കൊച്ചി: അഭിമന്യു സ്മാരകത്തിന് തറക്കല്ലിടീൽ ചടങ്ങിൽ പൊട്ടിക്കരഞ്ഞ് അഭിമന്യുവിന്റെ അമ്മ ഭൂപതി. അഭിയേ എൻ മകനേ…അപ്പാ എൻ മകൻ…… എന്ന് നിലവിളിച്ച് അഭിമന്യുവിന്റെ ചിത്രത്തിൽ തലോടിയും കെട്ടിപ്പിടിച്ചും ചുംബനം നൽകിയും അമ്മ ഭൂപതി പൊട്ടിക്കരഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ രണ്ടിന് രാത്രിയാണ് ക്യാമ്പസ് ഫ്രണ്ടുകാര്‍ അഭിമന്യുവിനെ കൊലപ്പെടുത്തിയത്. സംഭവം നടന്ന് ഒരു വര്‍ഷമായിട്ടും പ്രതികളെ പിടികൂടാത്തതില്‍ പ്രതിഷേധം ശക്തമായി നിലനിൽക്കുന്നതിനിടെയാണ് എറണാകുളം മഹാരാജാസ് കോളേജ് ക്യാമ്പസിൽ അഭിമന്യുവിന്റെ സ്മാരകത്തിന്റെ തറക്കല്ലിടൽ നടന്നത്. മതഭീകരരുടെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിയായ പത്തൊമ്പതുകാരന്റെ കുടുംബത്തെ സഹായിക്കാന്‍ പൊതുസമൂഹം നല്കിയ പണമാണ് സ്മാരകത്തിനായി സിപിഎം ഉപയോഗിക്കുന്നത്.
രാജ്യത്തിനകത്തും പുറത്തും വേരുകളുള്ള ഒരു ഭീകരസംഘം ഈ പ്രതികളെ ഒളിപ്പിച്ചിരിക്കുന്നുവെന്നാണ് പാർട്ടിയുടെ കണ്ടെത്തല്‍. പോലീസ് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്. അന്വേഷണം കാര്യക്ഷമമാണ് എന്നിങ്ങനെയും അവകാശവാദങ്ങള്‍ നീളുന്നു. ഇന്ന് ഈ കേസില്‍ എറണാകുളം ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ ആരംഭിക്കും. ആകെ 16 പ്രതികളുണ്ട്. അവരില്‍ 14 പേരെയാണ് അറസ്റ്റു ചെയ്തത്.
















