കണ്ണൂര്‍: നെടുങ്കണ്ടം കസ്റ്റഡി കൊലപാതക കേസില്‍ അന്വേഷണം പ്രസഹനമാണെന്ന് മുന്‍ ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ആരോപണം പൊലീസിന് നേരെയാണ്. പൊലീസുകാര്‍ തന്നെ കേസ് അന്വേഷിക്കുന്ന സാഹചര്യം ഉണ്ടായാല്‍ കുറ്റക്കാരെ സംരക്ഷിക്കുന്ന തരം നിലപാടെ പ്രതീക്ഷിക്കേണ്ടതുള്ളു എന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ വിശദീകരിച്ചു.
നെടുങ്കണ്ടം കസ്റ്റഡി കൊലപാതകത്തില്‍ വേണ്ടത് നിഷ്പക്ഷമായ അന്വേഷണമാണ്. അത് ഇത് വരെ നടന്നിട്ടില്ല. അറസ്റ്റ് അടക്കമുള്ള കാര്യങ്ങള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുള്ള ശ്രമമാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. മന്ത്രി എം എം മണി വാദിക്കുന്നത് പ്രതികളായ പൊലീസുകാരെ സംരക്ഷിക്കാന്‍ വേണ്ടിയാണെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആരോപിച്ചു.
അതിനിടെ നെടുങ്കണ്ടം കസ്റ്റഡിമരണക്കേസില്‍ രണ്ട് പൊലീസുകാരെ ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. മരണപ്പെട്ട രാജ്കുമാറിനെ കസ്റ്റഡിയില്‍ എടുത്ത് മര്‍ദ്ദിച്ചു എന്ന് കണ്ടെത്തിയ നെടുങ്കണ്ടം എസ്‌ഐ സാബു, ഇതേ സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറായിരുന്ന സജീവ് ആന്റണി എന്നിവരെയാണ് അല്‍പസമയം മുന്‍പ് കേസ് അന്വേഷിക്കുന്ന കോട്ടയം ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്.
















