കൊച്ചി : ഭൂമി ഇടപാടില്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ നിലപാട് എടുത്ത സഹായ മെത്രാന്മാരെ പുറത്താക്കിയതിനെതിരെ എറണാകുളം അങ്കമാലി അതിരൂപതയിലെ വൈദികര്‍ ഇന്ന് പ്രതിഷേധ യോഗം ചേരുന്നു. വിവാദമായ ഭൂമി ഇടപാട് കേസിനെ തുടര്‍ന്ന് മാറ്റി നിര്‍ത്തപ്പെട്ട ജോര്‍ജ് ആലഞ്ചേരിയെ വീണ്ടും അതിരൂപതാ ഭരണ നേതൃത്വത്തില്‍ നിയമിച്ചു കൊണ്ട് വത്തിക്കാന്‍ അടുത്തിടെ ഉത്തരവിറക്കിയിരുന്നു. ഇതില്‍ പ്രതിഷധിച്ചും വൈദിക സമിതി യോഗം ചേര്‍ന്ന് പ്രസ്താവന നടത്തിയിരുന്നു.
എന്നാല്‍ കര്‍ദ്ദിനാളിനോടുള്ള വിയോജിപ്പ് പരസ്യമായി പ്രകടിപ്പിക്കുകയാണ് ഇന്ന് ചേരുന്ന യോഗത്തിന്റെ ലക്ഷ്യം. വീണ്ടും കര്‍ദ്ദിനാളായി ചുമതലയേറ്റശേഷം സഹായ മെത്രാന്‍മാരെ പുറത്താക്കിയ നടപടി പ്രതികാര നടപടിയാണെന്നും വൈദികര്‍ ആരോപിക്കുന്നുണ്ട്.
സഹായ മെത്രാന്മാരെ പുറത്താക്കാന്‍ വത്തിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടില്ലെന്നുമാണ് വൈദികരുടെ നിലപാട്. കര്‍ദിനാളിനെതിരായ പരാതി രേഖാമൂലം വത്തിക്കാന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും ആലോചനയുണ്ട്.
















