രാജയോഗസ്യ മാഹാത്മ്യം
കോ വാ ജാനാതി തത്വത:
ജ്ഞാനം മുക്തി: സ്ഥിതി: സിദ്ധിര്‍
ഗുരുവാക്യേന ലഭ്യതേ 4 8
രാജയോഗത്തിന്റെ മഹിമ ആര്‍ക്കും ശരിക്കറിയില്ല. ജ്ഞാനം, മുക്തി, സ്ഥിതി, സിദ്ധി എന്നിവ ഗുരുവിന്റെ വാക്കില്‍ നിന്നു കിട്ടും.
കഴിഞ്ഞ ശ്ലോകങ്ങളില്‍ പറഞ്ഞ രാജയോഗം അത്യധികം മാഹാത്മ്യമുള്ളതാണ്. ജ്ഞാനമെന്നാല്‍ സ്വരൂപത്തേക്കുറിച്ചുള്ള പ്രത്യക്ഷമായ ജ്ഞാനമാണ്. മുക്തി, വിദേഹ മുക്തി. സ്ഥിതി എന്നാല്‍ വികാരരഹിതമായ ജീവന്മുക്തി തന്നെ. സിദ്ധി എന്നാല്‍ അണിമാദിയായ അഷ്ടൈശ്വര്യസിദ്ധി.
ദുര്‍ലഭോ വിഷയ ത്യാഗോ
ദുര്‍ലഭം തത്വ ദര്‍ശനം
ദുര്‍ലഭാ സഹജാവസ്ഥാ
സദ്ഗുരോ: കരുണാം വിനാ. 4 9
സദ്ഗുരുവിന്റെ കരുണയില്ലാതെ വിഷയ ത്യാഗവും തത്വദര്‍ശനവും സഹജാവസ്ഥയും ലഭിക്കാന്‍ പ്രയാസമാണ്.
വിഷയം എന്നാല്‍ ഭോഗവസ്തുക്കള്‍ എന്നാണ് പൊതുവെ അര്‍ഥം. മലയാളത്തില്‍ കണക്ക്, സയന്‍സ് മുതലായവയെയാണ് വിഷയമെന്നു വിളിക്കുന്നത്. ഇംഗ്ലീഷില്‍ ടൗയഷലര േഎന്നും. വിഷയം സബ്ജക്ടല്ല. ഒബ്ജക്ടാണ്. ഇന്ദ്രിയങ്ങളെക്കൊണ്ട് അറിയുന്ന വസ്തുക്കളെയാണ് ഭാരതീയ തത്വശാസ്ത്രത്തില്‍ വിഷയമെന്നു പറയുന്നത്. ‘ഷിഞ്ഞ് ബന്ധനെ’. ഷിഞ് എന്ന ധാതുവിന് ബന്ധനമെന്നാണര്‍ഥം. വിശേഷേണ ബന്ധിക്കുന്നതു കൊണ്ട് വിഷയം. ഇന്ദ്രിയങ്ങളെ വശീകരിച്ച് ജീവികളെ ബന്ധിക്കുന്നു, അസ്വതന്ത്ര രാക്കുന്നു എന്നര്‍ഥം. ചെവിക്ക് ശബ്ദം വിഷയമാണ്. കണ്ണിന് രൂപവും. സുഖകരമായ വീട്, സൗന്ദര്യമുള്ള ഭാര്യ, ഭര്‍ത്താവ് ഇവയും വിഷയങ്ങള്‍ തന്നെ. അമൃത്, സ്വര്‍ഗ്ഗം മുതലായവ പരലോക വിഷയങ്ങള്‍. ത്യാഗമെന്നാല്‍ ഭോഗേച്ഛയുടെ അഭാവം. വൈരാഗ്യമെന്നര്‍ഥം.
ആത്മാവിന്റെ ശരിയായ അനുഭവമാണ് തത്വദര്‍ശനം. ജാഗ്രത്, സ്വപ്‌നം, സുഷുപ്തി എന്നിവയ്‌ക്കപ്പുറത്തുള്ള നാലാമത്തെ (തുരീയം) അവസ്ഥയാണ് സഹജാവസ്ഥ.
ദുര്‍ലഭാ എന്നു വെച്ചാല്‍ ലഭിക്കാന്‍ വിഷമമായത്, കിട്ടാത്തത് എന്നര്‍ഥം. (ദു: സ്യാത് കഷ്ട നിഷേധയോ:). സദ്ഗുരുവിന്റെ കരുണയില്ലാതെ വിഷയ ത്യാഗവും തത്വദര്‍ശനവും സഹജാവസ്ഥയും കിട്ടില്ല.
ഗുരുകൃപയുണ്ടെങ്കില്‍ അവ സുലഭവുമാണ്.
‘ദൃഷ്ടി: സ്ഥിരാ യസ്യ വിനൈവ ദൃശ്യം’ എന്നാണ് സ്വാത്മാരാമന്‍ സദ്ഗുരുവിന്റെ ലക്ഷണം പറയുന്നത്. ദൃശ്യവസ്തുവില്ലാതെ തന്നെ ദൃഷ്ടി സ്ഥിരമായിരിക്കുന്നവന്‍ എന്ന്.
വിവിധൈരാസനൈ: കുംഭൈര്‍
വിചിെ്രെത: കരണൈരപി
പ്രബുദ്ധായാം മഹശക്തൗ
പ്രാണ: ശൂന്യേ പ്രലീയതേ. 4 10
പല തരത്തിലുള്ള ആസനം, പ്രാണായാമം, മുദ്ര ഇവകളാല്‍ മഹാശക്തി ഉണരുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ ലയിക്കും.
മഹാശക്തി എന്നാല്‍ കുണ്ഡലിനീശക്തി. അത് നിദ്ര വിട്ട് പ്രബുദ്ധമാവുമ്പോള്‍ പ്രാണന്‍ ശൂന്യത്തില്‍ അതായത് ബ്രഹ്മരന്ധ്രത്തില്‍ പ്രളയം പ്രാപിക്കുന്നു. പ്രാണന്റെ പ്രവര്‍ത്തനം നിലക്കുന്നു എന്നര്‍ഥം. ലയം, ശൂന്യം മുതലായവ സമാധിയുടെ പര്യായമാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. അതു കൊണ്ട് ഇവിടെ അസംപ്രജ്ഞാത സമാധിയെപ്പറ്റി ത്തന്നെയാണ് പ്രതിപാദ്യം.
ഉത്പന്ന ശക്തിബോധസ്യ
ത്യക്ത നിശ്ശേഷ കര്‍മണ:
യോഗിന: സഹജാവസ്ഥാ
സ്വയമേവ പ്രജായതേ. 4 11
ശക്തി ഉണര്‍ന്ന, കര്‍മ്മങ്ങള്‍ നിശ്ശേഷം നശിച്ച യോഗിയ്‌ക്ക് സ്വയമേവ സഹജാവസ്ഥ ഉണ്ടാകും.
ശക്തിബോധം എന്നാല്‍ കുണ്ഡലിനീ ശക്തിയുടെ ഉണര്‍ച്ച. നിശ്ശേഷ കര്‍മ്മമെന്നാല്‍ ഒട്ടും ശേഷിച്ചിട്ടില്ലാത്ത അതായത് മുഴുവന്‍ കര്‍മങ്ങളും. ശരീരത്തിന്റെയും മനസ്സിന്റെയും ബുദ്ധിയുടെയും കര്‍മങ്ങള്‍ നശിച്ച അവസ്ഥ. ആസന അഭ്യാസത്താല്‍ ശാരീരിക വ്യാപാരങ്ങള്‍ ത്യക്തമായാലും പ്രാണനും ഇന്ദ്രിയങ്ങളും പ്രവര്‍ത്തിക്കും. കുംഭകത്തിലൂടെ, പ്രാണായാമത്തിലൂടെ അവയെ നിരോധിച്ചാലും മനസ്സ് വ്യാപരിക്കും. പ്രത്യാഹാരം, ധാരണ, ധ്യാനം, സംപ്രജ്ഞാത സമാധി എന്നിവയിലൂടെ മനോവ്യാപാരങ്ങള്‍ ത്യജിക്കപ്പെട്ടാലും ബുദ്ധി വ്യാപാരം നിലയ്‌ക്കില്ല. പരവൈരാഗ്യം കൊണ്ടും ദീര്‍ഘകാലത്തെ സംപ്രജ്ഞാത അഭ്യാസം കൊണ്ടും ബുദ്ധിയുടെ വ്യാപാരങ്ങള്‍ നിര്‍ത്താം. ‘നിസ്സംഗ: പ്രജ്ഞയാ ഭവേത് ‘ (മാണ്ഡൂക്യം 45) വിവേക ബുദ്ധി കൊണ്ട് നിസ്സംഗത നേടണം. ‘യേന ത്യജസി തത് ത്യജ’ ഏതു ( ബുദ്ധി) കൊണ്ടാണോ എല്ലാറ്റിനെയും ത്യജിച്ചത് അതിനെയും കൂടി ത്യജിക്കണം. നിശ്ശേഷ കര്‍മ ത്യാഗം ഇതാണ്. അപ്പോള്‍ നിര്‍വികാരമായ സ്വരൂപാസ്ഥിതിയുണ്ടാകും. അതു തന്നെ സഹജാവസ്ഥ, തുര്യാവസ്ഥ, ജീവന്മുക്തി. അത് ഒരു പരിശ്രമവുമില്ലാതെ സ്വയമേവ വന്നു ചേരുന്നതാണ്. ‘അസംഗോ ഹ്യയം പുരുഷ:'( ബൃ. ഉ. 4 3 15) ആത്മാവ് സംഗരഹിതനാണ്.
(കൊച്ചി പതഞ്ജലിയോഗ ട്രെയിനിംഗ് ആന്റ് റിസര്‍ച്ച് സെന്റര്‍
അധ്യക്ഷനാണ് ലേഖകന്‍)
9447077203
പ്രതികരിക്കാൻ ഇവിടെ എഴുതുക