മുംബൈ : ബീഹാര്‍ സ്വദേശിനിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന കേസില്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന് ബിനോയ്യുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ മുംബൈ കോടതി ഇന്ന് പരിഗണിച്ചേക്കും. മുന്‍കൂര്‍ ജാമ്യം ലഭിച്ചില്ലെങ്കില്‍ വിധിവന്ന ഉടന്‍ തന്നെ അറസ്റ്റ് ചെയ്യുമെന്നാണ് മുംബൈ പോലീസിന്റെ നിലപാട്. ഇതോടെ കേന്ദ്ര- സംസ്ഥാന സിപിഎം നേതൃത്വം സമ്മര്‍ദ്ദത്തിലായിരിക്കുകയാണ്.
യുവതി ആദ്യം ബിനോയ്യുടെ വീട്ടുകാരേയും പിന്നീട് കേന്ദ്ര നേതൃത്വത്തേയും ഇക്കാര്യം അറിയിച്ചിരുന്നു. എന്നാല്‍ നടപടിയൊന്നും ഉണ്ടായില്ല. അതേസമയം ഇന്ന് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ യുവതി ബിനോയ്ക്കെതിരെ കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നും സൂചനയുണ്ട്. ഇന്ന് മൂന്നു മണിക്കാണ് കേസ് പരിഗണിക്കുക.
ബിനോയ് സ്വന്തം ഇ-മെയിലില്‍ നിന്നും അയച്ചുകൊടുത്ത വിമാന ടിക്കറ്റും വിസയും ഉപയോഗിച്ച് യുവതിയും കുഞ്ഞും ദുബായ് സന്ദര്‍ശിച്ച് മടങ്ങിയത് തെളിയിക്കുന്ന പാസ്പോര്‍ട്ട് രേഖകളാണ് യുവതി തിങ്കളാഴ്ച കേസ് പരിഗണിക്കുന്ന മുംബൈ ഡിന്‍ഡോഷി കോടതിക്ക് മുമ്പാകെ അഭിഭാഷകന് മുഖേന ഹാജരാക്കിയിരുന്നു.
ബിനോയ്ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളതും യുവതിയുടെ കുഞ്ഞിനെ തട്ടിക്കൊണ്ടുപോകുമെന്ന് പ്രതി ഭീഷണിപ്പെടുത്തിയെന്നതും യുവതിയുടെ അഭിഭാഷകന് കഴിഞ്ഞ ദിവസം ബോധിപ്പിച്ചിരുന്നു. അതേസമയം മുന്‍കൂര്‍ ജാമ്യം ലഭിച്ചാല്‍ മാത്രം കേസുമായി സഹകരിക്കാമെന്ന നിലപാടിലാണ് ബിനോയ് ഉള്ളതെന്നാണ് അറിയുന്നത്.
അതിനിടെ മകനെതിരെയുള്ള ലൈംഗിക പീഡന പരാതി സംബന്ധിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് കോടിയേരി ബാലകൃഷ്ണന് മാധ്യമങ്ങളോട് പ്രതികരിച്ചത്. സംസ്ഥാന സമിതിയില്‍ വരെ ചര്‍ച്ചയായിരുന്നു ഈ വിഷയം. കൂടാതെ സംഭവം ദേശീയ മാധ്യമങ്ങള്‍ വരെ ഏറ്റെടുത്തതോടെ കോടിയേരിയുടെ ഭാര്യ വിനോദിനി ബാലകൃഷ്ണന് ബീഹാര്‍ സ്വദേശിനിയുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്കായി മുംബൈയില്‍ പോയിരുന്നു.
















