ഇസ്ലാമാബാദ്: അനിശ്ചിതകാലത്തേയ്‌ക്ക് വ്യോമപാത അടച്ചിട്ടതിലുടെ പാക്കിസ്ഥാന് ഉണ്ടായത് കോടികളുടെ നഷ്ടം. ഏകദേശം 100 മില്യൺ ഡോളറിന്റെ (ഏകദേശം 700 കോടി ഇന്ത്യൻ രൂപ) നഷ്ടമാണ് പാകിസ്ഥാന് ഉണ്ടായത്.
വ്യോമാതിർത്തി അടച്ചതുമൂലം നിരവധി വിദേശ വിമാനക്കമ്പനികൾ ഇതിനകം തന്നെ ഈ മേഖലയിലെ ചില വിമാനങ്ങൾ വെട്ടിക്കുറയ്‌ക്കുകയോ താൽക്കാലികമായി നിർത്തിവയ്‌ക്കുകയോ ചെയ്തിട്ടുണ്ട്. ഒരു ദിവസം 400 ഓളം വിമാനങ്ങളാണ് പാക് വ്യോമാതിർത്തിയിലൂടെ പറന്നിരുന്നത്. ഇങ്ങനെ പറക്കുന്നതിന് വിമാനക്കമ്പനികളിൽ നിന്നും ഏകദേശം 580 ഡോളർ (40,000 രൂപ)വരെ വാങ്ങിക്കാറുണ്ട്. വിമാനങ്ങൾ പാക് വ്യോമാതിത്തിയിലൂടെ പറക്കാത്തതോടെ ഏകദേശം 232,000 ഡോളർ ( ഏകദേശം1,59,80,000 ഇന്ത്യൻ രൂപ) നഷ്ടമാണ് സിവിൽ ഏവിയേഷന് ദിവസവും സംഭവിക്കുന്നതെന്ന് അധികൃതർ പറയുന്നു. കൂടാതെ ടെർമിനൽ നാവിഗേഷൻ, വിമാനങ്ങളുടെ പാർക്കിംഗ് ഫീസ് എന്നീ ഇനത്തിലും വലിയ നഷ്ടമാണ് ദിവസവും കണക്കാക്കുന്നതെന്നും അധികൃതർ വ്യക്തമാക്കുന്നു.
ക്വാലാലംപൂർ, ബാങ്കോക്ക്, ന്യൂദൽഹി തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവച്ചതും ആഭ്യന്തര വിമാന സർവീസുകൾക്ക് കൂടുതൽ സമയം പറക്കുന്നതിനാൽ പ്രവർത്തന, ഇന്ധനച്ചെലവ് വർദ്ധിച്ചതും കാരണം പാക്കിസ്ഥാൻ ഇന്റർനാഷണൽ എയർലൈൻസിന് ഒരു ദിവസം ഏകദേശം 460,000 (ഏകദേശം 3,16,84,570 ഇന്ത്യൻ രൂപ) ഡോളർ നഷ്ടം നേരിടുന്നതായാണ് റിപ്പോർട്ട്.
















