മര്‍ദ്ദിച്ചത്. ഇനിയും അറസ്റ്റിലാവാനുള്ള രണ്ട് പോലീസുദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ മാറി മാറിയാണ് മര്‍ദ്ദിച്ചത്. ഒടുവില്‍ വൈദ്യപരിശോധനയ്‌ക്ക് കൊണ്ടുപോകും മുമ്പ് ക്യാന്റീനില്‍ നിന്ന് എണ്ണ ചൂടാക്കിക്കൊണ്ടുവന്ന് തിരുമ്മിയെന്നും ഇപ്പോള്‍ അറസ്റ്റിലായ സിവില്‍ പോലീസ് ഓഫീസറും ഡ്രൈവറുമായ സജീവ് ആന്റണി മൊഴി നല്‍കി.
സ്റ്റേഷന് മുന്നിലെ കെട്ടിടത്തില്‍ വച്ചാണ് രാജ്കുമാറിനെ പോലീസുകാര്‍ മര്‍ദ്ദിച്ചതെന്നാണ് മൊഴി നല്‍കിയിരിക്കുന്നത്. ഇനിയും അറസ്റ്റിലാവാനുള്ള ഉദ്യോഗസ്ഥരാണ് മര്‍ദ്ദനത്തിന് നേതൃത്വം നല്‍കിയത്. പോലീസുകാര്‍ മാറി മാറി മര്‍ദ്ദിക്കുകയായിരുന്നെന്നും അറസ്റ്റിലായ സജീവ് ആന്റണി ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തോട് പറഞ്ഞു. അതിനിടെ രാജ്കുമാറിന്റെ കസ്റ്റഡി മരണം നിയമസഭയേയും പ്രക്ഷുബ്ധമാക്കി.
പ്രതിപക്ഷം നല്‍കിയ അടിയന്തര പ്രമേയ നോട്ടീസിന് സ്പീക്കര്‍ അനുമതി നിഷേധിച്ചതോടെ അതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഇടുക്കി എസ്പിയെ ലക്ഷ്യമിട്ടായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. ഇടുക്കിയുടെ ക്രമസമാധാനച്ചുമതലയില്‍ നിന്ന് മാറ്റിയാല്‍പ്പോര, എസ്പിയെ സസ്‌പെന്‍ഡ് ചെയ്യണമെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആവശ്യം. സാധാരണ പോലീസുകാരില്‍ നടപടി ഒതുക്കി ഇടുക്കി എസ്പിയെ സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നായിരുന്നു പ്രതിപക്ഷത്തിന്റെ
ആരോപണം. കൂടാതെ എസ്പിയുമായി മന്ത്രി എം. എം. മണി വിവാഹവീട്ടില്‍ വച്ച് കൂടിക്കാഴ്ച നടത്തിയെന്നും ഷാഫി പറമ്പില്‍ എംഎല്‍എ കുറ്റപ്പെടുത്തി.
















