തിരുവനന്തപുരം: ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിച്ച് എബിവിപി പ്രവര്‍ത്തകര്‍ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിന് നേരെ പോലീസ് അതിക്രമം. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ലാത്തിവീശി. സമരഗേറ്റിന് മുന്നില്‍ എബിവിപി പ്രവര്‍ത്തകര്‍ എത്തുന്നതിന് മുന്‍പായി തന്നെ പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഏകപക്ഷീയമായ അക്രമണം അഴിച്ചുവിടുകയായിരുന്നു.
പോലീസ് മർദ്ദനത്തിൽ പ്രതിഷേധിച്ച് നാളെ സംസ്ഥാന വ്യാപകമായി എബിവിപിയുടെ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തു. പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് ജലപീരങ്കിയും കണ്ണീര്‍ വാതകവും പ്രയോഗിച്ചു. കണ്ണീര്‍ വാതക പ്രയോഗത്തിലും ലാത്തിചാര്‍ജ്ജിലും എബിവിപി സംസ്ഥാന സെക്രട്ടറി മനുപ്രസാദ് ഉള്‍പ്പടെയുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. ഇവരെ തിരുവനന്തപുരത്തെ വിവിധ ആശുപത്രികളിലേക്ക് മാറ്റിയിട്ടുണ്ട്.
തുടര്‍ന്ന് പോലീസ് വനിതകള്‍ ഉള്‍പ്പടെയുള്ള എബിവിപി പ്രവര്‍ത്തകരെ ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി. ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയതിനെതിരേ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് എബിവിപി തീരുമാനം. മണിക്കൂറുകളോളം യുദ്ധസമാനമായ അന്തരീക്ഷമാണ് സെക്രട്ടറിയേറ്റിന് മുന്നിലുണ്ടായത്.
















