തിരുവനന്തപുരം: സൈനിക ജീവിതചര്യ മത്സ്യവില്‍പ്പനയിലും തുണയാക്കി വിമുക്തഭടന് തലസ്ഥാനനഗരിയില്‍ പ്രിയങ്കരനാകുന്നു. ആലപ്പുഴ പല്ലന മാങ്കാട്ട് ഹൗസില്‍ വി. അജിത്താണ് രാജ്യസുരക്ഷയുടെ നേതൃത്വത്തിനിടയില്‍ സ്വായത്തമാക്കിയ അടുക്കും ചിട്ടയും വിശ്വാസ്യതയും മത്സ്യവിപണിയിലും തുടരുന്നത്. ആക്കുളം പാലത്തിന് സമീപം മത്സ്യവിപണനം നടത്തുന്ന കടയുടെ ഉടമയാണ് അജിത്. വീട്ട് പേരിലാണ് കട അറിയപ്പെടുന്നത്.
നാടെങ്ങും ഫോര്‍മാലിനും അമോണിയയും പുരട്ടി മത്സ്യവിപണനത്തില്‍ ജനങ്ങള്‍ വഞ്ചിക്കപ്പെടുമ്പോള്‍ അജിത്തിന്റെ മത്സ്യവില്‍പ്പനയില്‍ ഇത്തരം രാസവസ്തുക്കള്‍ അന്യമാണ്. ഫോര്‍മാലിനും അമോണിയയും കലര്‍ന്നിട്ടുണ്ടോയെന്ന് മത്സ്യം വാങ്ങാനെത്തുന്നവര്‍ക്ക് സ്വയംപരിശോധിക്കാനുളള സൗകര്യവും അജിത് ഒരുക്കിയിട്ടുണ്ട്. മത്സ്യങ്ങള്‍ നാലുദിവസംവരെ ഫ്രീസറില്‍ കേടുവരാതെ സൂക്ഷിക്കാന്‍ കഴിയും. കടയിലെത്തുന്ന മത്സ്യങ്ങള്‍ മൂന്ന് ദിവസം കഴിഞ്ഞാല്‍ വില്‍പ്പന നടത്താറില്ല. ഉണക്കുകയാണ് പതിവ്.
കടല്‍മത്സ്യങ്ങള്‍ തുടങ്ങി കായലിലെ ആവോലി, വരാല്, മൂഴി, ആറ്റുവാള, കാരി തുടങ്ങിയ മത്സ്യങ്ങള്‍ ജീവനോടെയും വില്‍പ്പനയ്ക്കുണ്ട്. കടലില്‍ നിന്നുളള അഞ്ച് ഇനം ചൂരകള്‍ മുതല്‍ മുപ്പതോളം ഇനങ്ങളിലുളള മത്സ്യങ്ങളും തന്റെ കടയിലുളളതായി അജിത് പറഞ്ഞു. വിഴിഞ്ഞം, നീണ്ടകര, പല്ലന, തോട്ടപ്പളളി, കുമരകം, മുഹമ്മ എന്നിവിടങ്ങളില്‍ നിന്നാണ് മത്സ്യമെടുക്കുന്നത്. മത്സ്യബന്ധനത്തില്‍ ആഴ്ചകള്‍ കഴിഞ്ഞ് കരയിലെത്തിക്കുന്ന മത്സ്യങ്ങള്‍ വില്‍പ്പനയ്ക്കായി എടുക്കാറില്ല.
പരമ്പരാഗതമായി ധീവര സമുദായത്തില്‍പ്പെട്ട പല്ലനയിലെ മത്സ്യത്തൊഴിലാളികളില്പ്പെട്ടവരാണ് അജിത്തിന്റെ കുടുംബം. അച്ഛന്റെ ശിക്ഷണത്തിലാണ് മത്സ്യങ്ങളുടെ ഗുണമേന്മ അടുത്തറിഞ്ഞത്. 1993 മുതല്‍ 2010 വരെ ആര്‍മിയില്‍ ജോലിയിലിരിക്കേ മത്സ്യമേഖലയില്‍ നിന്നും വ്യത്യസ്തമായി അടുക്കും ചിട്ടകളുടെ പാടവമായിരുന്നു. 2013 മുതല്‍ 18 വരെ നേവിയിലും സേവനമനുഷ്ഠിച്ചു. സോമാലിയന്‍ കൊളളക്കാരെ നേരിടാനായിരുന്നു നിയോഗിച്ചത്. നേവിയിലെ ജീവിതത്തില്‍ അനവധി രാജ്യങ്ങള്‍ സന്ദര്‍ശിച്ചു. അവിടെയൊക്കെ നിന്നുളള കണ്ടെത്തലാണ് സൈനികജീവിതത്തില്‍ നിന്നും വിരമിച്ചശേഷം മത്സ്യവിപണനത്തിലെത്തിച്ചതെന്ന് അജിത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: