മുംബൈ : പീഡനക്കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഇന്ന് വിധി പറയും. മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോടതി ജഡ്ജ് എം. എച്ച്. ഷെയ്‌ക്കാണ്് മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. അതേസമയം പ്രത്യേക അഭിഭാഷകന്‍ വഴി പരാതിക്കാരി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കുമെന്നാണ് സൂചന.
ജാമ്യം ലഭിച്ചില്ലെങ്കില്‍ അറസ്റ്റ് ഉടനുണ്ടാകുമെന്നാണ് സൂചന. യുവതി പീഡന പരാതി നല്‍കി ഒരാഴ്ച കഴിഞ്ഞ് ജൂണ്‍ 20നാണ് ബിനോയ് മുംബൈ ഡിന്‍ഡോഷി സെഷന്‍സ് കോര്‍ട്ടില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. വിവാഹം ചെയ്ത് ഉപേക്ഷിച്ചതിന് 5 കോടി രൂപ നഷ്ടപരിഹാരം വേണമെന്നാവശ്യപ്പെട്ട് യുവതി ബിനോയിക്ക് വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. കൂടാതെ വിവാഹവാഗ്ദാനം നല്‍കി ലൈംഗിക ചൂഷണം നടത്തിയെന്നും കാണിച്ച് പോലീസില്‍ നല്‍കിയ പരാതിയുടേയും അടിസ്ഥാനത്തില്‍ പണം തട്ടാനുള്ള ശ്രമമാണ് യുവതി നടത്തുന്നതെന്നാണ് ബിനോയ്‌യുടെ വക്കീല്‍ ആരോപിക്കുന്നത്.
എന്നാല്‍ യുവതിക്കും കുഞ്ഞിനും ദുബായ് സന്ദര്‍ശിക്കാന്‍ ബിനോയ് സ്വന്തം ഈമെയിലില്‍ നിന്ന് അയച്ച വിസയും വിമാനടിക്കറ്റും യുവതിയുടെ അഭിഭാഷകന്‍ വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയിരുന്നു. പ്രോസിക്യൂഷന് പുറമെ കോടതി അനുവദിച്ച പ്രത്യേക അഭിഭാഷകന്‍ ഇന്ന് യുവതിക്കായി വാദങ്ങള്‍ എഴുതി നല്‍കും. ഇതോടൊപ്പം കൂടുതല്‍ തെളിവുകളും ഹാജരാക്കാനും സാധ്യതയുണ്ട്.
അതിനിടെ ബിനോയ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹര്‍ജിയില്‍ അപൂര്‍ണ്ണമായ വിവരങ്ങളാണ് നല്‍കിയത്. ബിനോയ്‌ക്കെതിരെ ദുബായിയില്‍ ക്രിമിനല്‍ കേസുള്ളത് മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മറച്ചുവച്ചു. അച്ഛന്‍ കോടിയേരി ബാലകൃഷ്ണന്‍ മുന്‍ കേരള ആഭ്യന്തര മന്ത്രിയാണെന്നെതും സൂചിപ്പിട്ടില്ല. കുഞ്ഞിനെ തട്ടിക്കൊണ്ടുപോകാന്‍ ബിനോയ് ഒരിക്കല്‍ നടത്തിയ ശ്രമവും യുവതിയുടെ അഭിഭാഷകന്‍ കോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ട്.
















