പീരുമേട് : റിമാന്‍ഡ് പ്രതി രാജ്കുമാര്‍ മരിച്ച സംഭവത്തില്‍ ഇടുക്കി എസ്പി വേണുഗോപാലിന് വീഴ്ച പറ്റിയതായി ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തല്‍. കൂടാതെ സംഭവത്തില്‍ പീരുമേട് ജയില്‍ അധികൃതര്‍ക്കും വീഴ്ച പറ്റിയിട്ടുണ്ട്. രാജ്കുമാറിന് ന്യുമോണിയ ബാധിക്കാന്‍ കാരണം കൃത്യസമയത്ത് ചികിത്സ കിട്ടാത്തതിനാലാണെന്നും അന്വേഷണ സംഘം കണ്ടെത്തി.
അതേസമയം കേസില്‍ പോലീസിന്റെ ഭാഗത്തു നിന്നുണ്ടായ വീഴ്ച മനപ്പൂര്‍വമാണോയെന്ന് അന്വേഷിക്കുമെന്നും ക്രൈംബ്രാഞ്ച് വ്യക്തമാക്കി. രാജ്കുമാറിന്റെ കസ്റ്റഡിയുമായി ബന്ധപ്പെട്ട രേഖകളും ക്രൈംബ്രാഞ്ച് ജയിലില്‍ നിന്നും ശേഖരിച്ചിട്ടുണ്ട്.
എസ്പിയുടെ നിര്‍ദേശപ്രകാരമാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തതെന്ന വിവരമാണ് ക്രൈംബ്രാഞ്ചിന് ലഭിച്ചത്. എസ്പിയെ തത്സ്ഥാനത്ത് നിന്ന് മാറ്റുമെന്നാണ് സൂചന. എന്നാല്‍ രാജ്കുമാര്‍ മര്‍ദനമേറ്റ് അവശനിലയിലാണെന്ന വിവരം ലഭിച്ചിട്ടും കൃത്യസമയത്ത് വിദഗ്ദ ചികിത്സ ഉറപ്പാക്കാന്‍ ജയില്‍ മേധാവി ഋഷിരാജ് സിങ് ഇടപെട്ടില്ലെന്ന ആരോപണവും ഉയര്‍ന്നിട്ടുണ്ട്. നിലവില്‍ സംഭവത്തെപ്പറ്റി പ്രതികരിക്കുന്നത് ചട്ടലംഘനമാണെന്നും യാഥാര്‍ത്ഥ്യം അന്വേഷണത്തിലൂടെ പുറത്ത് വരട്ടെയെന്നുമാണ് ഋഷിരാജ് സിങ് വിവാദത്തിന് മറുപടി നല്‍കിയത്.
അതിനിടെ സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടുകൊണ്ട് രാജ്കുമാറിന്റെ കുടുംബം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയനെ കാണും. മരണത്തില്‍ പങ്കുള്ളതായി ആരോപണം ഉയര്‍ന്നിട്ടുള്ള മുഴുവന്‍ പോലീസുകാര്‍ക്കെതിരെയും ക്രിമിനല്‍ കുറ്റം ചുമത്തണമെന്ന് കുടുംബം മുഖ്യമന്ത്രിയോട് ആവശ്യപ്പെടും.
















