‘ജനാധിപത്യത്തിന്റെ കാര്‍ണിവല്‍’ എന്ന തലക്കെട്ടോടെയാണ് കഴിഞ്ഞമാസം ഇന്ത്യയില്‍നടന്ന ലോകസഭാ തെരഞ്ഞെടുപ്പിനെ വിദേശ മാധ്യമങ്ങള്‍ ലോകത്തിനുമുന്നില്‍ അവതരിപ്പിച്ചത്.
ലോകത്തിലെ ഏറ്റവുംവലിയ ജനാധിപത്യ പ്രക്രിയ, എവിടെ തിരിഞ്ഞാലും മില്യന്റെ കണക്കുകള്‍ മാത്രം. 900 മില്യണ്‍ വോട്ടര്‍മാര്‍, ഒരുമില്യണ്‍ പോളിംഗ് സ്റ്റേഷനുകള്‍, പത്തുമില്യണ്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍. ആറുലക്ഷം മില്യണ്‍ (600,000 കോടി) രൂപയോളം ചെലവിടുന്ന വൈവിധ്യമാര്‍ന്ന കാര്യപരിപാടികള്‍, പ്രചാരണങ്ങള്‍, പ്രകടനപത്രികകള്‍. കശ്മീര്‍മുതല്‍ കന്യാകുമാരിവരെയും കാശിഘട്ട്മുതല്‍ പോര്‍ബന്ദര്‍വരെയുമുള്ള ജനങ്ങള്‍ ‘പൊളിറ്റിക്കലി വൈബ്രന്റ്’ ആയി ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ഉറങ്ങുകയും ഉണരുകയും ചെയ്യുന്ന ഒരുമാസക്കാലം.
ഈ ഉത്സവാഘോഷങ്ങള്‍ക്കിടയിലാണ്, 2015ല്‍ മുഖ്യമന്ത്രിമാര്‍ പങ്കെടുത്ത നീതി ആയോഗില്‍വച്ച് നരേന്ദ്രമോദി സൂചിപ്പിച്ച ‘ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞെടുപ്പ്’ എന്ന ആശയം വീണ്ടും ചര്‍ച്ചാവിഷയമാകുന്നത്. 2,293 അംഗീകൃത രാഷ്‌ട്രീയ പാര്‍ട്ടികളുള്ള ഇന്ത്യയില്‍, ലിസ്റ്റില്‍പെടാത്തതും എന്നാല്‍ ഏറ്റവും പ്രകടവുമായ ‘മോദിവിരുദ്ധത’ എന്ന പാര്‍ട്ടി അതിന്റെ നെഗറ്റീവ് പ്രചാരണം ഏറ്റെടുത്തു കഴിഞ്ഞിരിക്കുന്നു.
ഏകീകൃത നികുതിക്കുശേഷം ഏകീകൃത സിവില്‍കോഡും, ഏകീകൃത തെരഞ്ഞെടുപ്പും ബിജെപിയുടെ പ്രകടനപട്ടികയില്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടുള്ളതാണ്. ഇക്കാര്യങ്ങള്‍ നടപ്പില്‍വരുത്താന്‍ എത്രവൈകിയാലും, ജനാധിപത്യപരമായ ഏതുരീതിയും സര്‍ക്കാര്‍ അവലംബിച്ചിരിക്കുമെന്നത് നിസ്തര്‍ക്കവുമാണ്. പക്ഷെ, അതിനെ ഏകപക്ഷീയമായ അധികാര പ്രഖ്യാപനമായും ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള നീക്കമായുമൊക്കെ വക്രീകരിക്കുന്ന വെറുപ്പിന്റെ രാഷ്‌ട്രീയം, മറ്റേതു മോദിവിരുദ്ധ പ്രചാരണവുംപോലെ നിരര്‍ത്ഥകംതന്നെ.
ഒരു രാഷ്‌ട്രം, ഒരു തെരഞ്ഞടുപ്പ്
”സര്‍വ്വതോന്‍മുഖമായ വികസനം” എന്നലക്ഷ്യത്തെ മുന്‍നിര്‍ത്തി ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ പ്രഥമപരിഗണന, അനാവശ്യചെലവുകള്‍ കുറയ്‌ക്കുക, ആ തുക ദാരിദ്ര്യ നിര്‍മാര്‍ജ്ജനം, ശുചിത്വം, ആരോഗ്യം, വിദ്യാഭ്യാസം, സ്ത്രീ ശാക്തീകരണം, പ്രതിരോധം എന്നീമേഖലകളില്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തുക എന്നതാണെന്ന് കഴിഞ്ഞ അഞ്ചുവര്‍ഷംകൊണ്ട് പൊതുജനം തിരിച്ചറിഞ്ഞതാണ്. അതുകൊണ്ട് ചെലവുചുരുക്കല്‍ പരമപ്രധാനലക്ഷ്യമായി കണക്കാക്കി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന ഈ പരിഷ്‌കരണത്തെ, അതിന്റെ സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍ക്കുമപ്പുറം, സാമൂഹ്യ പുരോഗതിയിലേക്കുള്ള മറ്റൊരുകാല്‍വെപ്പായി കാണാനാണ് പുതിയതലമുറ ഇഷ്ടപ്പെടുന്നതെന്ന് സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകള്‍ വിളിച്ചുപറയുന്നുണ്ട്.
അതിനുപുറമെ, മാസങ്ങള്‍ നീണ്ടുനില്‍ക്കുന്ന തെരഞ്ഞെടുപ്പു ബഹളങ്ങള്‍ക്കിടയില്‍ വഴിതിരിച്ചുവിടേണ്ടതായി വരുന്ന മനുഷ്യാധ്വാനത്തിന്റെയും മണിക്കൂറുകളുടെയും നഷ്ടം ക്രിയാത്മകമായി നികത്താനും, അടിക്കടി പ്രസിദ്ധീകരിക്കുന്ന തെരഞ്ഞെടുപ്പ് പെരുമാറ്റ ച്ചട്ടങ്ങള്‍ പ്രകാരം നിര്‍ത്തിവെക്കേണ്ടതായി വരുന്ന ദൈനംദിന-വികസന പ്രവര്‍ത്തനങ്ങള്‍ തടസ്സമില്ലാതെ തുടര്‍ന്നുപോവാനും, ഒറ്റത്തവണയായി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെ ഒരു വലിയ പരിധിവരെ സാധിക്കുമെന്നാണ് വിദഗ്ധ സമിതികളുടെ കണ്ടെത്തല്‍. മോദിയുടെ ഏകശിലാത്മകമായ രാഷ്‌ട്രവാദമെന്ന പ്രചാരണത്തോടെ വെറുപ്പിന്റെ രാഷ്‌ട്രീയം ഈ നിലപാടിനെതിരെ മുന്നോട്ടുവരുന്നു. സര്‍ക്കാരിന്റെ ഈനീക്കം ജനാധിപത്യത്തിന്റെ ഫെഡറല്‍ സ്വഭാവത്തെ ഇല്ലാതാക്കുമെന്നതാണ് ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പ്രധാനമായത്.
ഇത് സ്ഥാപിക്കാനായി നിരത്തുന്ന ഉദാഹരണങ്ങളിലൊന്ന് ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് ജനങ്ങളില്‍ ഉണ്ടാക്കാന്‍ കഴിയുന്ന സ്വാധീനമാണെന്ന് പറയുമ്പോള്‍ ഇന്ത്യന്‍ ജനതയുടെ രാഷ്‌ട്രീയ-സാമൂഹ്യ പ്രബുദ്ധത ചോദ്യം ചെയ്യപ്പെടുകയാണ്.
ഇന്ത്യന്‍ ഭരണഘടനയില്‍ എവിടെയും ഫെഡറല്‍ എന്നൊരു വാക്ക് കാണാന്‍കഴിയില്ല. ഇന്ത്യയില്‍ നിലനില്‍ക്കുന്നത് ക്വാസി ഫെഡറല്‍ സംവിധാനമാണ്. സത്തയില്‍ ഏകാത്മകവും ഘടനയില്‍ ഫെഡറലുമായ രാജ്യമാണ് ഇന്ത്യ. ത്രിതല സര്‍ക്കാര്‍ സംവിധാനവും ഭരണഘടനയില്‍ വിശദീകരിക്കപ്പെടുന്ന മൂന്നു വ്യത്യസ്തലിസ്റ്റുകളും ഈ വ്യവസ്ഥയെ വ്യക്തമാക്കുന്നു.
വൈവിധ്യങ്ങളില്‍ പുലര്‍ത്തുന്ന ഏകഭാവമാണ് രാജ്യത്തിന്റെ അഖണ്ഡതയുടെ അടിസ്ഥാനം. ബാഹ്യപ്രകൃതിയില്‍ ഒട്ടുംതന്നെ പ്രകടമല്ലാത്ത ആ ഏകഭാവം തീര്‍ച്ചയായും ഭൗതികമായ മാനദണ്ഡങ്ങള്‍ക്ക് അതീതവുമാണ്. പ്രാദേശികമെന്നത് ദേശീയതയുടെ ചൈതന്യവത്തായ ഒരു ഖണ്ഡംതന്നെയാണെന്ന അവബോധം ഇല്ലാതെവരുമ്പോള്‍ മാത്രമാണ് വിഘടനവാദങ്ങള്‍ ഉയര്‍ന്നുവരുന്നത്.
ദേശീയപാര്‍ട്ടികളുടെ പ്രഭാവത്തില്‍ പ്രാദേശികപാര്‍ട്ടികളും അവര്‍ ഉയര്‍ത്തുന്ന പ്രശ്‌നങ്ങളും മുങ്ങിപ്പോയേക്കാം, അങ്ങനെ കേന്ദ്രാധിപത്യത്തിനുകീഴില്‍, സംസ്ഥാനങ്ങള്‍ പഞ്ചപുച്ഛമടക്കി ജീവിക്കേണ്ടിവരുമോ എന്നൊരുഭയവും ചര്‍ച്ചചെയ്യപ്പെടുന്നത് കാണാം. ഈ ഭയമാണ് തകരുന്ന ഫെഡറല്‍ വ്യവസ്ഥിതിയായി പര്‍വതീകരിക്കപ്പെടുന്നത്.
തിരിച്ച്, എത്ര കഴിവുകുറഞ്ഞ പ്രാദേശിക പാര്‍ട്ടിക്കും ദേശീയ തലത്തില്‍ തീരുമാനങ്ങളെടുക്കാന്‍ കഴിയുന്ന നിലയിലേക്ക് ജനകീയമായും രാഷ്‌ട്രീയപരമായും ഉയരാനുള്ള സാഹചര്യമായി ഇതിനെ കാണാനായാല്‍ നമ്മുടെ ക്വാസി ഫെഡറല്‍ വ്യവസ്ഥ വിഭാവനംചെയ്യുന്ന ഏകാത്മകമായ സത്തയിലേക്ക് രാജ്യം ഉയരുകയായി. കൂടാതെ, നിസ്സാരപ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാണിച്ച്, യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍നിന്നു ജനശ്രദ്ധ തിരിച്ചുവിട്ടുകൊണ്ട് വോട്ടുവാങ്ങുന്ന അനാരോഗ്യമായ പ്രവണതയില്‍നിന്നു വസ്തുനിഷ്ഠമായ തീരുമാനങ്ങളിലേക്ക് വോട്ടര്‍മാരെ കൊണ്ടുവരാനും ഈ സമീപനംകൊണ്ട് കഴിഞ്ഞെന്നുവരാം.
ഈ നയത്തെക്കുറിച്ചുള്ള മറ്റൊരുതെറ്റായ കാഴ്ചപ്പാട്, ഇന്ത്യയിലെ നിലവിലുള്ള എല്ലാ ലോക്‌സഭാ-നിയമസഭാ-പഞ്ചായത്ത് സീറ്റുകളിലേക്കും ഒരേദിവസം ഒരേസമയം ഇലക്ഷന്‍ നടക്കുമെന്നതാണ്. ഇത്രയും വിസ്തൃതവും വൈവിധ്യപരവുമായ ഭൂപ്രകൃതിയുള്ള ഒരുരാജ്യത്ത്, ഇത്രയും ബൃഹത്തായ ഒരു പ്രക്രിയ ഒരേദിവസം നടക്കുകയെന്നത് സ്വാഭാവികമായും അസംഭവ്യമാണ്. ഒരുപ്രത്യേക മണ്ഡലത്തിലെ വോട്ടര്‍മാര്‍ ഒരുമിച്ച് മൂന്നു സര്‍ക്കാര്‍ സംവിധാനങ്ങളിലേക്കുമുള്ള വോട്ടുകള്‍ രേഖപ്പെടുത്തുകയെന്ന സമ്പ്രദായം ഘട്ടങ്ങളായി നടത്തുകയെന്നതാണ് ഈ പരിഷ്‌കരണത്തിന്റെ പ്രായോഗികവശം.
ലോക്‌സഭയുടെയും നിയമസഭയുടെയും കാലാവധികളെ സംബന്ധിക്കുന്ന പല ഭരണഘടനാവകുപ്പുകളും ഭേദഗതി ചെയ്യേണ്ടതായി വരുമെന്നതിനാല്‍ ഈനീക്കം ജനാധിപത്യവ്യവസ്ഥിതിയെ അട്ടിമറിച്ചേക്കാമെന്നുവരെ പ്രതിപക്ഷപാര്‍ട്ടികള്‍ ആരോപിക്കുന്നു.
ലോക്‌സഭയ്‌ക്കോ ഏതെങ്കിലും സംസ്ഥാനത്തെ നിയമസഭയ്‌ക്കോ പെട്ടെന്ന് ഭൂരിപക്ഷം നഷ്ടപ്പെട്ടാല്‍ എന്തുചെയ്യും തുടങ്ങിയ ആശങ്കകളും പ്രതിപക്ഷപാര്‍ട്ടികളായ ബഹുജന്‍ സമാജ് പാര്‍ട്ടി, തൃണമൂല്‍ കോണ്‍ഗ്രസ്, തെലുഗുദേശം പാര്‍ട്ടി, ഡിഎംകെ തുടങ്ങിയവര്‍ പങ്കുവെക്കുന്നുണ്ട്.
സഖ്യകക്ഷികളുടെ പിന്തുണയോടെമാത്രം നിലനില്‍പ്പുള്ള രാഷ്‌ട്രീയപാര്‍ട്ടികള്‍ ഒരുപാടുള്ള രാഷ്‌ട്രീയ ഭൂമികയാണ് ഇന്ത്യ. തൂക്കുസഭകള്‍ ഉണ്ടാവുകയും സഖ്യകക്ഷികള്‍ പക്ഷംമാറുകയും അങ്ങനെ പുതിയ മന്ത്രിസഭകള്‍ രൂപംകൊള്ളുകയും ചെയ്യുന്നത് ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ പുതുമയല്ല. ഗവര്‍ണ്ണര്‍ ഭരണവും രാഷ്‌ട്രപതി ഭരണവുമൊക്കെ കണ്ടുംകേട്ടും വളര്‍ന്ന തലമുറകളാണ് ഇവിടെ ജീവിക്കുന്നത്. അതുകൊണ്ട് ഇത്തരം ബാലിശമായ ആരോപണങ്ങള്‍ നടത്തുന്നത് ഇന്ത്യന്‍ ജനതയുടെ രാഷ്‌ട്രീയ പ്രബുദ്ധതയെ ചോദ്യംചെയ്യുന്ന മറ്റൊരു ജനാധിപത്യവിരുദ്ധതയായി മാത്രമേ കണക്കാക്കാനാവൂ.
ആശങ്കകളില്‍ വ്യക്തമാക്കുന്നതുപോലെ, പല നിയമസഭകളുടെയും കാലാവധി വെട്ടിക്കുറയ്‌ക്കുകയോ, കൂട്ടിചേര്‍ക്കുകയോ വേണ്ടിവന്നേക്കാം. മറ്റൊന്ന് വിവിപാറ്റ്, ഇവിഎം തുടങ്ങിയ മെഷീനുകളുടെ എണ്ണവും അവ സൂക്ഷിച്ചുവെയ്‌ക്കാനുള്ള സുരക്ഷിതമായ സ്ഥലത്തിന്റെ ആവശ്യകതയുമാണ്. പതിനഞ്ചുവര്‍ഷം മാത്രമാണ് ഉത്പാദകര്‍ ഈ മെഷീനുകളുടെ ആയുസ്സ് അവകാശപ്പെടുന്നത്. നിലവില്‍, ഒരിടത്ത് ഉപയോഗിച്ച് മെഷീനുകള്‍ അടുത്ത സ്ഥലത്തേക്ക് കൊണ്ടുപോവുകയുമാണ് ചെയ്യുന്നത്. എന്നാല്‍ ഏകീകൃത തെരഞ്ഞെടുപ്പില്‍ ഇത് അത്രത്തോളം പ്രായോഗികമല്ല.
ഭരണഘടന തെരഞ്ഞെടുപ്പ് ഏകീകരണം നടപ്പില്‍വരുത്തണമെങ്കില്‍ ചുരുങ്ങിയത് അഞ്ചുവകുപ്പുകള്‍ ഭേദഗതി ചെയ്യേണ്ടതായി വരുമെന്ന് ഇലക്ഷന്‍ കമ്മീഷന്‍ ചൂണ്ടിക്കാണിക്കുന്നു. ലോക്‌സഭയുടെയും നിയമസഭയുടെയും പ്രവര്‍ത്തനകാലാവധി നിശ്ചയിക്കുന്നതും, പ്രസിഡന്റിന് അവ പിരിച്ചുവിടാന്‍ അധികാരം നല്‍കുന്നതും, പ്രസിഡന്റ് ഭരണം കൊണ്ടുവരുന്നതുമായ വകുപ്പുകളാണ് പ്രധാനമായും ഭേദഗതി ചെയ്യേണ്ടതായിവരിക. ഇതുകൂടാതെ, ഇലക്ഷന്‍ കമ്മീഷനുമായി ബന്ധപ്പെട്ട ചില ആക്റ്റുകളിലും മാറ്റങ്ങള്‍ വരുത്തേണ്ടിവരും.
നിലവില്‍വന്ന് 69 വര്‍ഷങ്ങള്‍ക്കുള്ളില്‍ 103 തവണ ഭേദഗതികള്‍ വരുത്തിയിട്ടുള്ള ”അഡ്വാന്‍സിങ് ആന്‍ഡ് സബ്‌സിസ്റ്റിങ് ഡോക്യുമെന്റ്’ ആണ് നമ്മുടെ ഭരണഘടന. അങ്ങനെ ചെയ്യാനുള്ള അധികാരം ഇരുസഭകള്‍ക്കും നല്‍കുന്ന വകുപ്പുകളും ഭരണഘടനയില്‍ എഴുതിവച്ചിട്ടുണ്ട് എന്നിരിക്കെ, ഏതെങ്കിലുമൊരു രാഷ്‌ട്രീയ കക്ഷിക്കോ, അവരുടെ ഉപജാപക സംഘത്തിനോ ഒരൊറ്റ സുപ്രഭാതത്തില്‍ ചെയ്യാന്‍ കഴിയുന്നതല്ല ഭരണഘടനാ ഭേദഗതിയെന്നതും എല്ലാവര്‍ക്കും അറിവുള്ളതാണ്.
കാലാനുസൃതവും, ജനജീവിതത്തിന്റെ മുന്നോട്ടുള്ള പ്രയാണങ്ങള്‍ക്ക് സഹായകവുമായ മാറ്റങ്ങള്‍ അനിവാര്യമാവുമ്പോള്‍ അതേക്കുറിച്ച് ചര്‍ച്ചകള്‍ ഉണ്ടാവുകയും സഭകളില്‍ വോട്ടെടുപ്പ് നടത്തുകയും മൂന്നില്‍രണ്ട് ഭൂരിപക്ഷം കിട്ടിയാല്‍ മാത്രം തീരുമാനം മുന്നോട്ടു കൊണ്ടുപോവുകയും ചെയ്യുന്ന, തീര്‍ത്തും ജനാധിപത്യപരമായ നിരവധി പ്രക്രിയകളിലൂടെയാണ് ഭരണഘടനാ ഭേദഗതികള്‍ വരുത്തുന്നത്.
ആയതിനാല്‍ മോദിപ്രഭാവമെന്ന പ്രതിഭാസത്തെ ഒരു ദേശീയഭീകരതയായി പ്രഖ്യാപിച്ചുകൊണ്ട് സ്വയം ഭയക്കുകയും മറ്റുള്ളവരില്‍ ഭയം പടര്‍ത്തുകയും ചെയ്യുന്ന രാഷ്‌ട്രീയപ്രചാരണങ്ങളെ, സ്വന്തം അറിവുകളും ലഭ്യമായ വിവരസാങ്കേതികവിദ്യകളും ഉപയോഗപ്പെടുത്തി അപഗ്രഥിച്ചു നോക്കിയതിനുശേഷം മാത്രം സ്വീകരിക്കുകയെന്ന നിലപാടിലേക്ക് ഇന്ത്യന്‍ ജനത എത്തിച്ചേര്‍ന്നേ മതിയാവൂ.
















