പന്‍മുന്‍ജോം: ദക്ഷിണ – ഉത്തര കൊറിയകളെ വേര്‍തിരിക്കുന്ന സൈനിക വിമുക്ത മേഖലയില്‍ ചരിത്രം കുറിച്ച് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും ഉത്തരകൊറിയന്‍ അധികാരി കിം ജോങ് ഉന്നും തമ്മില്‍ കൂടിക്കാഴ്ച നടത്തുകയാണ്. അധികാരത്തിലിരിക്കെ ഉത്തര കൊറിയ സന്ദര്‍ശിക്കുന്ന ആദ്യ അമേരിക്കന്‍ പ്രസിഡന്റ് കൂടിയായി ഡൊണാള്‍ഡ് ട്രംപ്.
ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേര്‍തിരിക്കുന്ന കോണ്‍ക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയന്‍ മണ്ണിലേക്ക് കാല്‍കുത്തിയത്. കൊറിയന്‍ യുദ്ധത്തിന് ശേഷം 1953 മുതല്‍ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല.
ഇരു ഭരണാധികാരികളും തമ്മില്‍ ഈ വര്‍ഷം മാത്രം ഇത് മൂന്നാം തവണയാണ് കൂടിക്കാഴ്ച നടത്തുന്നത്. ദക്ഷിണകൊറിയന്‍ പ്രസിഡന്റ് മൂണ്‍ ജെ ഇന്നുമായി നടത്തിയ കൂടിക്കാഴ്ചകള്‍ക്ക് ശേഷമാണ് ട്രംപ് ഉത്തരകൊറിയന്‍ അതിര്‍ത്തിയായ പാന്‍മംജോമിലെ സൈനിക വിമുക്ത മേഖലയിലെത്തി കിം ജോങ് ഉന്നിനെ കാണുന്നത്.
കഴിഞ്ഞ വര്‍ഷം സിംഗപ്പൂരിലായിരുന്നു ട്രംപും കിമ്മും തമ്മില്‍ ആദ്യ കൂടിക്കാഴ്ച നടത്തിയത്. അന്ന് ആണവ നിരായുധീകരണം പോലുള്ള കാര്യങ്ങളില്‍ തീരുമാനമായില്ലെങ്കിലും കൊറിയന്‍ മേഖലയില്‍ നിന്ന് ആണവായുധങ്ങള്‍ തുടച്ചു നീക്കുമെന്ന് ഇരുനേതാക്കളും പറഞ്ഞിരുന്നു. എന്നാല്‍ ഇതിനു വേണ്ട നടപടികളെന്തെല്ലാം എന്നോ, എങ്ങനെയാണ് ഈ തീരുമാനം നടപ്പാക്കുകയെന്നോ ഇരു രാജ്യത്തലവന്‍മാരും വ്യക്തമാക്കിയതുമില്ല.
രണ്ടാം കൂടിക്കാഴ്ച കഴിഞ്ഞ ഫെബ്രുവരിയിലായിരുന്നു. അമേരിക്ക ഉത്തര കൊറിയയുടെ മേല്‍ ഏര്‍പ്പെടുത്തിയ ചില ഉപരോധങ്ങള്‍ നീക്കാമെന്ന് സമ്മതിച്ചതിന് പകരമായി ആണവായുധ പദ്ധതികള്‍ നിര്‍ത്തി വയ്‌ക്കാമെന്ന് കിം സമ്മതിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാല്‍ അതില്‍ ഒരു തീരുമാനവുമുണ്ടാകാതെ രണ്ടാം കൂടിക്കാഴ്ചയും അവസാനിച്ചു.
ഇന്ന് നടന്നിരിക്കുന്ന മൂന്നാം കൂടിക്കാഴ്ചയില്‍ സുപ്രധാന തീരുമാനങ്ങളൊന്നുമുണ്ടാകും എന്ന് പ്രതീക്ഷിക്കപ്പെടുന്നില്ല. ഇരു നേതാക്കളും തമ്മില്‍ ഹസ്തദാനം ചെയ്ത് മടങ്ങുന്ന ഒരു ‘ഫോട്ടോ ഓപ്പര്‍ചുനിറ്റി’ മാത്രമായി ഇത് മാറാനാണ് സാധ്യത.
















