തിരുവനന്തപുരം: കസാഖ്സ്ഥാനില്‍ കുടുങ്ങിയ തൊഴിലാളികളെ രക്ഷപ്പെടുത്താന്‍ ശ്രമം തുടരുകയാണെന്നും സംഭവം അറിഞ്ഞതിന് പിന്നാലെ കസാഖ്സ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറുമായി ബന്ധപ്പെട്ടിരുന്നുവെന്നും കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍.
കഴിഞ്ഞ ദിവസം അവിടുത്തെ പ്രദേശവാസികളും എണ്ണപ്പാടത്തെ തൊഴിലാളികളായ ഇന്ത്യക്കാരും തമ്മില്‍ സംഘര്‍ഷമുണ്ടായതായി സ്ഥിരീകരിച്ച മുരളീധരന്‍ സംഘര്‍ഷത്തില്‍ രണ്ട് ഇന്ത്യക്കാര്‍ക്ക് പരിക്കേറ്റതായും അറിയിച്ചു.
ഗുരുതരമായ അവസ്ഥ അവിടെയില്ലെന്നാണ് കസാഖ്സ്ഥാനിലെ ഇന്ത്യന്‍ അംബാസിഡറില്‍ നിന്ന് മനസിലാക്കാന്‍ കഴിഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ കിട്ടേണ്ടതുണ്ടെന്ന് പറഞ്ഞ വിദേശകാര്യ സഹമന്ത്രി ഇന്ത്യക്കാര്‍ സുരക്ഷിതരാണെന്നും ഇവരെ പുറത്തെത്തിക്കാനുള്ള ഇടപെടല്‍ തുടരുകയാണെന്നും വ്യക്തമാക്കി.
കസാഖ്സ്ഥാനിലെ എണ്ണപ്പാടത്ത് 150 ലേറെ ഇന്ത്യക്കാര്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോര്‍ട്ട്. ഇന്ന് രാവിലെ തദ്ദേശീയരുമായുണ്ടായ സംഘര്‍ഷത്തിന് പിന്നാലെയാണ് തൊഴിലാളികള്‍ ഇവിടെ കുടുങ്ങിയത്. ലബനീസ് തൊഴിലാളി പോസ്റ്റ് ചെയ്ത ഒരു ചിത്രത്തെ ചൊല്ലിയാണ് സംഘര്‍ഷം തുടങ്ങിയതെന്നാണ് വിവരം.


















