ന്യൂദല്‍ഹി : പിണറായി സര്‍ക്കാര്‍ നിയമത്തിനു മുകളില്‍ ആണോയെന്ന് രൂക്ഷ വിമര്‍ശനവുമായി സുപ്രീംകോടതി. ഓര്‍ത്ത്‌ഡോക്‌സ് യാക്കോബായ സഭാ തര്‍ക്കക്കേസില്‍ സുപ്രീം കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ വൈമനസ്യം കാണിച്ചതില്‍ ക്ഷോഭിച്ചാണ് ഈ വിമര്‍ശനം.
വരിക്കോലി- കട്ടച്ചിറ പള്ളിത്തര്‍ക്ക കേസ് പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ ശകാരം. കേസ് പരിഗണിച്ച ജസ്റ്റിസ് അരുണ്‍ മിശ്ര കോടതിയില്‍ ക്ഷുഭിതനാവുകയും കോടതിയുടെ വിധി മറികടക്കാന്‍ ശ്രമിച്ചാല്‍ ചീഫ് സെക്രട്ടറിയെ വിളിച്ച് വരുത്തി ജയിലില്‍ അടയ്‌ക്കുമെന്നും അറിയിച്ചു.
മുമ്പ് ബീഹാര്‍ ചീഫ് സെക്രട്ടറിക്ക് സംഭവിച്ചത് കേരള ചീഫ് സെക്രട്ടറിയെ ആരെങ്കിലും പറഞ്ഞു മനസിലാക്കി കൊടുക്കണം. ഈ നിലപാട് ഇനിയും തുടര്‍ന്നാല് അത് സംഭവിക്കുമെന്നും ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. കൂടാതെ വിധി നടപ്പിലാക്കുന്നത് വൈകിപ്പിക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും ആരോപിച്ചു.
സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം ഇനിയും ക്ഷമിക്കാന്‍ കഴിയില്ലെന്ന് പറഞ്ഞ കോടതി കാര്യങ്ങള്‍ ചീഫ് സെക്രട്ടറിയെ ധരിപ്പിക്കാന്‍ അഭിഭാഷകനോട് നിര്‍ദ്ദേശിച്ചു. സുപ്രീംകോടതി ഉത്തരവ് ശബരിമലയില്‍ നടപ്പിലാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കാണിച്ച തിടുക്കം പള്ളിത്തര്‍ക്കക്കേസുകളിലെ വിധി നടപ്പിലാക്കുന്നതില്‍ ഇല്ലെന്ന് നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. അതിനു പിന്നാലെയാണ് സുപ്രീംകോടതിയും സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി എത്തിയിരിക്കുന്നത്.
















