പത്തനംതിട്ട: ശബരിമല മാസ്റ്റര്‍ പ്ലാന്‍ നടപ്പാക്കുന്നതിനിടെ സന്നിധാനത്തെ മീഡിയ സെന്റര്‍ പൊളിച്ചുമാറ്റി മാധ്യമങ്ങളെ പരമാവധി ഒഴിവാക്കാന്‍ ദേവസ്വം ബോര്‍ഡിന്റെ ഗൂഢപദ്ധതി. ഇതോടൊപ്പം തന്ത്രി, മേല്‍ശാന്തി എന്നിവരെയും മേലേതിരുമുറ്റത്തുനിന്ന് കുടിയൊഴിപ്പിക്കാന്‍ നീക്കം.
ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ ജന്മഭൂമി ദിനപത്രത്തിന്റെയും, ജനം ചാനലിന്റെയും അടക്കമുള്ള മാധ്യമ ഇടപെടല്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും തലവേദന സൃഷ്ടിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം മണ്ഡല പൂജയ്ക്ക് നടതുറക്കുന്നതിന് തലേദിവസം മീഡിയാ സെന്ററില്‍ നിന്ന് ജനം ചാനല്‍ സംഘത്തെ പോലീസ് ബലം പ്രയോഗിച്ച് ഒഴിവാക്കിയത് ഇതിന് തെളിവാണ്.
സന്നിധാനത്തെ കണ്ണായ സ്ഥലത്തായിരുന്നു നിലവില്‍ മീഡിയ സെന്റര്‍ പ്രവര്‍ത്തിച്ചിരുന്നത്. സോപാനത്തും പതിനെട്ടാംപടിയിലുമടക്കമുണ്ടാകുന്ന നേരിയ ചലനങ്ങള്‍ പോലും മാധ്യമപ്രവര്‍ത്തകരുടെ ശ്രദ്ധയില്‍പ്പെടാന്‍ ഇത് സഹായിച്ചിരുന്നു. മാസ്റ്റര്‍ പ്ലാനിലെ നിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് ക്ഷേത്രമതില്‍ക്കെട്ടിനോട് ചേര്‍ന്നുള്ള കെട്ടിടങ്ങള്‍ പൊളിച്ച് നീക്കാനാണ് തീരുമാനം. അരവണ, അപ്പം പ്ലാന്റുകള്‍, ബാങ്ക് കെട്ടിടം, മീഡിയ സെന്റര്‍ അടക്കമുള്ളവ നീക്കും. ക്ഷേത്രത്തോട് ചേര്‍ന്നുള്ള തന്ത്രിയുടെയും മേല്‍ശാന്തിയുടെയും മുറികള്‍ സോപാനത്തിന് താഴേക്ക് മാറ്റും.
മീഡിയ സെന്ററിരുന്ന കെട്ടിടം പൊളിച്ച് അവിടം നിരപ്പാക്കാന്‍ കരാര്‍ നല്കി. 22 മാധ്യമ സ്ഥാപനങ്ങള്‍, ബാങ്ക്, റവന്യൂ വകുപ്പിന്റെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ്, എക്സൈസ് എന്നിവരുടെ ഓഫീസുകള്‍, വ്യാപാര സ്ഥാപനങ്ങള്‍ എന്നിവയും ഇവിടെയാണ്. പകരം പാണ്ടിത്താവളത്ത് ജലസംഭരണിക്ക് താഴെയുള്ള ദര്‍ശനം കോംപ്ലക്സ് കെട്ടിടത്തില്‍ മാധ്യമങ്ങള്‍ക്ക് മുറികള്‍ നല്‍കുമെന്നാണ് ദേവസ്വം അധികൃതര്‍ പറയുന്നത്. തീര്‍ഥാടനകാലത്ത് മാത്രമാണ് ഈ ഭാഗത്ത് അയ്യപ്പന്മാര് എത്താറുള്ളത്. ആനയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യമുള്ള ഒഴിഞ്ഞ സ്ഥലമായതിനാല്‍ ഇവിടേക്ക് മാസപൂജാവേളകളില്‍ ആരും പോകാറില്ല. രണ്ട് മാധ്യമ സ്ഥാപനങ്ങള്‍ക്ക് ഒരു മുറി എന്നതാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ നയം. ഇത് എത്രത്തോളം പ്രായോഗികമാണെന്ന ചോദ്യവും ഉയരുന്നു.
ദര്‍ശനം കോംപ്ലക്സില്‍ മുറികള്‍ക്ക് ഇപ്പോഴുള്ളതിന്റെ മൂന്നിരട്ടി വാടകയും ദേവസ്വം ബോര്‍ഡ് നിശ്ചയിച്ചു. സന്നിധാനത്ത് ഗോശാല വേണ്ടെന്ന മാസ്റ്റര്‍ പ്ലാന്‍ ശുപാര്‍ശയ്ക്കെതിരെ ദേവസ്വം ബോര്‍ഡ് നടപടി സ്വീകരിച്ചെങ്കിലും മറ്റ് വിഷയങ്ങള്‍ അവഗണിക്കുകയാണ്. ദേവസ്വം, വനം മന്ത്രിതല ചര്‍ച്ചയില്‍ ശബരിമല മാസ്റ്റര്‍ പ്ലാനിലും രൂപരേഖയിലും വരുത്തേണ്ട മാറ്റങ്ങള്‍ ദേവസ്വം ബോര്‍ഡ് ഉന്നയിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: