കണ്ണൂര്‍ : സി.ഒ.ടി. നസീര്‍ വധശ്രമകേസില്‍ എ.എന്‍. ഷംസീര്‍ എംഎല്‍എയുടെ ഇന്നോവകാര്‍ അന്വേഷണ സംഘം കസ്റ്റഡിയില്‍ എടുത്തേക്കും. ഈ കാറില്‍ വച്ചാണ് നസീറിനെ അക്രമിക്കാന്‍ ഗൂഢാലോചന നടന്നതെന്ന ആരോപണത്തിന്റെ സാഹചര്യത്തിലാണ് കാര്‍ കസ്റ്റഡിയില്‍ എടുക്കുന്നത്.
അതേസമയം വാഹനം ഓടിച്ച പുല്യോട് ബ്രാഞ്ച് സെക്രട്ടറിയായ എന്‍.കെ.രാഗേഷും ക്വട്ടേഷന്‍ ഏറ്റെടുത്ത പൊട്ടിയന്‍ സന്തോഷിനും മാത്രമാണ് ആക്രമണത്തില്‍ പങ്കുള്ളതെന്ന നിഗമനത്തിലാണ് നിലവില്‍ അന്വേഷണ സംഘം. മറ്റ് തെളിവുകള്‍ ലഭിച്ചിട്ടില്ല.
നിലവില്‍ ഇന്നോവ കാര്‍ ഉപയോഗിക്കുന്നത് ഷംസീര്‍ ആണെങ്കിലും ബന്ധുവിന്റെ പേരിലുള്ള വാഹനമാണത്. ഷംസീര്‍ എംഎല്‍എയില്‍ നിന്ന് അന്വേഷണ സംഘം ഉടന്‍ മൊഴിയെടുക്കും. മേയ് 18 ന് രാത്രിയിലാണ് മൂന്നംഗ സംഘം തലശ്ശേരിയില്‍ നസീറിനെ ആക്രമിച്ചത്.
അതിനിടെ കണ്ണൂരില്‍ വിവിധ ഭാഗങ്ങളില്‍ രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
















