മുംബൈ: ലൈംഗിക പീഡനക്കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി ഇന്ന്. കേസില്‍ മുംബൈ ദില്‍ഡോഷി സെഷന്‍സ് കോടതി കഴിഞ്ഞ ദിവസവും വാദം കേട്ടു. ബിനോയിയും അമ്മയും കുട്ടിയെ തട്ടിക്കൊണ്ടു പോകുമെന്നുവരെ നിരന്തരം ഭീഷണി മുഴക്കിയെന്നും യുവതിയുടെ അഭിഭാഷകന്‍ ഇന്നലെ കോടതിയില്‍ പറഞ്ഞു. കുട്ടിയുടെ അച്ഛന്‍ ബിനോയ് ആണെന്നതിന് പാസ്‌പോര്‍ട്ട് തെളിവാണ്. യുവതിയുടെ പാസ്‌പോര്‍ട്ടിലും ഭര്‍ത്താവിന്റെ പേര് ബിനോയ് എന്നാണെന്നും ആദ്യ വിവാഹം ബിനോയ് മറച്ചുവെച്ചുവെന്നും അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി.
പരാതിക്കാരി സമര്‍പ്പിച്ച രേഖയില്‍ വൈരുധ്യങ്ങളുണ്ടെന്ന് ബിനോയിയുടെ അഭിഭാഷകന്‍ വ്യക്തമാക്കി. യുവതിക്കു വേറെയും ബന്ധങ്ങളുണ്ടെന്നും ബിനോയിയുടെ അഭിഭാഷകന്‍ കോടതിയില്‍ ആരോപിച്ചു. ഇതിന്റെ തെളിവായി ചിത്രങ്ങളും കോടതിയില്‍ ഹാജരാക്കി.
ദുബായ് ഡാന്‍സ് ബാറില്‍ ജീവനക്കാരിയായിരുന്ന ബിഹാര്‍ സ്വദേശിയായ യുവതിയുടെ പരാതിയിലാണ് ബിനോയ്‌ക്കെതിരെ കേസെടുത്തത്. വിവാഹ വാഗ്ദാനം നല്‍കി വര്‍ഷങ്ങളോളം പീഡിപ്പിച്ചെന്നും ഈ ബന്ധത്തില്‍ എട്ടു വയസ്സുള്ള കുട്ടിയുണ്ടെന്നും മുംബൈ പോലീസിന് നല്‍കിയ പരാതിയില്‍ വ്യക്തമാക്കിയിരുന്നു. 2018 ലാണ് ബിനോയ് വിവാഹിതനാണെന്ന കാര്യം അറിയുന്നതെന്നും അവര്‍ ആരോപിച്ചിരുന്നു. കഴിഞ്ഞമാസം 13നാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇന്നലെ കേസ് പരിഗണിച്ച കോടതി വിധി പറയുന്നത് ഇന്നത്തേക്ക് മാറ്റി.
















