ന്യൂദല്‍ഹി : ഏഴ് ആഴ്ച നീണ്ടു നിന്ന വേനലവധിക്ക് ശേഷം സുപ്രീം കോടതി ഇന്ന് തുറക്കും. വിധി പറയാനായി കാത്ത് നില്‍ക്കുന്ന കേസുകളില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതി അലക്ഷ്യം, ശബരിമല പുനഃപരിശോധന, ബാബറി മസ്ജിദ് തുടങ്ങിയ പ്രമുഖ ഹര്‍ജികള്‍.
ശബരിമല യുവതീപ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികളില്‍ വേനലവധിക്കുശേഷം വിധിപ്രസ്താവന നടത്തുമെന്നാണ് സുപ്രീംകോടതി അറിയിച്ചിരുന്നത്. കേസില്‍ അഞ്ചംഗ ഭരണഘടനാ ബെഞ്ച് ഫെബ്രുവരി ആറിന് വാദം പൂര്‍ത്തിയാക്കിയിരുന്നു.
കാവല്‍ക്കാരന്‍ കള്ളനാണെന്ന (ചൗക്കീദാര്‍ ചോര്‍ ഹേ) എന്ന പരാമര്‍ശത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരായ കോടതിയലക്ഷ്യ ഹര്‍ജി തുടങ്ങിയവയിലും ഉടന്‍ വിധിയുണ്ടാകും. ബാബറി മസ്ജിദ് ഭൂമി തര്‍ക്കവും ഇത്തവണ പരിഗണിക്കും. സുപ്രിം കോടതിയുടെ മേല്‍നോട്ടത്തില്‍ മധ്യസ്ഥ ചര്‍ച്ച നടന്നതിന് ശേഷമാണ് ബാബറി മസ്ജിദ് കേസ് ഭരണഘടന ബഞ്ചിന്റെ മുന്നില്‍ എത്തുന്നത്.
ഇതു കൂടാതെ മരടിലെ ഫഌറ്റ് സമുച്ചയങ്ങള്‍ പൊളിച്ചു നീക്കല്‍, ലാവ്‌ലിന്‍ കേസ്, നടി ആക്രമണത്തിനിരയായ കേസിലെ നിര്‍ണായക തെളിവായ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പാവശ്യപ്പെട്ട് നടന്‍ ദിലീപ് സമര്‍പ്പിച്ച ഹര്‍ജിയും, പത്മനാഭസ്വാമി ക്ഷേത്രഭരണവുമായി ബന്ധപ്പെട്ട കേസില്‍ ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റെ വിധി പ്രസ്താവനയും വരും ദിവസങ്ങളില്‍ ഉണ്ടാകും.
ക്ഷേത്ര ഭരണത്തിന് എട്ടംഗ സമിതി രൂപീകരിക്കാന്‍ തയ്യാറാണെന്ന് കേസില്‍ വാദം കേള്‍ക്കവെ സംസ്ഥാന സര്‍ക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഇതിലെല്ലാം ഉപരി റഫാല്‍ ഇടപാടില്‍ അന്വേഷണം വേണ്ടെന്ന നിലപാട് പുനഃപരിശോധിക്കണമെന്ന ഹര്‍ജിയും ഇത്തവണ പരിഗണിക്കും.
















